സെമികണ്ടക്ടർ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം ആഗോള രംഗത്തെ ഈ മേഖലയിലെ സ്ഥാപിത താത്പര്യക്കാർക്ക് ഭീഷണിയായേക്കാമെന്നും, രാജ്യത്തിന്റെ വളർച്ചയെ എതിർക്കുന്നവരിൽ നിന്നും അത് തടസപ്പെടുത്താനുള്ള നീക്കങ്ങളേയും സൈബറാക്രമണങ്ങളേയും കരുതിയിരിക്കണമെന്നും കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഇപ്പോൾ ചിപ്പുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ശേഷിയുള്ള രാജ്യമായി ഇന്ത്യ ഉയർന്നുവരുന്നതിനാൽ നിരന്തരം ജാഗ്രത പാലിക്കാൻ ഈ വ്യവസായ മേഖലയ്ക്ക് വ്യക്തമായ ഭാഷയിൽ താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വൈഷ്ണവ് പറഞ്ഞു.

പല രാജ്യങ്ങളും ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുകയും അവരുടെ ഉൽപ്പന്നങ്ങൾ ഇവിടെ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യയ്ക്ക് തന്റെ സ്ഥാനം നിസ്സാരമായി കാണാൻ കഴിയില്ല. മറ്റുള്ളവരിൽ നിന്നുള്ള അപകടസാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് നാം ബോധവാന്മാരായിരിക്കണം. ഈ സാഹചര്യത്തിൽ ഉയർന്നുവരാനിടയുള്ള ഭൗമരാഷ്ട്രീയ അപകടസാധ്യതകളെക്കുറിച്ച് നാം നിരന്തരം ജാഗ്രത പാലിക്കണം. തീർച്ചയായും ചില സ്ഥാപിത താത്പര്യക്കാർ ഇതൊരു ഭീഷണിയായി കാണും," അദ്ദേഹം പറഞ്ഞു.

ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയിൽ വലിയ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. സെമികോൺ 2.0 ദൗത്യത്തിന്റെ ഭാഗമായി 1,27,500 കോടി രൂപ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. ഇന്ത്യയിൽ സെമികണ്ടക്ടർ വ്യവസായം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സെമികോണിന്റെ ആദ്യ ഘട്ടത്തിൽ മൈക്രോൺ, കെയിൻസ്, സി.ജി. സെമി എന്നിവയുൾപ്പെടെ 1.64 ലക്ഷം കോടി രൂപയിലധികം നിക്ഷേപമുള്ള 12 സെമികണ്ടക്ടർ നിർമ്മാണ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു. സെപ്റ്റംബർ 19 നാണ് ഈ വർഷത്തെ സെമികോൺ ഇന്ത്യ ആഗോള കോൺഫറൻസ് സമാപിച്ചത്.

ഇതിനകം നിരവധി നിക്ഷേപകർ ഇന്ത്യയിൽ താത്പര്യം അറിയിച്ചിട്ടുണ്ട്. 2035 വരെയുള്ള അപ്ലൈഡ് മെറ്റീരിയൽസിന്റെ 5 ബില്യൺ ഡോളറിന്റെ ഇന്ത്യ പദ്ധതി, ലാം റിസർച്ചിന്റെ നിർദ്ദിഷ്ട 10,000 കോടി രൂപയുടെ നിക്ഷേപം, ധൊലേരായിലെ ടാറ്റ ഇലക്ട്രോണിക്സിന്റെ 363 ഏക്കർ വെണ്ടർ പാർക്ക്, ഫുജിഫിലിമിന്റെ 800 കോടി രൂപയുടെ സെമികണ്ടക്ടർ മെറ്റീരിയൽസ് പ്ലാന്റ് എന്നിവയുൾപ്പെടെയുള്ള വൻകിട പ്രഖ്യാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.