ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്ന ഉള്ളടക്കമടങ്ങിയ പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതിന് ടെക് ഭീമനായ മെറ്റയോടു വിശദീകരണംതേടാൻ കേന്ദ്രസർക്കാർ.
ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്ര ഐ.ടി. മന്ത്രി അശ്വനി വൈഷ്ണവ് നിർദേശിച്ചു. ഇത്തരം പരസ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നതിനെപ്പറ്റി മന്ത്രാലയം വിശദീകരണം തേടും. ഈ ആഴ്ച രണ്ടാമത്തെ തവണയാണ് മെറ്റയ്ക്ക് സർക്കാർ നോട്ടീസ് നൽകുന്നത്.
സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമങ്ങൾ പണംവാങ്ങി പ്രചരിപ്പിക്കുന്നുണ്ടെന്ന് ‘ബി.ബി.സി.’യാണ് റിപ്പോർട്ടുചെയ്തത്. ലൈംഗികച്ചുവയുള്ള ചില പദങ്ങളുൾപ്പെട്ട ഈ പരസ്യങ്ങൾ ഉപയോക്താക്കൾക്ക് ടെലഗ്രാം ചാനലുകളിലേക്ക് പോകാനുള്ള ലിങ്കുകൾ നൽകുന്നുണ്ട്. ഈ ചാനലുകളിൽ കുട്ടികളുൾപ്പെട്ട ലൈംഗികദൃശ്യങ്ങൾ, പീഡനദൃശ്യങ്ങൾ മറ്റ് അശ്ലീല ദൃശ്യങ്ങൾ തുടങ്ങിയവ വെറും 99 രൂപയ്ക്കുവരെ വാങ്ങാൻ സാധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഇത്തരം ഉള്ളടക്കങ്ങൾ തിരയാത്തവർക്കുപോലും ആൽഗൊരിതം അശ്ലീല ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതായും കണ്ടെത്തി. ഈ പരസ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി റിപ്പോർട്ടുചെയ്തപ്പോൾ പരസ്യം തങ്ങളുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമല്ലാത്തതിനാൽ മാറ്റാനാകില്ലെന്ന മറുപടിയാണ് ബി.ബി.സിക്ക് ലഭിച്ചത്. കുട്ടികൾക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഒരു അശ്ലീല ഉള്ളടക്കവും പ്രോത്സാഹിപ്പിക്കില്ലെന്നാണ് മെറ്റയുടെ അവകാശവാദം.
വാട്‌സാപ്പിലെ പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ബുധനാഴ്ച കേന്ദ്രസർക്കാർ മെറ്റയ്ക്ക് നോട്ടീസയച്ചിരുന്നു. യൂസർനെയിം ഓൺലൈൻ തട്ടിപ്പുകൾ വർധിക്കാൻ കാരണമാകുമെന്ന ആശങ്കയെത്തുടർന്നായിരുന്നു നടപടി.
Content Highlights: The Indian government has directed Meta officials to provide an explanation regarding how paid advertisements promoting child sexual abuse material and redirecting users to illicit Telegram channels surfaced on Instagram, following an investigative report by the BBC.
Published: 04 Jul 2026, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented