വാഷിങ്ടൺ: ചൈനയിലേക്കുള്ള ഹോപ്പർ (Hopper) ശ്രേണിയിലെ എഐ ചിപ്പുകളുടെ കയറ്റുമതി നിർത്തിയതായി എൻവിഡിയ (Nvidia). അമേരിക്കൻ സർക്കാരിന്റെ കയറ്റുമതി അനുമതി ലഭിച്ച ചിപ്പുകൾ ഉൾപ്പെടെ ചൈനയിലേക്ക് ഇനി ഹോപ്പർ അയക്കുന്നില്ലെന്ന് കമ്പനിയുടെ ഇടക്കാല സിഇഒ കൊളെറ്റ് ക്രെസ് (Colette Kress)അറിയിച്ചു. നവംബർ 17-ന് നടന്ന വരുമാന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 25-ന് അവസാനിച്ച സാമ്പത്തിക വർഷപാദത്തിൽ 240 കോടി ഡോളറിന്റെ ഹോപ്പർ ശ്രേണിയിലെ ഡാറ്റാ സെന്റർ ഉൽപ്പന്നങ്ങൾ യുഎസ് അനുമതിയോടെ ചൈനയിൽ വിറ്റതായും അവർ വെളിപ്പെടുത്തി.

To advertise here,

നിലവിൽ എച്ച്200, എച്ച്20 എന്നീ താരതമ്യേന ശേഷി കുറഞ്ഞ ഹോപ്പർ ചിപ്പുകൾക്ക് മാത്രമാണ് അമേരിക്കൻ സർക്കാർ ചില നിബന്ധനകളോടെ കയറ്റുമതി അനുമതി നൽകിയിട്ടുള്ളത്. യോഗ്യതയുള്ള ചിപ്പുകൾക്ക് 25% തീരുവയും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ശേഷിയുള്ള ബ്ലാക്ക്‌വെൽ, റൂബിൻ ശ്രേണിയിലെ ജിപിയുകൾ ദേശീയ സുരക്ഷാ ആശങ്കകളുടേയും യുഎസും ചൈനയും തമ്മിലുള്ള സാങ്കേതികവിദ്യാ കിടമത്സരങ്ങളുടേയും കാരണത്താൽ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് ട്രംപ് ഭരണകൂടം വിലക്കിയിരിക്കുകയാണ്. ഇതുകൂടാതെ, വിദേശ ഡാറ്റാ സെന്ററുകൾ വഴി എൻവിഡിയ ചിപ്പുകൾ വിദൂരമായി ഉപയോഗിക്കാനാകുന്ന സാഹചര്യം തടയാനും അമേരിക്കൻ വാണിജ്യ വകുപ്പും നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

എൻ‌വിഡിയ മേധാവിയായിരുന്ന ജെൻസെൻ ഹുവാങുമായി ബന്ധമുള്ള ആലീസ് ഹുവാങ് എന്ന യുവതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് എൻവിഡിയയുടെ ഇത്തരമൊരു നടപടി. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് ലഭ്യമാക്കാൻ ആലീസ് ഹുവാങ് ഇടപെട്ടതായി ഗുരുതരമായ ആരോപണങ്ങളും അന്വേഷണങ്ങളും നിലനിൽക്കുന്നുണ്ട്. ഇതല്ലാതെതന്നെ നിയന്ത്രണം മറികടന്ന് യുഎസ് നിർമിത ചിപ്പുകൾ ചൈന സ്വന്തമാക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ നയങ്ങളും കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നതും നിരീക്ഷിക്കാൻ എൻവിഡിയ പുതിയ മേൽനോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്.