ജനനം കുറയുന്നതും ജനസംഖ്യ ചുരുങ്ങുന്നതും ആഗോളതലത്തിൽ ഇന്ന് ഗൗരവമേറിയ വിഷയമാണ്. ചൈനയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും കിഴക്കൻ യൂറോപ്പിലും ജനസംഖ്യ ചുരുങ്ങുന്നു. അമേരിക്കയിൽ ജനസംഖ്യ ചുരുങ്ങിത്തുടങ്ങിയില്ല. പക്ഷേ തദ്ദേശീയരുടെ ജനനവും എണ്ണവും കുറയുകയാണ്. ജനസംഖ്യ വർധിക്കുകയാണെങ്കിലും ആഫ്രിക്കയടക്കം ലോകമെങ്ങും വളർച്ചയുടെ തോതും ജനനങ്ങളും കുറഞ്ഞുവരുന്നു.
1798-ൽ ഇംഗ്ലീഷ് വൈദികൻ തോമസ് റോബർട്ട് മാൽത്തൂസ് ''ജനസംഖ്യാതത്ത്വം സംബന്ധിച്ച ഒരു ഉപന്യാസം' പ്രസിദ്ധീകരിച്ചതു മുതൽ ജനസംഖ്യാ വിഷയത്തിലെ താത്പര്യം ലോകമെങ്ങും വളർന്നിട്ടേ ഉള്ളൂ. ഈ വർഷം ഇക്കാര്യത്തിൽ ഇറങ്ങിയ രണ്ട് ചെറിയ അമേരിക്കൻ പ്രബന്ധങ്ങൾ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതുവഴി ശ്രദ്ധ ആകർഷിക്കുന്നു.
ഐഫോൺ ജനനനിയന്ത്രണമോ? (Is the Iphone Birth Control? NBER W35310 June 2026) എന്ന പ്രബന്ധം യു.എസിലെ മിഡിൽബറി കോളേജ് അധ്യാപകരായ കെയ്റ്റ്‌ലിൻ കെ. മിയേഴ്സും എസക്കിയേൽ ഹൂപ്പറും ചേർന്ന് എഴുതിയതാണ്. 2007-നു ശേഷം യു.എസിൽ പ്രത്യുത്പാദന നിരക്ക് 22 ശതമാനം ഇടിഞ്ഞു. ആ വർഷമാണ് ആപ്പിളിന്റെ സ്മാർട്ട് ഫോൺ (ഐഫോൺ) വിപണിയിൽ ഇറക്കിയത്. തുടർന്നുള്ള അഞ്ചു വർഷം 14-19 വയസ്സുകാർക്കിടയിൽ ജനനം 4.5 ശതമാനം മുതൽ എട്ടു ശതമാനം വരെ കുറഞ്ഞു. 20-24 വയസ്സുകാർക്കിടയിൽ കുറവ് 3.2 ശതമാനം മുതൽ 6.6 ശതമാനം വരെ. പ്രത്യുത്പാദന നിരക്കിൽ വന്ന കുറവിന്റെ മൂന്നിലൊന്നു മുതൽ 52 ശതമാനം വരെ ഐഫോൺ മൂലമാണെന്ന് ഗവേഷകർ സ്ഥാപിച്ചു.
കാരണം: ഐഫോൺ വന്നപ്പോൾ വ്യക്തിപരവും ശാരീരികവുമായ അടുപ്പവും സമ്പർക്കവും കുറഞ്ഞു, അശ്ലീല ആസ്വാദനം കൂടി, ലൈംഗിക ബന്ധപ്പെടലുകൾ കുറഞ്ഞു.
ഹാർവാഡിലെ പ്രൊഫസറും ധനശാസ്ത്ര നൊബേൽ ജേതാവുമായ ക്ലോഡിയ ഗോൾഡിൻ എഴുതിയ പ്രബന്ധം (The Rise of Female Autonomy and the Decline of Fertility: The Role of Mismatch. NBER W35425. July 2026) മറ്റൊരു വിഷയമാണു പഠിച്ചത്. പ്രൊഫഷനിൽ വളരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ നേരത്തേ വിവാഹം കഴിക്കുന്നില്ല, വിവാഹിതരായാലും പ്രസവം വൈകിക്കുന്നു, കുറയ്ക്കുന്നു. ഇതിനു കാരണം പങ്കാളികൾ ശിശുപരിപാലനം മുതൽ കുടുംബത്തിലെ ജോലികളിലും ചുമതലകളിലും വേണ്ടത്ര പങ്കുവഹിക്കാത്തതാണെന്ന് ഗോൾഡിൻ കണ്ടെത്തി.
പ്രസക്തവും ശ്രദ്ധേയവുമായ നിഗമനങ്ങളാണ് ഈ പ്രബന്ധങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. കേരളത്തിലെ ജനനനിരക്ക് സമീപകാലത്ത് റെക്കോഡ് ഇടിവിലായി. 2024-ൽ കേരളത്തിലെ ജനനം 3,44,760, ജനനനിരക്ക് (ആയിരം പേരിൽ ഒരു വർഷത്തെ ജനനം) 9.64 മാത്രമാണ്. ജനസംഖ്യ നിലവിലെ വലുപ്പം തുടരണമെങ്കിൽ ആകെ പ്രത്യുത്പാദന നിരക്ക് (ടി.എഫ്.ആർ.) 2.1 വേണം. 2024 -ൽ കേരളത്തിലെ പ്രത്യുത്പാദന നിരക്ക് 1.19 മാത്രം. മിക്ക യൂറോപ്യൻ രാജ്യങ്ങളെയും അമേരിക്കയെയും അപേക്ഷിച്ച് ഗണ്യമായി കുറവ്.
സ്മാർട്ട്ഫോൺ വ്യാപനവും തൊഴിലിടത്തിലെ സ്ത്രീകളുടെ വളർച്ചയും ഒക്കെ ഈ ഇടിവിനു കാരണമായോ എന്നതു പഠനവിഷയമാക്കാവുന്നതാണ്.
(പ്രമുഖ ധനകാര്യ പത്രപ്രവർത്തകനും സാമ്പത്തികനിരീക്ഷകനുമാണ് ലേഖകൻ)
Content Highlights: Smartphones like the iPhone are linked to a 22% drop in US fertility rates since 2007., Reduced physical intimacy and increased digital consumption are primary drivers of lower birth rates., Female autonomy and lack of domestic support from partners contribute to delayed childbearing
Published: 26 Jul 2026, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented