നിർണായക നേട്ടം കൈവരിച്ച് രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖല. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസ് തദ്ദേശീയമായി രൂപകൽപ്പനചെയ്ത് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. രാജ്യത്ത്‌ സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (SDSC-SHAR) ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം.

To advertise here,

വിക്ഷേപണത്തിന് മുന്നോടിയായി, വ്യോമ - നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ വ്യോമാതിർത്തിയും നാവിഗേഷനും സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിക്ഷേപണ വേളയിൽ റോക്കറ്റിന്റെ സഞ്ചാരപഥത്തിലടക്കം നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 'ആഗമൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്.

വിക്രം സാരാഭായിയുടെ പേരിലുള്ള റോക്കറ്റ്

ചെറിയ ഉപഗ്രഹങ്ങൾക്ക് ചെലവ് കുറഞ്ഞ ലോഞ്ച് സേവനങ്ങൾ നൽകാനുള്ള സ്‌കൈറൂട്ടിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഓർബിറ്റൽ റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. വളർന്നുവരുന്ന ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ ഭാഗമാകാൻ ഇതോടെ സ്‌കൈറൂട്ടിനും കഴിയും. ഇന്ത്യൻ ബഹിരാകാശ ഇതിഹാസമായ വിക്രം സാരാഭായിയുടെ പേരിട്ടിരിക്കുന്ന ഈ വാഹനം താഴ്ന്ന ഭ്രമണപഥത്തിൽ പേലോഡുകൾ കാര്യക്ഷമതയോടെ എത്തിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്തതാണ്. ഇന്ത്യ സ്വകാര്യ പങ്കാളികൾക്ക് ബഹിരാകാശ മേഖല തുറന്നുകൊടുത്ത നീക്കമാണ് ഇത്തരം മുന്നേറ്റങ്ങൾ പിന്നിൽ.

എന്താണ് വിക്രം-1?

കാർബൺ കോമ്പോസിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു മൾട്ടി-സ്റ്റേജ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിളാണ് ഏകദേശം ഏഴ് നില കെട്ടിടത്തിന്റെ ഉയരമുള്ള വിക്രം-1. 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിനുകളും ഹൈ-ത്രസ്റ്റ് സോളിഡ് റോക്കറ്റ് മോട്ടോറുകളും ഉൾപ്പെടെ പൂർണ്ണമായും ആഭ്യന്തരമായി വികസിപ്പിച്ച പ്രൊപ്പൽഷൻ സംവിധാനങ്ങളാണ് ഇതിന് ഊർജ്ജം പകരുന്നത്. 350 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ ഈ റോക്കറ്റിന് കഴിയും. ഗ്രാഹ സ്‌പേസ്, കോസ്‌മോസർവ്, ഡിക്യൂബ്ഡ് എന്നിവയുടെ വിവിധ സാങ്കേതികവിദ്യാ പ്രദർശന പേലോഡുകളും സ്‌കൈറൂട്ടിന്റെ സ്വന്തം SCOPE പേലോഡും ഈ റോക്കറ്റ് വഹിക്കും.

വൻ മുന്നേറ്റത്തിന് ഇന്ത്യ

2022 നവംബറിൽ നടന്ന സ്‌കൈറൂട്ടിന്റെ വിജയകരമായ വിക്രം-എസ് സബ്ഓർബിറ്റൽ ദൗത്യത്തെ തുടർന്നാണ് മിഷൻ ആഗമൻ ദൗത്യത്തിന് കമ്പനി ഒരുങ്ങുന്നത്. മിഷൻ ആഗമൻ ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ വ്യവസായ രംഗത്തിന് വലിയ മുതൽക്കൂട്ടാകും. സ്വകാര്യ കമ്പനികൾക്ക് ഇന്ത്യൻ മണ്ണിൽ നിന്ന് ഓർബിറ്റൽ-ക്ലാസ് റോക്കറ്റുകൾ നിർമ്മിക്കാനും വിക്ഷേപിക്കാനുമുള്ള കഴിവ് ഇതോടെ തെളിയിക്കപ്പെടും.

അതിവേഗം വളരുന്ന ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ഇതോടെ ശക്തിപ്പെടും. ഐഎസ്ആർഒയോടൊപ്പം സ്വകാര്യ സംരംഭങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കുന്ന പുതിയ യുഗത്തിന് ഇതോടെ തുടക്കം കുറിക്കുമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

പ്രാധാന്യമെന്ത്?

ബഹിരാകാശ ഗവേഷണ മേഖല ഇന്ത്യ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുത്തത് 2020-ൽ മാത്രമാണ്. ആറ് വർഷത്തിനുള്ളിൽ വിവിധ സ്റ്റാർട്ടപ്പുകൾ റോക്കറ്റ് എഞ്ചിനുകൾ, ഉപഗ്രഹങ്ങൾ, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ എന്നിവ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നിരുന്നാലും സ്വതന്ത്രമായി ഒരു റോക്കറ്റ് ഭ്രമണപഥത്തിൽ എത്താനുള്ള നീക്കം ആദ്യമായാണ് നടക്കുന്നത്.

ഐ.എസ്.ആർ.ഒയ്ക്കും നേട്ടം

പതിറ്റാണ്ടുകളായി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഓ പരിമിതമായ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയ ദൗത്യങ്ങൾ, നാവിഗേഷൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, ഭൗമ നിരീക്ഷണം, ദേശീയ സുരക്ഷ, വാണിജ്യ ഉപഗ്രഹ വിന്യാസം എന്നിവയ്ക്കുവേണ്ടിയുള്ള വിക്ഷേപണങ്ങൾ എന്നിവ നടത്തിവരികയാണ്.

ഇസ്രോ സർക്കാർ പേലോഡുകൾക്ക് മുൻഗണന നൽകുന്നതിനാൽ ചെറിയ ഉപഗ്രഹ നിർമാതാക്കൾക്ക് വിക്ഷേപണ അവസരങ്ങൾക്കായി മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കേണ്ടി വരുന്നു. വിക്രം-I പോലുള്ള സംവിധാനങ്ങൾ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നവർക്ക് മുന്നിൽ വിശാലമായ അവസരങ്ങൾ തുറന്നു നൽകുന്നു. ഇതോടെ ഇസ്രോയ്ക്ക് ഗഗൻയാൻ പോലുള്ള വലിയ പ്രോഗ്രാമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. അതേസമയം സ്വകാര്യ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ ദൗത്യങ്ങൾ വിജയിപ്പിക്കുകയും ചെയ്യും.