വിക്രം-1 റോക്കറ്റ് വിക്ഷേപണത്തോടെ ബഹിരാകാശ ഗവേഷണ മേഖലയിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ വ്യവസായ രംഗത്തെ പുനർനിർവചിക്കാൻ സാധ്യതയുള്ളതാണ് വിക്ഷേപണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

To advertise here,

ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്‌റോസ്പേസ് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് വിക്രം-1 വിക്ഷേപിച്ചത്. ആഗമൻ എന്ന് പേരിട്ടിരിക്കുന്ന ഈ ഡെമോൺസ്‌ട്രേഷൻ ഫ്ലൈറ്റ് ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണമാണ്.

വൈകാതെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്താൻ കഴിവുള്ള സ്വകാര്യ കമ്പനികളുടെ ആഗോള ക്ലബ്ബിൽ സ്‌കൈറൂട്ടും ഇടംനേടും. ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെക് ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ സ്പേസ്എക്സ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ എന്നിവയടക്കം ലോകത്തെതന്നെ വളരെ കുറച്ച് സ്ഥാപനങ്ങൾക്ക് മാത്രം സാധ്യമായിട്ടുള്ള നേട്ടമാണ്ഇന്ത്യൻ കമ്പനിയായ സ്‌കൈറൂട്ടും കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായി ഈ ദൗത്യം മാറും.

വാണിജ്യ ഉപഗ്രഹ ദൗത്യങ്ങളിൽനിന്ന് വ്യത്യസ്തം

വാണിജ്യ ഉപഗ്രഹ ദൗത്യത്തിൽ നിന്ന് വ്യത്യസ്തമായി ഒരു എഞ്ചിനീയറിംഗ് ഡെമോൺസ്‌ട്രേഷൻ ആണ് മിഷൻ ആഗമൻ. റോക്കറ്റ് ഒന്നിലധികം ആഭ്യന്തര,- അന്താരാഷ്ട്ര പേലോഡുകൾ വഹിക്കുമെങ്കിലും അവയെല്ലാം ടെസ്റ്റ് പേലോഡുകളാണ്. റോക്കറ്റ് യഥാർത്ഥ ഫ്ളൈറ്റ് സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുകയാണ് പ്രധാന ലക്ഷ്യം. സ്പേസ്എക്സിന്റെ ഫാൽക്കൺ 1 അടക്കമുള്ള എല്ലാ പുതിയ വിക്ഷേപണ വാഹനങ്ങളെയും പോലെ വിക്രം-1-ഉം ഒരു വാണിജ്യ ലോഞ്ചറാകുന്നതിന് മുമ്പ് ഒന്നിലധികം വിക്ഷേപണങ്ങളിലൂടെ കാര്യക്ഷമത ഉറപ്പാക്കേണ്ടതുണ്ട്.

വിക്ഷേപണം ഐഎസ്ആർഓയുടെ പിന്തുണയോടെ

വിക്രം-1 സ്വകാര്യ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചതാണെങ്കിലും ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ ആദ്യ ലോഞ്ച് പാഡിൽനിന്നാണ് വിക്ഷേപിച്ചത്. ചെറിയ റോക്കറ്റിന് അനുയോജ്യമായ രീതിയിൽ പിഎസ്എൽവി ലോഞ്ച് ഇൻഫ്രാസ്ട്രക്ചർ സ്വീകരിക്കാൻ നിരവധി വർഷങ്ങൾ വേണ്ടിവന്നു. ഐഎസ്ആർഒയുടെ അടിസ്ഥാന സൗകര്യം ഉപയോഗിച്ചായിരുന്നു മിഷൻ കൺട്രോൾ. സ്‌കൈറൂട്ടിന്റെ കമ്പ്യൂട്ടറുകളും ഫ്ളൈറ്റ് സിസ്റ്റങ്ങളും അതിലേക്ക് പ്ലഗ് ചെയ്താണ് ദൗത്യം നിയന്ത്രിച്ചത്. ഐഎസ്ആർഒയുമായി ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്‌കൈറൂട്ടിന്റെ ടീമുകൾ പ്രവർത്തിച്ച് വരികയായിരുന്നു.

ഈ വർഷം അവസാനത്തോടെ മറ്റൊരു വിക്ഷേപണത്തിനും പദ്ധതി

സ്‌കൈറൂട്ട് എയ്റോസ്പേസ് ഇതിനകംതന്നെ അവരുടെ രണ്ടാമത്തെ റോക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ മറ്റൊരു വിക്ഷേപണം നടത്താനും കമ്പനി ലക്ഷ്യമിടുന്നു. ഈ നേട്ടത്തിന് പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനമുണ്ടെന്ന് കമ്പനി പറയുന്നു. ബഹിരാകാശ മേഖലയിൽ മുന്നേറുന്നതിനായി ഓരോ ദിവസവും വിശ്രമമില്ലാതെ മുന്നേറുകയാണ് കമ്പനിയുടെ ടീമുകൾ. ഓർബിറ്റൽ-ക്ലാസ് റോക്കറ്റുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും വിക്ഷേപിക്കാനും കഴിവുള്ള ഇന്ത്യൻ എയ്റോസ്പേസ് കമ്പനികളുടെ ഉദയം ഈ ദൗത്യം അടയാളപ്പെടുത്തും. വാണിജ്യ റോക്കറ്റ് വിക്ഷേപണ രംഗത്ത് മുന്നേറാനുള്ള രാജ്യത്തിന്റെ യാത്രയിൽ ഒരു പുതിയ അധ്യായം എഴുതപ്പെടുകയും ചെയ്യും.