ഐ.എസ്.ആര്.ഒയെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു വിക്ഷേപണമല്ല. തിരിച്ചടികള് നേരിട്ടശേഷം ശക്തമായ തിരിച്ചുവരവ് നടത്താനുള്ള അസുലഭ അവസരമാണ്.

ഏഴ് മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടമൊരു നിർണായക ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഓ. സെപ്റ്റംബർ 4-ന് പുലർച്ചെ 2.55-ന് ഇമേജിങ് ഉപഗ്രഹമായ EOS-5-മായി ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV-F17) ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് കുതിച്ചുയരും. 36,000 കിലോമീറ്റർ അകലെയുള്ള ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിംഗ് ഉപഗ്രഹമാണിത്. ഐ.എസ്.ആർ.ഒയെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു വിക്ഷേപണമല്ല. തിരിച്ചടികൾ നേരിട്ടശേഷം ശക്തമായ തിരിച്ചുവരവ് നടത്താനുള്ള അസുലഭ അവസരമാണ്.
സമീപകാലത്ത് നേരിടേണ്ടിവന്ന ചില തിരിച്ചടികൾ രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒയുടെ പ്രതിച്ഛായയെ ബാധിച്ചത് ചെറിയ രീതിയിൽ ആയിരുന്നില്ല. എസ്.ആർ.ഒയുടെ വിശ്വസ്ത വാഹനമായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് (PSLV) 2025-ലും 2026-ലും തുടർച്ചയായി പരാജയങ്ങൾ നേരിടേണ്ടി വന്നു. ഇതേക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങളും വിലയിരുത്തലുകളും തുടരുന്നതിനിടെ റോക്കറ്റ് വിക്ഷേപണങ്ങൾ താത്കാലികമായി നിർത്തിവെക്കേണ്ടിവന്നു. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ റോക്കറ്റുകളിലൊന്നായി ദീർഘകാലമായി കണക്കാക്കപ്പെടുന്ന പി.എസ്.എൽ.വിക്ക് പരാജയങ്ങൾ സംഭവിച്ചത് ബഹിരാകാശ ഏജൻസിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവും വേദനാജനകവുമായിരുന്നു.
പുതിയ ദൗത്യം ഏറെ വ്യത്യസ്തം
പുതിയ ദൗത്യത്തിന് ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട വിക്ഷേപണ വാഹനമാണ് എന്നത് ഐഎസ്ആർഓയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ജി.എസ്.എൽ.വി മാർക്ക് II-ഉം (GSLV Mk II) പി.എസ്.എൽ.വിയുമായി എൻജിനുകളോ പ്രധാന പ്രൊപ്പൽഷൻ സംവിധാനങ്ങളോ പങ്കിടുന്നില്ല. ആ വ്യത്യാസം വളരെ പ്രധാനമാണ്. പി.എസ്.എൽ.വിയെ ബാധിച്ച പ്രശ്‌നങ്ങൾ ജി.എസ്.എൽ.വി മാർക്ക് II-നെ നേരിട്ട് ബാധിക്കില്ല. നിർണായക വിക്ഷേപണത്തിന് തയ്യാറെടുക്കുമ്പോൾ എൻജിനീയർമാർക്കടക്കം ഏറെ ആത്മവിശ്വാസം നൽകുന്നതാണിത്.
ഐഎസ്ആർഓയുടെ ‘നോട്ടി ബോയ്’
ഐ.എസ്.ആർ.ഒയ്ക്കുള്ളിൽ വർഷങ്ങളായി ജി.എസ്.എൽ.വിക്ക് ഒരു കുപ്രസിദ്ധ വിളിപ്പേരുണ്ട്: 'നോട്ടി ബോയ്' (വികൃതിക്കുട്ടി). റോക്കറ്റ് അതിന്റെ വികസന ഘട്ടങ്ങളിൽ പലപ്പോഴും പ്രവചനാതീതമായ പെരുമാറ്റം പ്രകടിപ്പിച്ചതിനാലാണ് ഈ പേരുവന്നത്. അതിന്റെ ആദ്യത്തെ 18 ദൗത്യങ്ങളിൽ ആറെണ്ണവും പൂർണ വിജയം നേടിയിരുന്നില്ല. ദശാബ്ദങ്ങളുടെ പരിശ്രമങ്ങൾക്കു ശേഷവും ഓരോ ജി.എസ്.എൽ.വി വിക്ഷേപണവും ഐഎസ്ആർഓയിൽ കടുത്ത പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ റോക്കറ്റ് തന്നെയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ കിരീടത്തിലെ തിളക്കമുള്ള രത്‌നമായി തുടരുന്നത് എന്നതാണ് ശ്രദ്ധേയം.
