പഴയ സ്മാർട്ട്‌ഫോൺ മാറ്റി പുതിയത് വാങ്ങാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാവും? വേഗമേറിയ പ്രോസസ്സറോ, എഐ അസിസ്റ്റന്റോ, തടസ്സമില്ലാത്ത 5ജി സേവനമോ ഒക്കെയാകാംഎന്നാവും മിക്കവരും ചിന്തിക്കുക. എന്നാൽ, ഇന്ത്യയിലെ ഭൂരിഭാഗം ഉപയോക്താക്കളെയും സ്മാർട്ട്‌ഫോൺ മാറ്റാൻ പ്രേരിപ്പിക്കുന്ന ഘടകം മറ്റൊന്നാണെന്നാണ് ഗൊറില്ല ഗ്ലാസിന്റെ നിർമ്മാതാക്കളായ യു.എസ് കമ്പനി കോർണിങ് പുറത്തുവിട്ട സർവേ വ്യക്തമാക്കുന്നത്.

To advertise here,

സർവേയിൽ പങ്കെടുത്ത 53 ശതമാനം ഇന്ത്യൻ ഉപയോക്താക്കളും ഡിസ്‌പ്ലേ ഗ്ലാസ് പൊട്ടിയത് കാരണം പുതിയ ഫോൺ വാങ്ങേണ്ടിവന്നു എന്നാണ് പ്രതികരിച്ചതെന്ന് കോർണിങ് വ്യക്തമാക്കുന്നു. സ്മാർട്ട്‌ഫോൺ താഴെ വീഴാറുണ്ടെന്ന് 87 ശതമാനം പേരും സർവേയിൽ വ്യക്തമാക്കി. ഫോൺ താഴെ വീഴുമോ എന്ന ആശങ്കയോടെ വളരെ സൂക്ഷിച്ച് അത് ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ 56 ശതമാനം പേരുമെന്നും കോർണിങ് പുറത്തുവിട്ട സർവേ വ്യക്തമാക്കുന്നു.

2025 നവംബർ, ഡിസംബർ മാസങ്ങളിൽ ഇന്ത്യയിലുടനീളം നടത്തിയ സർവേയുടെ ഫലം 2026 ജൂലായിലാണ് പുറത്തുവിട്ടത്. വിവിധ പ്രായത്തിലുള്ളവർ, പ്രദേശങ്ങൾ, ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവർ, വിവിധ വിലയിലുള്ള ഫോണുകളുടെ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവർ തുടങ്ങിയവർ സർവേയിൽ പങ്കെടുത്തതായി കമ്പനി പറയുന്നു. ഗെയിമേഴ്‌സ്, പ്രൊഫഷണലുകൾ, പവർ യൂസർമാർ, ക്യാമറ ഉപയോഗത്തിന് പ്രാധാന്യം നൽകുന്നവർ തുടങ്ങിയ വിവിധ പ്രൊഫൈലുകളിൽ ഉള്ളവരും സർവേയുടെ ഭാഗമായി.

ഫോൺ താഴെ വീണ് കവർ ഗ്ലാസ് പൊട്ടിയപ്പോൾ സർവേയിൽ പങ്കെടുത്ത അഞ്ച് ഉപയോക്താക്കളിൽ ഒരാൾ മാത്രമാണ് ഫോൺ റിപ്പയർ ചെയ്യിക്കുകയോ ഗ്ലാസ് മാറ്റിവെക്കുകയോ ചെയ്തത്. റിപ്പയറിങ്ങിനായി 2,000 രൂപയിൽ കൂടുതൽ ചെലവഴിച്ചതായി പകുതിയോളം പേർ പറയുന്നു.

പ്രീമിയം സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഗ്ലാസ് പൊട്ടിയത് കാരണം ഫോൺ മാറ്റാൻ കൂടുതൽ സാധ്യതയുള്ളവരാണ് (61%). എന്നാൽ ഇക്കാര്യത്തിൽ പ്രീമിയം, ബജറ്റ് ഉപയോക്താക്കൾ തമ്മിലുള്ള അന്തരം അത്ര വലുതല്ല. ബജറ്റ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ നാലിലധികം പേർ അതായത് 42% പേരും ഗ്ലാസ് പൊട്ടിയാൽ ഫോൺ മാറ്റുമെന്ന് പറഞ്ഞതായി ഡാറ്റ വ്യക്തമാക്കുന്നു.

പ്രാധാന്യം നൽകുന്നത് ഏത് സവിശേഷതയ്ക്ക്?

സ്മാർട്ട്‌ഫോണിന്റെ ഏത് സവിശേഷതയ്ക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ച 63% പേരും ബാറ്ററി ലൈഫും മൊത്തത്തിലുള്ള ഉപകരണത്തിന്റെ ഈടുനിൽപ്പും എന്ന ഉത്തരം നൽകി. 52% പേർ താഴെവീണ് കേടുപറ്റുന്നതിനെ പ്രതിരോധിക്കാൻ കഴിയുന്ന ഗ്ലാസിനും, 48% പേർ പോറലുകളെ പ്രതിരോധിക്കുന്ന സ്‌ക്രീനുകൾക്കും, 44% പേർ ദൃഢതയോടൊപ്പം പ്രീമിയം ഡിസൈനും പ്രാധാന്യം നൽകി. അതേസമയം 53% പേർ ഫോണിന്റെ ക്യാമറ ലെൻസിന്റെ ഈടുനിൽപ്പിനും പ്രാധാന്യം നൽകി.

വളരെ പെട്ടെന്ന് കേടുവരാത്ത ഫോണുകൾക്കുവേണ്ടി പണം ചെലവഴിക്കാൻ ഉപയോക്താക്കൾ തയ്യാറാണെന്നും കോർണിങ് സർവേ വ്യക്തമാക്കുന്നു. മെച്ചപ്പെട്ട ഈടുനിൽപ്പും ഒപ്റ്റിക്കൽ പ്രകടനവും ഉൾപ്പെടെയുള്ള കവർ-മെറ്റീരിയൽ സവിശേഷതകൾക്കായി കൂടുതൽ പണം നൽകാൻ മൂന്നിൽ രണ്ട് ഭാഗത്തോളം പേർ (74%) തയ്യാറാണെന്ന് പ്രതികരിച്ചു.