മെറ്റ എഐയുടെ മൊബൈല്‍ ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സിമിലര്‍ വെബ്ബിനെ ഉദ്ധരിച്ച് ടെക്ക് ക്രഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലെ പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ നാലാഴ്ച മുമ്പ് 7,75,000 ഉണ്ടായിരുന്നത് ഒക്ടോബര്‍ 17 ലെ സ്ഥിതി അനുസരിച്ച് 27,00,000 ആയി വര്‍ധിച്ചു. മെറ്റ എഐ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ എണ്ണം പ്രതിദിനം മൂന്ന് ലക്ഷം എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. 2024 ഒക്ടോബര്‍ 17 ല്‍ അതായത് ഒരു വര്‍ഷം മുമ്പ് മെറ്റ എഐയ്ക്ക് 4000 പ്രതിദിന ഡൗണ്‍ലോഡ് ആണ് ഉണ്ടായിരുന്നത്.

To advertise here,

ഇത് സെര്‍ച്ചിലൂടെയും പരസ്യത്തിലൂടെയും ആണെന്ന് കരുതുന്നില്ലെന്ന് സിമിലര്‍ വെബ്ബ് പറയുന്നു. ചിലപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആപ്പിന് പ്രചാരം നല്‍കുന്നുണ്ടാവാമെന്നും സ്ഥാപനം പറഞ്ഞു. അതേസമയം, മെറ്റ സെപ്റ്റംബറില്‍ അവതരിപ്പിച്ച പുതിയ വൈബ്‌സ് ഫീഡ് ഈ വര്‍ധനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എഐ നിര്‍മിത വീഡിയോകള്‍ പങ്കുവയ്ക്കുന്നതിനായി റീല്‍സ് ശൈലിയില്‍ മെറ്റ എഐ ആപ്പില്‍ ഒരുക്കിയ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമാണ് വൈബ്‌സ്. മെറ്റ എഐയുടെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വൈബ്‌സ് ഫീഡ് സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമാനമായ രീതിയില്‍ ഓപ്പണ്‍ എഐ അവതരിപ്പിച്ച സോറ എന്ന വീഡിയോ ജനറേറ്റര്‍ സംവിധാനത്തിലേക്ക് വലിയ രീതിയില്‍ ഉപഭോക്താക്കള്‍ വന്നിരുന്നു. പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ചറിയാനുള്ള ആളുകളുടെ താത്പര്യമായിരുന്നു അതിന് പിന്നില്‍. അത് തന്നെയാണ് വൈബ്‌സിന്റെ വരവിന് പിന്നാലെ മെറ്റ എഐയിലും സംഭവിച്ചതെന്ന് കരുതുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാനുള്ള ഡേറ്റ തങ്ങളുടെ പക്കലില്ലെന്ന് സിമിലര്‍ വെബ്ബ് പറഞ്ഞു.

മെറ്റ എഐ ആപ്പില്‍ ചിത്രങ്ങള്‍ ആനിമേറ്റ് ചെയ്യുക എളുപ്പമാണ്. ഈ വീഡിയോകള്‍ വൈബ്‌സിലും മറ്റ് മെറ്റ പ്ലാറ്റ്‌ഫോമുകളിലും പങ്കു വയ്ക്കുകയും ചെയ്യാം. ഓപ്പണ്‍ എഐ സോറ ഇന്‍വൈറ്റ് ഓണ്‍ലി ആയതും മെറ്റ എഐ സൗജന്യമായി ഉപയോഗിക്കാമെന്നതും എഐ വീഡിയോ ഉപഭോക്താക്കളെ മെറ്റ എഐയിലേക്ക് ആകര്‍ഷിച്ചിരിക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.