ആർട്ടിഫിഷ്യൽ ഇന്റർഫെൻസ് എന്ന പേര് കൃത്യമല്ലെന്നാണ് പലരും കരുതുന്നതെന്ന് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന്റെ സ്വന്തം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ഈ പുതിയ പ്രതിഭാസത്തിന് ഇതിനേക്കാൾ മനോഹരവും കൃത്യവുമായ വിവരണം സൂപ്പീരിയർ ഇന്റലിജൻസ് എന്നോ, എക്സ്ട്രീം ഇന്റലിജൻസ് എന്നോ സുപ്രീം ഇന്റലിജൻസ് എന്നോ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഇവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ അദ്ദേഹം തന്റെ ഫോളോവേഴ്സിനായി ഒരു ഓൺലൈൻ വോട്ടെടുപ്പും നടത്തി.

To advertise here,

പിന്നാലെ എഐ സുരക്ഷയെ സംബന്ധിച്ച സമീപകാല ചർച്ചകളോട് പ്രതികരിച്ചുകൊണ്ട് പങ്കുവെച്ച ഒരു പോസ്റ്റിൽ എ.ഐ. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ "റാഡിക്കൽ ഇടത് ഡെമോക്രാറ്റുകൾ" രാജ്യത്തെ തകർക്കാൻ വേണ്ടി നടത്തുന്ന മറ്റൊരു തട്ടിപ്പ് മാത്രമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.

വർഷങ്ങളായി, നമ്മുടെ രാജ്യത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റുകൾ ഉണ്ടാക്കിയെടുത്ത നിരവധി വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. റഷ്യ, യുക്രൈയ്ൻ, ആഗോള താപനം, ട്രാൻസ്ജെൻഡർ വിഷയം എന്നിവയെല്ലാം അദ്ദേഹം അതിന് ഉദാഹരണമായി കാണിച്ചു. ഇപ്പോൾ എഐയെ തകർക്കാനുള്ള ശ്രമമാണ്. അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിൽ താൻ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

"ഡാറ്റാസെന്ററുകൾക്ക് നേരെയുള്ള ആക്രമത്തിലൂടെയാണ് എല്ലാം ആരംഭിച്ചത്. പിന്നീട് സമൂഹത്തിൽ ഡാറ്റാ സെന്ററുകളുടെ പ്രാധാന്യം ആളുകൾ മനസ്സിലാക്കിയതോടെ ഡാറ്റാ സെന്ററിനെതിരായ നീക്കങ്ങൾ പരാജയപ്പെട്ടു. ഇപ്പോൾ അവർ എഐയെ നേരിട്ട് ലക്ഷ്യംവെക്കുകയാണ്. ഈ വ്യവസായത്തിന്റെ വളർച്ചയെ ഒരു തരത്തിലും തടസ്സപ്പെടുത്തുകയോ അടിച്ചമർത്തുകയോ ഇല്ല. പകരം, അത് വളരുമ്പോൾ നമ്മൾ അതിനെ സ്നേഹിക്കുകയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും! എന്നിരുന്നാലും, ദുരുപയോഗങ്ങൾ നടക്കുന്നുണ്ടോ എന്നും നമ്മൾ നിരീക്ഷിക്കും. നിലവിലുള്ള നീതിന്യായ വ്യവസ്ഥ ഉപയോഗിച്ചുതന്നെ അത് സാധിക്കും." ട്രംപ് പറഞ്ഞു.

ഇതിനായി തന്റെ ആദ്യ ഭരണകാലത്ത് 'സ്പേസ് ഫോഴ്സ്' സ്ഥാപിച്ചത് പോലെ, എഐ ഫോഴ്സ് രൂപീകരിക്കുകയാണ്. ഇതിനായി ഒരാളെ ചുമതലപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. ഉയർന്ന ഐക്യൂ ഉള്ള വ്യക്തികൾ ഇതിനായി അപേക്ഷിച്ചാൽ മതിയെന്നും ട്രംപ് വ്യക്തമാക്കി.

എഐ എന്നത് അടുത്ത വ്യാവസായിക വിപ്ലവമോ അല്ലെങ്കിൽ ഇന്റർനെറ്റോ ആണെന്നും ചിലപ്പോൾ അത് അതിലും വലുതും സ്വാധീനമുള്ളതുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഒരുപക്ഷേ നമ്മുടെ രാജ്യത്തിന്റെ ജിഡിപിയുടെ 25% വരെ ഇത് സംഭാവന ചെയ്തേക്കാം. നമ്മൾ ചൈനയേക്കാളും ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളേക്കാളും മുന്നിലാണ്, അത് അങ്ങനെ തന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു!