വരാനിരിക്കുന്ന ഗാലക്സി എസ്27-മായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഇതിനകം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഫോണിന്റെ പ്രൊസസർ, ബാറ്ററി, ഡിസൈൻ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അക്കൂട്ടത്തിലുണ്ട്. ഗാലക്സി എസ്27-ന്റെ നിറങ്ങൾ എന്തായിരിക്കും എന്നതാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

To advertise here,

സാംസങ് സാധാരണമായി ഓരോ ഡിവൈസിന്റെയും കളർ വേരിയന്റിന് അനുയോജ്യമായ രീതിയിൽ ലോഞ്ച് വാൾപേപ്പറിന്റെ വ്യത്യസ്ത പതിപ്പുകൾ പുറത്തിറക്കാറുണ്ട്. ഉദാഹരണത്തിന്, ഗാലക്സി എസ്26 അൾട്രയുടെ ലോഞ്ചിന് മുന്നോടിയായി ആറ് വ്യത്യസ്ത നിറങ്ങളിലുള്ള വാൾപേപ്പറുകൾ പുറത്തുവന്നിരുന്നു. കറുപ്പ്, വെള്ള, നീല, വയലറ്റ്, പിങ്ക്, ഗ്രേ എന്നിവയായിരുന്നു ഈ നിറങ്ങൾ. പിന്നീട് പുറത്തിറങ്ങിയ ഫോണും ഇതേ നിറങ്ങളിലായിരുന്നു ലഭ്യമായത്. ബ്ലാക്ക്, വൈറ്റ്, സ്കൈ ബ്ലൂ, കോബാൾട്ട് വയലറ്റ്, പിങ്ക് ഗോൾഡ്, സിൽവർ ഷാഡോ എന്നിവയായിരുന്നു ഗാലക്സി എസ്26 അൾട്രയുടെ കളർ വേരിയന്റുകൾ.

അടുത്തിടെ വരാനിരിക്കുന്ന ഗാലക്സി ഫോണുകളുടെ ഔദ്യോഗിക വാൾപേപ്പറുകളെന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ സാമിഗുരു (SammyGuru) എന്ന വെബ്സൈറ്റ് പുറത്തുവിട്ടിരുന്നു. അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റാറ്റിക് വാൾപേപ്പറുകളാണ് ഇവ. നേവി ബ്ലൂ, വൈറ്റ്, ലൈറ്റ് ബ്ലൂ, പിങ്ക്, ബർഗണ്ടി എന്നീ നിറങ്ങളിലാണ് വാൾപേപ്പറുകൾ ലഭ്യമായിരിക്കുന്നത്.

ഫോണുകളുടെ നിറത്തിന് സമാനമായ കളർ വാൾപേപ്പറുകൾ പുറത്തിറക്കുന്ന പതിവ് സാംസങ് തുടരുകയാണെങ്കിൽ, ഗാലക്സി എസ്27 സീരീസ് ഈ അഞ്ച് നിറങ്ങളിൽ ലഭ്യമായേക്കുമെന്നാണ് സൂചന. ഇതിൽ കൂടുതൽ പ്രീമിയം ലുക്ക് നൽകുന്ന ഇരുണ്ട നേവി ബ്ലൂ, ബർഗണ്ടി നിറങ്ങൾ സാംസങ് ഹൈ എൻഡ് മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കാമെന്നാണ് സാമിഗുരു നൽകുന്ന സൂചന. അതായത്, ഗാലക്സി എസ്27 പ്രോ, ഗാലക്സി എസ്27 അൾട്ര മോഡലുകളിൽ മാത്രമായിരിക്കും ഈ നിറങ്ങൾ ലഭ്യമാകുക. അടിസ്ഥാന മോഡലായ ഗാലക്സി എസ്27, ഗാലക്സി എസ്27 പ്ലസ് എന്നിവ വൈറ്റ്, ലൈറ്റ് ബ്ലൂ, പിങ്ക് നിറങ്ങളിൽ മാത്രമായേക്കും. ഐഫോൺ 18 പ്രോയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തവണ നേവി ബ്ലൂ, ബർഗണ്ടി പോലുള്ള ഇരുണ്ട നിറങ്ങൾ ഫോണുകളിൽ പരീക്ഷിക്കുന്നത്. കാരണം, ഇത്തവണ ഐഫോണിലെ ബർഗണ്ടി കളർ വേരിയന്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതേസമയം, ഗാലക്സി എസ്27 അൾട്ര ബ്ലാക്ക്, ബ്ലൂ, ലൈറ്റ് പിങ്ക്, വയലറ്റ്, വൈറ്റ് എന്നിങ്ങനെ അഞ്ച് അടിസ്ഥാന നിറങ്ങളിൽ ലഭ്യമാകുമെന്നാണ് ടിപ്സ്റ്ററായ ഐസ് യൂണിവേഴ്സ് പറയുന്നത്. നിറങ്ങളെക്കുറിച്ച് വ്യത്യസ്ത റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, ഗാലക്സി എസ്27 സീരീസിന്റെ കളർ വേരിയന്റുകളെക്കുറിച്ചുള്ള വിവരങ്ങൾ പൂർണമായും വിശ്വസിക്കാറായിട്ടില്ല.