ലോകത്തെ മൂല്യമേറിയ ചിപ്പ് നിർമാതാക്കളിലൊന്നായ എൻവിഡിയയുടെ മേധാവി ജെൻസെൻ ഹുവാങ്ങിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. ചൈനീസ് ചാരവനിതയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ എൻവിഡിയയുടെ നേതൃമാറ്റ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കമ്പനി സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ എഫ്ബിഐ ഉൾപ്പെടെയുള്ള ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഹുവാങ് സിഇഒ സ്ഥാനത്ത് തുടരുമെന്നാണ് എൻവിഡിയ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം ഉടനടി സ്ഥാനമൊഴിയാൻ സാധ്യതയില്ല. ഹുവാങ്ങിന് സ്ഥാനമൊഴിയേണ്ടി വന്നാൽ എൻവിഡിയയെ ആര് നയിക്കും?
1993-ൽ ക്രിസ് മലാചോവ്‌സ്‌കി, കർട്ടിസ് പ്രീം എന്നിവർക്കൊപ്പം എൻവിഡിയ സ്ഥാപിച്ച വ്യക്തിയാണ് ജെൻസെൻ ഹുവാങ്. ഗ്രാഫിക്സ് ചിപ്പുകൾ നിർമിക്കുന്ന കമ്പനിയായി ആരംഭിച്ച എൻവിഡിയയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള എഐ പ്രോസസർ നിർമാതാക്കളിലൊന്നാക്കി മാറ്റിയത് അദ്ദേഹത്തിന്റെ നേതൃത്വമാണ്. ഇന്ന് മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികളുടെ എഐ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിൽ എൻവിഡിയയുടെ ജിപിയുകൾ നിർണായകമാണ്.
ഹുവാങ്ങിന് ശേഷം ആര് കമ്പനിയെ നയിക്കുമെന്നതിനെക്കുറിച്ച് എൻവിഡിയ ഇതുവരെ ചിന്തിച്ചിട്ടില്ല. അങ്ങനെ ഒരു പിൻഗാമിയായി കമ്പനി ആരെയും ഔദ്യോഗികമായി കണ്ടെത്തിയിട്ടുമില്ല. അദ്ദേഹത്തിന് തൊട്ടുതാഴെ അധികാരകേന്ദ്രമായി തിരിച്ചറിയപ്പെടുന്ന ഒരു നേതാവുമില്ല.
പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല
എൻവിഡിയക്ക് പരസ്യമായ ഒരു ഔദ്യോഗിക പിന്തുടർച്ചാ പദ്ധതിയോ ഹുവാങ്ങിന് പകരം ഉടനടി ചുമതലയേൽക്കാൻ വ്യക്തമായ രണ്ടാമതൊരു നേതാവോ ഇല്ല. തന്ത്രപരമായ തീരുമാനങ്ങൾ, ഉൽപ്പന്ന വികസനം, പ്രധാന വാണിജ്യ ബന്ധങ്ങൾ, സർക്കാരുകളുമായും നയരൂപീകരണ വിദഗ്ധരുമായുള്ള ബന്ധങ്ങൾ എന്നിവയെല്ലാം ഹുവാങ്ങിന്റെ നേരിട്ടുള്ള ഇടപെടലിലാണ് നടന്നുവന്നിരുന്നത്.
എൻവിഡിയയുടെ മാനേജ്മെന്റ് ഘടനയും ഇതിൽ പ്രധാനമാണ്. നിരവധി മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് ഹുവാങ്ങിന് റിപ്പോർട്ട് ചെയ്യുന്ന ഫ്ലാറ്റ് മാനേജ്മെന്റ് രീതിയാണ് കമ്പനി പിന്തുടരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭാവത്തിൽ തീരുമാനങ്ങളെടുക്കുന്നതിനും വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിനും പുതിയൊരു നേതൃത്വസംവിധാനം ആവശ്യമായി വന്നേക്കാം.
നിർമിത ബുദ്ധിയുടെ അതിവേഗമുള്ള വളർച്ചയ്ക്കൊപ്പംതന്നെ വളരെ വേഗത്തിലാണ് ലോകത്തിലെ മൂല്യമേറിയ കമ്പനികളിലൊന്നായി എൻവിഡിയ ഉയർന്നത്. ജെൻസെൻ ഹുവാങ്ങിന്റെ ശക്തമായ നേതൃപാടവവും അതിന് പിന്നിലുണ്ട്. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും ജെൻസെൻ ഹുവാങ്ങിന് ഒരു പകരക്കാരനെ വേണ്ടിവരുമെന്ന് കമ്പനി ചിന്തിച്ചിട്ടില്ല. ഒരു കമ്പനിയുടെ പ്രവർത്തനങ്ങളും വളർച്ചയും തന്ത്രങ്ങളും ഒരു വ്യക്തിയെ അമിതമായി ആശ്രയിക്കുന്ന 'കീ പേഴ്സൺ റിസ്ക്' എന്ന സാഹചര്യമാണ് എൻവിഡിയ ഇപ്പോൾ നേരിടുന്നത്.
ഹുവാങ്ങിന് പകരക്കാരാകാൻ സാധ്യതയുള്ള ആറ് പേരുകൾ
എൻവിഡിയ ഔദ്യോഗികമായി പിൻഗാമിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പനിയിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും ഹുവാങ്ങിന്റെ കുടുംബാംഗങ്ങളും നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്.
- കോലെറ്റ് ക്രെസ്: എൻവിഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ. കമ്പനിയുടെ സാമ്പത്തിക വളർച്ചയും ബിസിനസ് തന്ത്രങ്ങളും കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഇവർ ഹുവാങ് കഴിഞ്ഞാൽ ഏറ്റവും പ്രമുഖയായ എക്സിക്യൂട്ടീവുകളിലൊരാളാണ്.
- ഇയാൻ ബക്ക്: ഹൈപ്പർസ്കെയിൽ ആൻഡ് ഹൈ-പെർഫോമൻസ് കംപ്യൂട്ടിങ് വൈസ് പ്രസിഡന്റ്. എൻവിഡിയയുടെ എഐ വികസനത്തിന്റെ കേന്ദ്രമായ CUDA സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിന്റെ വികസനത്തിന് നേതൃത്വം നൽകിയ സാങ്കേതിക വിദഗ്ധനാണ്.
- ബ്രയാൻ കറ്റാൻസാരോ: അപ്ലൈഡ് ഡീപ് ലേണിങ് റിസർച്ച് വൈസ് പ്രസിഡന്റ്. എൻവിഡിയയുടെ നിർമിത ബുദ്ധി (AI) ഗവേഷണത്തിനും വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.
- ജെയ് പുരി: വേൾഡ് വൈഡ് സെയിൽസ് ആൻഡ് പാർട്ണർഷിപ്സ് മുൻ തലവൻ. രണ്ട് പതിറ്റാണ്ടിലേറെ എൻവിഡിയയിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം വലിയ ഉപഭോക്താക്കളുമായും ബിസിനസ് പങ്കാളികളുമായും ശക്തമായ ബന്ധം സ്ഥാപിച്ചിരുന്നു. എന്നാൽ, 2026 ജൂലായിൽ അദ്ദേഹം വിരമിച്ചത് പിൻഗാമിയാകാനുള്ള സാധ്യതയെ സങ്കീർണമാക്കിയേക്കാം.
- മാഡിസൺ ഹുവാങ്: ജെൻസെൻ ഹുവാങ്ങിന്റെ മകൾ, പ്രൊഡക്ട് മാർക്കറ്റിംഗ് സീനിയർ ഡയറക്ടർ. ആറ് വർഷമായി കമ്പനിയിൽ പ്രവർത്തിക്കുന്ന ഇവർക്ക് LVMH, ലണ്ടൻ ബിസിനസ് സ്കൂൾ പശ്ചാത്തലമുണ്ട്. എങ്കിലും ഇവരെ ഔദ്യോഗികമായി പിൻഗാമിയായി നിശ്ചയിച്ചിട്ടില്ല.
- സ്പെൻസർ ഹുവാങ്: ജെൻസെൻ ഹുവാങ്ങിന്റെ മകൻ, റോബോട്ടിക്സ് വിഭാഗം പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടർ. നാല് വർഷമായി എൻവിഡിയയിലുള്ള ഇദ്ദേഹം റോബോട്ടിക്സ് വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. എങ്കിലും ഇദ്ദേഹത്തിനും ഔദ്യോഗിക പിൻഗാമി പദവി നൽകിയിട്ടില്ല.
Content Highlights: Nvidia CEO Jensen Huang is currently under independent and FBI investigations regarding alleged ties to a Chinese spy, sparking widespread speculation about an impending leadership change. If he is forced to step down, the AI giant faces a severe "key person risk," though top executives like Colette Kress, Ian Buck, and even his own children are being floated as potential successors.
Published: 11 Nov 2026, 05:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented