
വാഷിങ്ടൺ: അമേരിക്കയുടെ ദേശീയ സൈബർ സുരക്ഷാ ഡയറക്ടർ സീൻ കെയിൻക്രോസിനെ (Sean Cairncross) സ്ഥാനത്തുനിന്ന് പുറത്താക്കി. രാജ്യത്ത് സമീപകാലത്തുണ്ടായ വലിയ സാങ്കേതിക തടസ്സങ്ങളും നിർമിത ബുദ്ധി (എഐ) ഉയർത്തുന്ന ഭീഷണികളെക്കുറിച്ചുള്ള ആശങ്കകളും ശക്തമാകുന്നതിനിടെയാണ് നടപടി. വൈറ്റ് ഹൗസുമായി അടുത്ത ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന വ്യക്തിയാണ് കെയിൻക്രോസ്. അതിന് മുമ്പ് 2016ലെ തിരഞ്ഞെടുപ്പ് കാലയളവിൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
സ്ഥാനത്തിരുന്ന് ചുമതല നിർവഹിക്കാൻ ആവശ്യമായ യോഗ്യതകൾ കെയിൻക്രോസിനില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കലിനെ പൂർണമായി പിന്തുണച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ പ്രതിരോധ വകുപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിക്കുന്ന കിർസ്റ്റൺ ഡേവിസിനാണ് (Kirsten Davies) താൽക്കാലികമായി ചുമതല നൽകിയിരിക്കുന്നത്. സെനറ്റിന്റെ പിന്തുണയും ഡേവിസിനുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി അമേരിക്കയിൽ തുടർച്ചയായി സാങ്കേതിക പ്രവർത്തന തടസ്സങ്ങൾ നേരിടുകയാണ്. യാത്രാസംവിധാനങ്ങൾ, കമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ, ഇ-കൊമേഴ്‌സ് സേവനങ്ങൾ ഉൾപ്പെടെയുള്ളവ അതിൽ ബാധിക്കപ്പെട്ടു. മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ തടസ്സങ്ങളും യുഎസിലെ വ്യോമയാന സേവനങ്ങൾ തടസ്സപ്പെട്ടതും അതിൽ ചിലതാണ്. ദേശീയ സുരക്ഷാ ഏജൻസിയുടെ (NSA) അതീവ രഹസ്യമായ ആഭ്യന്തര ആശയവിനിമയ ശൃംഖലയെയും ഈ തടസ്സങ്ങൾ ബാധിച്ചതായാണ് റിപ്പോർട്ട്. ഹാക്കിങ് നടന്നതിന് തെളിവില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമല്ല.
Content Highlights: US National Cyber Director Sean Cairncross has been removed from his position with the backing of President Donald Trump amid growing concerns over artificial intelligence threats and a wave of major domestic tech outages.
Published: 20 Nov 2026, 09:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented