എൻവിഡിയ മേധാവിയായിരുന്ന ജെൻസെൻ ഹുവാങ്ങും ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന യുവതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദത്തിൽ പരിഹാസവുമായി ടെലഗ്രാം സി.ഇ.ഒ. പാവൽ ദുരോവ് രംഗത്ത്. തനിക്ക് ഇതുവരെ ഒരു ചാരവനിതയെയും അയച്ചുതന്നിട്ടില്ലെന്നും അത് അനീതിയാണെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ പാവൽ ദുരോവ് പറഞ്ഞു.

To advertise here,

എൻവിഡിയ സഹസ്ഥാപകനും സി.ഇ.ഒ.യുമായ 63-കാരനായ ജെൻസെൻ ഹുവാങ്ങിന് ചൈനീസ് ബിസിനസുകാരിയായ ആലീസ് ഹുവാങ്ങുമായി വിവാഹേതര ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ദുരോവിന്റെ പ്രതികരണം.

'ഏഷ്യൻ യുവതികളോട് താത്പര്യമില്ലാത്ത സി.ഇ.ഒ.മാർക്ക് രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ഡേറ്റിങ്ങിനുള്ള അവസരങ്ങൾ കുറവാണെന്നത് അനീതിയാണ്. ഫ്രഞ്ച്, റഷ്യൻ, ഇറാനിയൻ ഹണിട്രാപ്പുകൾ എവിടെ? ഒരു ചാരവനിതയെയും എനിക്ക് അയച്ചുതന്നിട്ടില്ല. അവർ ശ്രമിക്കുന്നെങ്കിലുമുണ്ടോ?' എന്നായിരുന്നു എക്സിലെ ദുരോവിന്റെ പരിഹാസം.

ഇതിനുപിന്നാലെ മറ്റൊരു പോസ്റ്റിലും അദ്ദേഹം പരിഹാസം തുടർന്നു. 'ഫ്രാൻസിനെ ഒഴിവാക്കാം. അവിടത്തെ തീരുമാനമെടുക്കുന്നവർക്ക് സ്ത്രീകളോട് താത്പര്യമില്ലല്ലോ. ബാക്കിയുള്ളവരെല്ലാം കുറച്ചുകൂടി ശ്രമിക്കൂ' എന്നായിരുന്നു ദുരോവിന്റെ പരാമർശം.

ദുരോവിന്റെ പോസ്റ്റ് വളരെ വേഗം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. 'ശതകോടീശ്വരന്മാരായ സി.ഇ.ഒ.മാർക്കുപോലും ഒരു പെൺകുട്ടിയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ എന്നെപ്പോലെയുള്ളവർ ജീവിതകാലം മുഴുവൻ അവിവാഹിതരായി കഴിയേണ്ടിവരുമല്ലോ' എന്നായിരുന്നു ഒരാളുടെ പ്രതികരണം.

അതേസമയം ഇറാനിയൻ യുവതികളോടുള്ള മോശം പ്രതികരണമായും ഈ പോസ്റ്റ് വിലയിരുത്തപ്പെട്ടു. 'ഇറാനിയൻ യുവതികൾ ഇപ്പോൾ സ്വാതന്ത്ര്യത്തിനായി പോരാടുകയും തെരുവുകളിൽ ആക്രമണങ്ങൾ നേരിടുകയും ചെയ്യുകയാണ്. അവർക്ക് ചാരപ്രവർത്തനത്തിന് സമയമില്ല' എന്നായിരുന്നു ഒരാളുടെ പ്രതികരണം.

ആരാണ് ആലീസ് ഹുവാങ്?

എൻവിഡിയ മേധാവി ജെൻസെൻ ഹുവാങ്ങുമായി അടുപ്പം സ്ഥാപിച്ച് അദ്ദേഹത്തിൽനിന്ന് രഹസ്യവിവരങ്ങൾ ശേഖരിക്കാനായി ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ആലീസ് ഹുവാങ്ങിനെ നിയോഗിച്ചതാണെന്നാണ് യു.എസ്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ സംശയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പനയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിന് ഹുവാങ്ങിനെ സ്വാധീനിക്കാനും അവർക്ക് നിർദേശം ലഭിച്ചിരുന്നതായും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.