ആഗോളതലത്തിൽ 8,000 ജീവനക്കാരെ (ആകെ ജീവനക്കാരുടെ 10 ശതമാനം) പിരിച്ചുവിട്ടതിനെ തുടർന്ന് മെറ്റയിലെ ജീവനക്കാരുടെ മനോവീര്യം വളരെ മോശം അവസ്ഥയിലായിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് മെറ്റയിലെ മികച്ച എഞ്ചിനീയർമാരെ തങ്ങളുടെ കമ്പനിയിലെത്തിക്കാൻ എക്സ് (X) ശ്രമിക്കുകയാണ്.

To advertise here,

എഐ (AI) ഇൻഫ്രാസ്ട്രക്ചർ, എഐ ഏജന്റുകൾ, ഓട്ടോമേഷൻ ടൂളുകൾ എന്നിവയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മെറ്റയിലെ ഈ പിരിച്ചുവിടലുകൾ നടക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നും 2016-ലെ കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും മെറ്റയുടെ സിടിഒ ആൻഡ്രൂ ബോസ്‌വർത്ത് ജൂൺ 2-ന് നടന്ന ഒരു ഇന്റേണൽ ചാറ്റിൽ സമ്മതിച്ചിരുന്നു. ഓഫീസ് അടുക്കളയിലെ ലഘുഭക്ഷണങ്ങളും പാനീയങ്ങളും വർധിപ്പിച്ച് ജീവനക്കാരുടെ മനോവീര്യം വീണ്ടെടുക്കാമെന്നതാണ് അദ്ദേഹം നിർദ്ദേശിച്ച ഒരു മാർഗം.

എന്നാൽ അതിനേക്കാൾ മികച്ച ഭക്ഷണങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്ത് മെറ്റയിലെ ജീവനക്കാരെ പാട്ടിലാക്കാൻ ശ്രമിക്കുകയാണ് എക്സ്. എക്സിലെ സീനിയർ പ്രൊഡക്റ്റ് എക്സിക്യൂട്ടീവ് ആയ നികിത ബിയർ (Nikita Bier) ആണ് അവഗണിക്കപ്പെട്ട മെറ്റാ ജീവനക്കാർക്ക് മികച്ച 'സ്നാക്ക്' സേവനങ്ങൾ വാഗ്ദാനം ചെയ്ത് അവരെ എക്സിലേക്ക് ക്ഷണിച്ചത്.

വെബ്, ഡാറ്റാ എഞ്ചിനീയർമാരെയും ശാസ്ത്രജ്ഞരെയും എക്സ് നിയമിക്കുന്നുണ്ടെന്നും, മെറ്റാ നൽകുന്നതിന് തുല്യമോ അതിനേക്കാൾ മികച്ചതോ ആയ സ്നാക്ക് ബജറ്റ് നൽകുമെന്നും അദ്ദേഹം എക്സിലെ തൻ്റെ പോസ്റ്റിൽ വ്യക്തമാക്കി. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് റോളുകളിലേക്ക് അപേക്ഷിക്കുന്നവർ അപേക്ഷയിൽ "സ്നാക്ക്സ്" എന്ന വാക്ക് ഉപയോഗിക്കണമെന്നും, 180,000 ഡോളർ മുതൽ 440,000 ഡോളർ വരെയാണ് വാഗ്ദാനം ചെയ്യുന്ന ശമ്പളമെന്നും അദ്ദേഹം അറിയിച്ചു.

മെറ്റ പ്രതിസന്ധി നേരിടുമ്പോൾ മസ്കിന്റെ കമ്പനികൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. 2022-ൽ മസ്ക് വാങ്ങിയ എക്സ് ഇപ്പോൾ xAI-യുടെ ഭാഗമാണ്, ഇത് സ്പേസ് എക്സിന്റെയും ഭാഗമാണ്. കഴിഞ്ഞയാഴ്ച നാസ്ഡാക്ക് (Nasdaq) എക്സ്ചേഞ്ചിൽ സ്പേസ് എക്സ് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ (IPO) നടത്തിയിരുന്നു. 1.77 ട്രില്യൺ ഡോളർ മൂല്യമുള്ള ഈ ലിസ്റ്റിംഗ് വഴി മസ്കിന്റെ കമ്പനികളിൽ പുതുതായി 4,000 കോടീശ്വരന്മാർ സൃഷ്ടിക്കപ്പെടുകയും ചെയ്തു.