ബജറ്റ് സ്മാർട്ഫോണുകളുടെ വിപണി തകർച്ചയിലേക്കെന്ന് വിവരം. സമൂഹമാധ്യമങ്ങളിൽ ഇതിനകം ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് സ്മാർട്ഫോണുകളുടെ, പ്രത്യേകിച്ചും ബജറ്റ് ഫോണുകളുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ഫോൺ വിപണി തകർച്ചയും പ്രതിസന്ധിയും നേരിടുകയാണെന്ന് കഴിഞ്ഞ മേയ് മാസം തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വ്യവസായ വിശകലന ഏജൻസികളായ IDC, Counterpoint എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, 10,000 രൂപയിൽ താഴെയുള്ള എൻട്രി ലെവൽ ഫോണുകളുടെ വിതരണത്തിൽ 59% ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ 15,000 രൂപയിൽ താഴെയുള്ള ബജറ്റ് സെഗ്‌മെന്റ് 45% തകർച്ച നേരിട്ടുവെന്ന് മേയിൽ പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
എന്തായിരിക്കാം കാരണം?
ആഗോള സാങ്കേതികവിദ്യാ വിപണി എഐ അധിഷ്ഠിത മേഖലകളിലേക്ക് തിരിഞ്ഞത് സ്മാർട്ഫോൺ നിർമാണരംഗത്തെയും ബാധിച്ചിട്ടുണ്ട്. സ്മാർട്ഫോണിലെ ആകർഷകമായ ക്യാമറയും ഡിസൈനും ഡിസ്പ്ലേയും ഉൾപ്പെടെ സ്പെസിഫിക്കേഷനുകൾ കാണിച്ചുള്ള വിപണി നേരത്തെ തന്നെ അതിന്റെ ഉന്നതിയിൽ എത്തിക്കഴിഞ്ഞിരുന്നു. എഐ അധിഷ്ഠിത ഫീച്ചറുകളാണ് ഇന്നത്തെ ഫോണുകളിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്. പരിമിതമായ മെമ്മറി, പ്രൊസസർ ശേഷികളുള്ള ബജറ്റ് സ്മാർട്ഫോണുകളിൽ ഇത്തരം എഐ സാങ്കേതികവിദ്യകൾ എത്തിക്കുക നിലവിലെ സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ്.
ഇതിനുപുറമെ, ആഗോളതലത്തിൽ എഐ ഡാറ്റാ സെന്ററുകൾക്കുള്ള ആവശ്യം വർധിച്ചതോടെ സെമികണ്ടക്ടർ നിർമാതാക്കൾ സ്മാർട്ഫോൺ കമ്പനികൾക്ക് പകരം എഐ കമ്പനികൾക്ക് മുൻഗണന നൽകി. ഇത് മെമ്മറി ചിപ്പുകളുടെ വില ഹ്രസ്വകാലത്തിനിടയിൽ 4 ഇരട്ടിയോളം വർധിക്കുന്നതിനിടയാക്കി. ഒരു സ്മാർട്ഫോണിന്റെ നിർമാണച്ചെലവിൽ മെമ്മറിയുടെ വിഹിതം മുൻപ് 10-15% ആയിരുന്നത് ഇപ്പോൾ 30-45% വരെയായി ഉയർന്നു.
ലാഭവിഹിതം കുറയാൻ ആരംഭിച്ചതോടെയാണ് ബജറ്റ് ഫോണുകളുടെ പുതിയ ലോഞ്ചുകൾ കമ്പനികൾ വൻതോതിൽ വെട്ടിച്ചുരുക്കിയത്. പകരം കൂടുതൽ ലാഭം കിട്ടുന്ന പ്രീമിയം മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
10,000 രൂപയിൽ താഴെ വിലയിൽ ഫോണുകൾ വിൽക്കുന്നത് നിലവിലെ സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ്. ഇക്കാരണത്താൽ മുൻപ് 15,000-20,000 രൂപ ബജറ്റിൽ ലഭിച്ചിരുന്ന AMOLED സ്ക്രീനുകൾക്ക് പകരം IPS LCD സ്ക്രീനുകളും, മൾട്ടിപ്പിൾ ക്യാമറകൾക്ക് പകരം സിംഗിൾ ക്യാമറകളും തിരികെ കൊണ്ടുവരാൻ കമ്പനികൾ നിർബന്ധിതരായി. ഫോണുകളുടെ ശരാശരി വിൽപനവില 15% ഓളം വർധിച്ച് ഏകദേശം 30,000 രൂപയായി ഉയർന്നു.
പ്രതിസന്ധിയിലായി സാധാരണക്കാർ
കൂലിവേല ചെയ്ത് ജീവിക്കുന്ന അനേകായിരങ്ങളുണ്ട് ഇന്ത്യയിൽ. സർക്കാർ സേവനങ്ങളുൾപ്പെടെ ഓൺലൈൻ സേവനങ്ങളിലേക്ക് മാറിയ കാലത്ത് പലരും ബജറ്റ് നിരക്കിൽ ലഭ്യമായ സ്മാർട്ഫോണുകളിലേക്ക് മാറിയിരുന്നു. കുറഞ്ഞ വിലയ്ക്ക് അത്യാധുനിക ഫീച്ചറുകൾ കമ്പനികൾ ലഭ്യമാക്കിയതും ബജറ്റ് ഫോണുകളിൽ നിൽക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. ഉത്പന്നങ്ങൾ ധാരാളമുണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും പുതിയതിലേക്ക് മാറാമായിരുന്നു.
എന്നാൽ ഇന്നങ്ങനെയല്ല. ആകർഷകമായ ഫീച്ചറുകൾ ലഭിക്കാത്തതിനാലും വിലക്കൂടുതൽ കാരണവും ഉപഭോക്താക്കൾ ഫോണുകൾ അപ്‌ഗ്രേഡ് ചെയ്യുന്നത് വൈകിപ്പിക്കുകയും മൂന്ന് മുതൽ നാല് വർഷം വരെ ഒരു ഫോൺ തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണ്. മറ്റു ചിലർ പ്രീമിയം മോഡലുകളിലേക്ക് ചേക്കേറാൻ നിർബന്ധിതരാവുകയും ചെയ്തു. പുതിയ ഫോണുകൾക്ക് പകരം റീഫർബിഷ്ഡ് അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് ഫോണുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിപണി പ്രതിസന്ധിയിലാണെങ്കിലും, ഇന്ത്യയിലെ ടിയർ-2, ടിയർ-3 നഗരങ്ങളിൽ എൻട്രി ലെവൽ ഫോണുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട് എന്നതാണ് യാഥാർഥ്യം. ക്രെഡിറ്റ് കാർഡ് ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ OnePlus N6x, Vivo T3x, Moto G34 തുടങ്ങിയ ചില 5G മോഡലുകൾ 20,000 രൂപയിൽ താഴെ ബജറ്റിൽ ഇപ്പോഴും വിപണിയിൽ ലഭ്യമാണ്.
Content Highlights: Driven by a surge in AI chip demand and skyrocketing memory production costs, India's budget smartphone market under ₹20,000 is facing a severe crisis, forcing manufacturers to scale down low-cost phone launches and push average selling prices higher.
Published: 03 Aug 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented