ലോകത്തെ ഏതാണ്ട് മുൾമുനയിൽ നിർത്തിയ ഏകദേശം 24 മണിക്കൂറോളം നീണ്ട തകരാറിൽ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞ് മൈക്രോസോഫ്റ്റ്. ടീംസ്, ഔട്ട്‌ലുക്ക്, കോപൈലറ്റ് എഐ എന്നിവ അടക്കമുള്ളവ തകരാറിലായതാണ് വിവിധ രാജ്യങ്ങളിലെ സർക്കാർ ഏജൻസികളെയടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിസന്ധിയിലാക്കിയത്. പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ ഖേദ പ്രകടനം.

To advertise here,

'ഈ സംഭവം ഉപഭോക്താക്കൾക്കടക്കം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ ഞങ്ങൾ ആത്മാർഥമായി ഖേദിക്കുന്നു. ഞങ്ങളുടെ സേവനങ്ങളിൽ നിങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസം ഞങ്ങൾക്കറിയാം. ആ ഉത്തരവാദിത്വം ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നതും സ്ഥിരതയോടെ പ്രവർത്തിക്കുന്നതും ഞങ്ങൾ കാണുന്നുണ്ട്.' - എക്‌സിൽ പോസ്റ്റുചെയ്ത പ്രസ്താവനയിൽ മൈക്രോസോഫ്റ്റ് പറഞ്ഞു.

എന്നിരുന്നാലും വിവിധ സേവനങ്ങൾ പൂർണതോതിൽ എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കാൻ കമ്പനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ഈ സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കമ്പനി തള്ളി. ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശ്യത്തോടെയുള്ള പ്രവർത്തനങ്ങളോ നിർമിതബുദ്ധി (എഐ) ഏജന്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ അല്ല തടസത്തിന് പിന്നിൽ. കമ്പനി മുൻപ് നടത്തിയ നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കലുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറാണ് തടസ്സത്തിന് കാരണമെന്നും കമ്പനി പറയുന്നു.