തിരിച്ചടികളിൽ പതറാതെ മുന്നേറിയ ഇന്ത്യ
ജി.എസ്.എൽ.വി ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളിൽ ഒന്നായ ഒന്നായ തദ്ദേശീയ ക്രയോജനിക് പ്രൊപ്പൽഷൻ വികസനത്തെ പ്രതിനിധീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കഴിവ് വേഗത്തിലാക്കാൻ 1990-കളിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രയോജനിക് സാങ്കേതികവിദ്യ തേടിയിരുന്നു. ഈ ശ്രമം വലിയൊരു ഭൗമരാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. യു.എസ് ഈ നീക്കത്തെ ശക്തമായി എതിർത്തു. അന്താരാഷ്ട്ര സമ്മർദ്ദം നിർണായക ക്രയോജനിക് സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിൽ നിന്ന് ഇന്ത്യയെ തടഞ്ഞു.
എന്നാൽ ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി ക്രയോജനിക് പ്രൊപ്പൽഷൻ വികസിപ്പിക്കുന്നതിനുള്ള കഠിനമായ പരിശ്രമം ആരംഭിച്ചു. വർഷങ്ങളോളം നീണ്ട പരാജയങ്ങൾ, തിരിച്ചടികൾ എന്നിവ നേരിടേണ്ടി വന്നെങ്കിലും ഒടുവിലുണ്ടായ വിജയം ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ ശാശ്വതമായി മാറ്റിമറിച്ചു. തദ്ദേശീയമായ ക്രയോജനിക് അപ്പർ സ്റ്റേജ് സജ്ജീകരിച്ചിട്ടുള്ള ജി.എസ്.എൽ.വിയുടെ ഓരോ വിക്ഷേപണവും വലിയ സമ്മർദങ്ങളെ അതിജീവിച്ച് ഇന്ത്യ നേടിയ വലിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു.
സമീപ വർഷങ്ങളിൽ GSLV Mk IIന്റെ പ്രാധാന്യം വലിയ തോതിൽ വർധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയ സിവിലിയൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ NISARനെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഈ വിക്ഷേപണ വാഹനമാണ് ഉപയോഗിച്ചത്. പ്രക്ഷുബ്ധമായ ചരിത്രമുണ്ടെങ്കിലും ഇന്ത്യൻ വിക്ഷേപണ വാഹനത്തിന്റെ ശേഷിയിൽ അന്താരാഷ്ട്ര ഏജൻസികൾക്ക് പോലുമുള്ള വിശ്വാസത്തെയാണ് ആ നീക്കം പ്രതിഫലിപ്പിച്ചത്.
GSLV-F17 വിജയകരമായി EOS-5-ഭ്രമണപഥത്തിൽ എത്തിക്കുന്നതോടെ ഒരു ഉപഗ്രഹ വിക്ഷേപണത്തെക്കാൾ വളരെ വലിയ നേട്ടമാകും ആ ദൗത്യം കൈവരിക്കുന്നത്. തിരിച്ചടികൾ ഐ.എസ്.ആർ.ഒയെ തളർത്തില്ലെന്ന് അത് തെളിയിക്കും. സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ നിന്ന് ഏജൻസി നടത്തുന്ന തിരിച്ചുവരവിന്റെ തുടക്കമായി അത് അടയാളപ്പെടുത്തപ്പെടുകയും ചെയ്യും.
Content Highlights: ISRO is launching the EOS-5 imaging satellite via GSLV-F17 on September 4, 2026., The mission serves as a critical comeback attempt following recent PSLV setbacks., EOS-5 will operate from a geosynchronous orbit at 36,000 km, providing continuous Earth observation., The GSLV utilizes India's hard-won indigenous cryogenic upper stage technology.
Published: 03 Sept 2026, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented