To advertise here,

കൊച്ചി: സ്കൂൾ വിദ്യാർഥികൾക്ക് പഠനത്തിൽ വഴികാട്ടാൻ എംബിബിഎസ് വിദ്യാർഥികൾ നിർമിച്ച 'എംഷിപ്പ് മെന്റേഴ്‌സ്' (MSHIP Mentors) ഓൺ‌ലൈൻ അക്കാദമിക് മെന്റർഷിപ്പ് ആപ്പ് പ്രവർത്തനമാരംഭിച്ചു. മുതിർന്ന വിദ്യാർഥികൾ താഴത്തെ ക്ലാസുകളിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന രീതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. എംബിബിഎസ് വിദ്യാർഥികളായ അഭിനവ് തമ്പാൻ, അദീലാ റഷീദ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ബിരുദ വിദ്യാർഥി അഭിജിത്ത് എന്നിവർ ചേർന്നാണ് ആപ്പ് തയ്യാറാക്കിയത്.

ഐഐടി, എൻഐടി, മെഡിക്കൽ വിദ്യാർഥികളാണ് സ്കൂൾ കുട്ടികൾക്ക് മെന്റർമാരായി പ്രവർത്തിക്കുന്നത്. നിലവിൽ 6 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സേവനം ലഭ്യമാകുക. ഉടൻ തന്നെ 1 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് സേവനം വ്യാപിപ്പിക്കും.

വിദ്യാർഥികൾക്ക് സ്വന്തം പഠനവേഗത്തിനനുസരിച്ച് സംശയങ്ങൾ ചോദിച്ചറിയാനും പഠിക്കാനും വ്യക്തിഗത ക്ലാസുകൾ (One-on-One Classes) ആപ്പിലൂടെ ലഭിക്കും. ഒപ്പം രക്ഷിതാക്കളുമായി കുട്ടികളുടെ അക്കാദമിക് പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തുന്നതിനായി പ്രത്യേക കോൺടാക്റ്റ് വ്യക്തിയെയും നിയോഗിച്ചിട്ടുണ്ട്. യങ് മെന്റർമാർക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം വരുമാനത്തിനുള്ള അവസരവും ഇത് നൽകുന്നു.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ഡോ. അജയ്യ കുമാറിന്റെ പിന്തുണയോടെയാണ് (Being Ajayya) എംഷിപ്പ് പ്രവർത്തിക്കുന്നത്. സംരംഭത്തിന് മാർഗനിർദേശം നൽകിയ അദ്ദേഹം ഇതിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്. "കൃത്രിമബുദ്ധിക്കും പാഠഭാഗങ്ങൾ വിശദീകരിക്കാൻ കഴിയും, എന്നാൽ ഒരു കുട്ടിയുടെ ആത്മവിശ്വാസം വളർത്താൻ മനുഷ്യബന്ധങ്ങൾക്കും മെന്ററുടെ കരുതലിനും മാത്രമേ സാധിക്കൂ" എന്ന് ഡോ. അജയ്യ കുമാർ വ്യക്തമാക്കി.