ലോകമെമ്പാടുമുള്ള ഗെയിമർമാർ കാത്തിരുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (ജിടിഎ 6)-ന്റെ നിർമാണത്തിൽ ബെംഗളൂരുവിലെ റോക്ക്സ്റ്റാർ ഗെയിംസ് സ്റ്റുഡിയോയിൽനിന്ന് 1,600-ലേറെ ഡെവലപ്പർമാർ പങ്കാളികളായതായി റിപ്പോർട്ട്. ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യയാണ് ഗെയിമിന്റെ നിർമാണത്തിൽ നഗരത്തിന്റെ സംഭാവനയെക്കുറിച്ച് സാമൂഹിക മാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്.
ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ പ്രവർത്തിക്കുന്ന റോക്ക്സ്റ്റാർ ഇന്ത്യ സ്റ്റുഡിയോയിലെ ഏകദേശം 1,615 ഡെവലപ്പർമാർ ജിടിഎ 6-ന്റെ നിർമാണത്തിൽ പ്രവർത്തിച്ചെന്നാണ് ഗെയിമിങ് മേഖലയിലെ റിപ്പോർട്ടുകൾ. ജിടിഎ 6 ഗെയിമിലെ വിശാലമായ ഓപ്പൺ വേൾഡ് പരിസരങ്ങളും കെട്ടിടങ്ങളും മറ്റ് വസ്തുക്കളും ഉൾപ്പെടെ ഗെയിമിൽ കാണുന്ന പലതിലും ഈ ടീമിന്റെ സംഭാവനയുണ്ട്. ഗെയിമിലെ സാങ്കല്പിക സംസ്ഥാനമായ ലിയോനിഡയിലെ വൈസ് ബീച്ച് എന്ന സ്ഥലത്തിന്റെ നിർമാണത്തിലും ബെംഗളൂരു ടീം പങ്കാളികളായതായി റിപ്പോർട്ടുകളുണ്ട്.
ബെംഗളൂരുവിന്റെ ഗെയിമിങ് വ്യവസായ വളർച്ചയിൽ സംഭാവന ചെയ്ത തുടക്കകാലത്തെ സ്ഥാപനങ്ങളിലൊന്നായ ധ്രുവ ഇന്ററാക്ടീവിനെക്കുറിച്ച് തേജസ്വി പരാമർശിച്ചു. 1995-ൽ രാജേഷ് റാവു ആണ് ഈ സ്ഥാപനം ആരംഭിച്ചത്. വെറുമൊരു കംപ്യൂട്ടർ ഉപയോഗിച്ച് ചെറിയ സംരംഭമായി ആരംഭിച്ച സ്ഥാപനം പിന്നീട് ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോ ആയി വളരുകയായിരുന്നു. 2019-ൽ റോക്ക്സ്റ്റാർ ഗെയിംസ് ധ്രുവ ഇന്ററാക്ടീവിനെ ഏറ്റെടുത്തതായും സൂര്യ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആദ്യ ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോയായാണ് ധ്രുവ ഇന്ററാക്ടീവ് അറിയപ്പെടുന്നതെന്നും അദ്ദേഹം കുറിച്ചു.
റോക്ക്സ്റ്റാർ ഗെയിംസ് വ്യാഴാഴ്ചയാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 ആഗോളതലത്തിൽ പുറത്തിറക്കിയത്. സാങ്കല്പിക സംസ്ഥാനമായ ലിയോനിഡയിലെ വൈസ് സിറ്റിയാണ് പുതിയ പതിപ്പിന്റെ പശ്ചാത്തലം. ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ലൂസിയ കാമിനോസ്, ജേസൺ ഡുവൽ എന്നീ രണ്ട് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് ഗെയിമിന്റെ കഥ മുന്നോട്ടുപോകുന്നത്. ഇരുവരും പിന്നീട് വലിയൊരു ക്രിമിനൽ ഗൂഢാലോചനയിൽ അകപ്പെടുന്നതാണ് പ്രമേയം.
Content Highlights: Bengaluru South MP Tejasvi Surya highlighted on X that over 1,600 developers at Rockstar Games' Whitefield studio in Bengaluru contributed significantly to building Grand Theft Auto VI (GTA 6), including its open-world environments and Vice Beach assets.
Published: 19 Nov 2026, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented