ബഹിരാകാശ പദ്ധതികളിലെ ഏറ്റവും ഭ്രാന്തമായ ആശയങ്ങളിൽ ഒന്നെന്ന് തോന്നാനിടയുള്ള പദ്ധതികളിൽ ഒന്ന് യാഥാർഥ്യമാകാനുള്ള സാധ്യത വർധിച്ചെന്ന് ഗവേഷകർ. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് നീളുന്ന 66,000 മൈൽ (ഒരു ലക്ഷത്തിലധികം കിലോമീറ്റർ) ദൈർഘ്യമുള്ള ഒരു സ്‌പേസ് എലിവേറ്റർ (ബഹിരാകാശ ലിഫ്റ്റ്) പദ്ധതിയിൽ നിർണായക വഴിത്തിരിവ് ഉണ്ടായെന്നാണ് ഗവേഷകർ പറയുന്നത്.

To advertise here,

ഈ ആശയം സയൻസ് ഫിക്ഷൻ പോലെ തോന്നാമെങ്കിലും ലളിതമാണെന്ന് ഗവേഷകർ പറയുന്നു. അതിശക്തമായ ഒരു കേബിൾ ഭൂമധ്യരേഖയ്ക്ക് സമീപം ഉറപ്പിച്ച്, ഭൂസ്ഥിര ഭ്രമണപഥത്തിനപ്പുറത്തേക്ക് നീട്ടി, ബഹിരാകാശത്തുള്ള ഒരു ഭാരനിയന്ത്രണ സംവിധാനത്തിന്റെ സഹായത്തോടെ അത് വലിച്ചു നിർത്തുക എന്നതാണ് പദ്ധതി. 'ക്ലൈംബേഴ്‌സ്' എന്നപേരിലുള്ള പ്രത്യേക വാഹനങ്ങൾ ഈ കേബിളിലൂടെ മുകളിലേക്ക് സഞ്ചരിക്കുകയും മനുഷ്യരെയും ചരക്കുകൾ ഉപകരണങ്ങൾ എന്നിവയേയും ബഹിരാകാശത്തേക്ക് എത്തിക്കുകയും ചെയ്യും.

ഏകദേശം ഒരു മീറ്റർ വീതിയുള്ളതും ഏകദേശം 100,000 കിലോമീറ്റർ (62,000 മൈൽ) നീളമുള്ളതുമായിരിക്കും നിർദിഷ്ട ഘടന. ഭൂമധ്യരേഖയിലെ സ്‌പേസ്‌പോർട്ടിൽ തുടങ്ങി ഭൂസ്ഥിര ഭ്രമണപഥത്തിന് അപ്പുറത്തുള്ള ഒരു ആങ്കർ വരെ ഇത് നീളും. ഭൂമിയിൽനിന്ന് നോക്കുമ്പോൾ ഈ കേബിൾ കാണാൻ പ്രയാസമായിരിക്കും. എങ്കിലും ഇത് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയും ഇടയ്ക്കിടെ ആകാശത്ത് ഒരു നേർത്ത വരപോലെ കാണപ്പെടുകയും ചെയ്യും.

പ്രയോജനങ്ങൾ ഏറെ

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനം മലിനീകരണം ഉണ്ടാക്കില്ല.  ബഹിരാകാശത്ത് അവശിഷ്ടങ്ങൾ ഒന്നും അവശേഷിപ്പിക്കില്ല. മാത്രമല്ല, ഇത് ചെലവുകുറഞ്ഞതും സുരക്ഷിതവുമായിരിക്കും. ബഹിരാകാശത്തേക്കുള്ള ഒരു പാലംപോലെ ഇത് പ്രവർത്തിക്കുമെന്നും ഗവേഷകർ പറയുന്നു. റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ഇത് പ്രവർത്തിപ്പിക്കാം. ഇന്നത്തെ രീതിയിലുള്ള ബഹിരാകാശ യാത്ര അടിമുടി മാറ്റാൻ ഈ സംവിധാനത്തിന് സാധിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നു.

നിർമാണവസ്തു പ്രധാന വെല്ലുവിളി

ബഹിരാകാശത്തേക്ക് നീളുന്ന കേബിൾ നിർമ്മിക്കാൻ ആവശ്യമായത്ര ശക്തിയും ഭാരക്കുറവുമുള്ള ഒരു വസ്തു കണ്ടെത്തുക എന്നതാണ് ഈ പദ്ധതി നേരിട്ട എക്കാലത്തെയും ഏറ്റവും വലിയ വെല്ലുവിളി. സ്റ്റീലിനേക്കാൾ ഏകദേശം 100 മടങ്ങ് ശക്തിയുള്ളതും അതേസമയം ഭാരം കുറഞ്ഞതും വൻതോതിൽ നിർമ്മിക്കാൻ കഴിയുന്നതുമായ ഒരു വസ്തുവാണ് ഈ കേബിളിന് ആവശ്യമെന്ന് ഗവേഷകർ പറയുന്നു.

ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തിയവയിൽവെച്ച് ഏറ്റവും മികച്ച വസ്തു ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഇന്റർനാഷണൽ സ്‌പേസ് എലിവേറ്റർ കൺസോർഷ്യം (ഐ.എസ്.ഇ.സി) അവകാശപ്പെടുന്നത്.

ഇലക്ട്രോണിക്‌സിലും മറ്റ് വ്യവസായങ്ങളിലും നിലവിൽ ഉപയോഗിച്ചുവരുന്ന അതിശക്തമായ പോളിക്രിസ്റ്റലൈൻ ഗ്രാഫീൻ ആണ് ഗവേഷകർക്ക് പ്രതീക്ഷ നൽകുന്നത്. നേർത്തതും തുടർച്ചയായതുമായ ഘടനയിൽ ക്രമീകരിച്ചിരിക്കുന്ന കാർബൺ ആറ്റങ്ങൾ അടങ്ങിയതാണ് ഗ്രാഫീൻ. ഇതിന്റെ പോളിക്രിസ്റ്റലൈൻ രൂപം ഒന്നിലധികം ചെറിയ ക്രിസ്റ്റൽ വിഭാഗങ്ങളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വലിയ തോതിൽ നിർമ്മിക്കുന്നത് എളുപ്പമാണെന്ന് ഗവേഷകർ പറയുന്നു.

നൂറ്റാണ്ടുകളായി നിലവിലുള്ള ആശയം

ബഹിരാകാശത്തേക്ക് ഒരു ലിഫ്റ്റ് എന്ന ആശയം ഒരു നൂറ്റാണ്ടിലേറെയായി നിലവിലുള്ളതാണ്. ബ്രിട്ടീഷ് എഴുത്തുകാരനായ ആർതർ സി. ക്ലാർക്ക് തന്റെ 1979-ൽ പുറത്തിറങ്ങിയ നോവലായ 'ദി ഫൗണ്ടേഴ്‌സ് ഓഫ് പാരഡൈസ്' എന്ന കൃതിയിലൂടെയാണ് ആധുനിക സയൻസ് ഫിക്ഷനിൽ ഇതിനെ ജനപ്രിയമാക്കിയത്.

എന്നിരുന്നാലും പ്രവർത്തിക്കുന്ന ഒരു സ്‌പേസ് എലിവേറ്റർ യാഥാർത്ഥ്യമാക്കുക എന്നത് വളരെ വിദൂരമായ സ്വപനമായിരിക്കും. അപകടസാധ്യത, മൂലധനം കണ്ടെത്തുക എന്നിവയെല്ലാം ഇതിന്റെ കാലതാമസം വർധിപ്പിക്കാം. ബഹിരാകാശ അവശിഷ്ടങ്ങൾ പദ്ധതിയുടെ അപകടസാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. താഴ്ന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ഇത്തരം വസ്തുക്കൾ കേബിളിന് കേടുപാടുകൾ വരുത്തിയേക്കാം. അതിനാൽ ഒന്നിലധികം കേബിളുകൾ ഉപയോഗിക്കാനും ലിഫ്റ്റിന് ചുറ്റും ഒരു നിയന്ത്രിത മേഖല സ്ഥാപിക്കാനും ഗവേഷകർ നിർദ്ദേശിക്കുന്നു.