എ.ഐ. വികസനം മന്ദഗതിയിലാക്കണമെന്ന ആന്ത്രോപിക്കിന്റെ ആഹ്വാനത്തെ അനുകൂലിച്ച് ദിവസങ്ങൾക്കകം, സാം ഓൾട്ട്മാനും ഇലോൺ മസ്കും തങ്ങളുടെ പുതിയ എ.ഐ. മോഡലുകളുടെ പ്രഖ്യാപനവുമായി രംഗത്തെത്തി. സാങ്കേതിക മേഖലയിലെ അതിവേഗ വളർച്ചയ്ക്ക് കടിഞ്ഞാണിടണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 12-ന് അമോഡോയ് എഴുതിയ ലേഖനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയോട് ഓൾട്ട്മാനും മസ്കും അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. എങ്കിലും, അതിവേഗം പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ഇവർ.
ഓപ്പൺ എ.ഐയുടെ 'ഡെവ് ഡേ' ഈ ആഴ്ച
സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ഡെവ് ഡേ-2026'-ൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയാണ് ഓപ്പൺ എ.ഐ മേധാവി സാം ഓൾട്ട്മാൻ നൽകിയിരിക്കുന്നത്. ഈ ആഴ്ച തന്നെ കമ്പനിയുടെ ചില സുപ്രധാന ഉത്പന്നങ്ങൾ പുറത്തിറങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കരുത്ത് കാട്ടി മസ്കിന്റെ 'ഗ്രോക്ക്'
അതേസമയം സ്പേസ്എക്സ് എഐയുടെ പുതിയ 'ഗ്രോക് 4.8' 2.5 ലക്ഷം കോടി പാരാമീറ്ററുകളോടെ പ്രീ-ട്രെയിനിംഗ് പൂർത്തിയാക്കി ഈ ആഴ്ച റീഇൻഫോഴ്സ്മെന്റ് ലേണിങ്ങിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി മസ്ക് വെളിപ്പെടുത്തി. ഗ്രോക്ക് 4.8 പ്രകടനത്തിൽ വലിയ മികവുണ്ടാക്കുമെന്നാണ് മസ്ക് പറയുന്നത്. ഇതിനുശേഷം വരാനിരിക്കുന്ന ഗ്രോക്ക് 4.9 പതിപ്പ് ആസ്ട്ര, ഫേബിൾ എഐ മോഡലുകളോട് മത്സരിക്കാൻ കഴിവുള്ളതായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്രോക്ക് 4.6 ആന്ത്രോപിക്കിന്റെ ഫേബിൾ 5 മോഡലുകളോട് കിടപിടിക്കുന്ന പ്രകടനം കാഴ്ചവെച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇനലിസ്റ്റ് ഇന്റലിജൻസ് ഇൻഡക്സിൽ 61 ആണ് ഇതിന് ലഭിച്ചത്. ഇതോടെ ജിപിടി 5.6 നെ മറികടന്നുവെന്നും ഒരു പോയിന്റ് വെത്യാസത്തിൽ ഫേബിൾ 5 ന് തൊട്ടുപിന്നിലാണെന്നും കമ്പനി പറയുന്നു. ഗ്രോക്ക് 4.7 ക്ലോഡ് ഓപസ് 5.0 മോഡലിന് തുല്യമായിരിക്കുമെന്നും മസ്ക് പറയുന്നു. ഈ പതിപ്പ് സെപ്റ്റംബറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"ഗ്രോക്ക് ചില കാര്യങ്ങളിൽ മികച്ചതും മറ്റു ചിലതിൽ മോശവുമായിരിക്കും. മൾട്ടിമോഡൽ പ്രകടനം ശരിയാക്കേണ്ടതുണ്ട്. ഗ്രോക്ക് 4.8 കാര്യമായ പുരോഗതി കൈവരിക്കും. ഗ്രോക്ക് 4.9 ഒരുപക്ഷേ ആസ്ട്രാ/ഫേബിൾ ക്ലാസിൽ പെട്ടതായിരിക്കും. ഗ്രോക്ക് 5 അതിനേക്കാളും മികച്ചതായിരിക്കാം. നമുക്ക് കാത്തിരുന്ന് കാണാം," മസ്ക് പറഞ്ഞു.
നിർമിതബുദ്ധി വികസന പ്രവർത്തനങ്ങളുടെ വേഗം കുറയ്ക്കാൻ എഐ കമ്പനികൾ സഹകരിച്ച് പ്രവർത്തിക്കണമെന്നും സുരക്ഷയും വികസന വേഗവും പരിശോധിക്കുന്നതിന് ബാഹ്യ ഏജൻസികളെ അനുവദിക്കണമെന്നുമാണ് ആന്ത്രോപിക് മേധാവി ഡാരിയോ അമോഡോയ് മുന്നോട്ടുവെച്ച നിർദേശങ്ങൾ. ഇത് മികച്ച ആശയങ്ങളാണെന്ന് പറഞ്ഞ് പിന്തുണ നൽകിയവരാണ് സാം ഓൾട്ട്മാനും ഇലോൺ മസ്കും.
അതേസമയം രാജ്യത്തെ എഐ വികസന വേഗം കുറയ്ക്കാൻ ഒത്തുകളിച്ചെന്നാരോപിച്ച് ഈ കമ്പനികൾക്കെതിരെ നാല് ഉപയോക്താക്കൾ കേസ് കൊടുത്തിട്ടുണ്ട്. എ.ഐ. കമ്പനികൾ തമ്മിലുള്ള മത്സരം കുറയുന്നത് പണം നൽകി എ.ഐ. സേവനങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ മൂല്യം കുറയ്ക്കുമെന്നാണ് ആരോപണം.
എഐ കമ്പനി മേധാവികൾ ഇത്തരമൊരു ആഹ്വാനവുമായി രംഗത്തുവന്നെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെതിരാണ്. എഐ വികസന വേഗം കുറയ്ക്കേണ്ടതില്ലെന്നും മേധാവികൾ അനാവശ്യ ഭീതി പടർത്തുകയാണെന്നും ട്രംപ് പറഞ്ഞു.
Published: 20 Sept 2026, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented