ചെന്നൈ: ഹൈഡ്രജൻ ഉത്പാദന സാങ്കേതികതയിൽ ലോകോത്തര നേട്ടവുമായി കൽപ്പാക്കം ആണവോർജ നിലയം (ഐ.ജി.സി.എ.ആർ). ആണവ താപത്തിന്റെ സഹായത്തോടെയുള്ള സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചത്. ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽനിന്ന് ഉത്പാദിപ്പിക്കുന്ന ആണവതാപം ഉപയോഗിച്ച് കോപ്പർ-ക്ലോറിൻ തെർമോകെമിക്കൽ പ്രക്രിയ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഉത്പാദനമെന്ന നേട്ടമാണ് ഇതിലൂടെ ഇന്ത്യ കൈവരിച്ചതെന്ന് ഐ.ജി.സി.എ.ആർ. വൃത്തങ്ങൾ അറിയിച്ചു.

To advertise here,

വെളളിയാഴ്ചനടന്ന ചടങ്ങിൽ ഐ.ജി.സി.എ.ആർ. ഡയറക്ടർ ശ്രീകുമാർ ജി. പിള്ളയുടെ സാന്നിധ്യത്തിൽ ആണവോർജ കമ്മിഷൻ ചെയർമാൻ ഡോ. അജിത് കുമാർ മൊഹന്തിയാണ് ഉദ്ഘാടനംനിർവ്വഹിച്ചത്. മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ സാങ്കേതികസഹായം ഇതിനു പിന്നിലുണ്ട്. ആണവതാപത്തിന്റെ സംയോജനം വഴിയുള്ള ഹൈഡ്രജൻ ഉത്പാദനം നൂതന സാങ്കേതികമുന്നേറ്റമാണ്. ആണവ റിയാക്ടറുകൾ ഉപയോഗിച്ച് വലിയതോതിൽ കാർബൺ രഹിത ഹൈഡ്രജൻ ഉത്പാദനത്തിനുള്ള പുതിയവഴിയാണ് ഇതിലൂടെ തുറക്കപ്പെടുക. പ്രത്യേകിച്ചും ഭാവിയിൽ ഹൈഡ്രജനു പ്രധാന്യമേറുന്ന സാഹചര്യത്തിൽ.

ശുദ്ധവും സുസ്ഥിരവുമായ ഊർജ സംവിധാനങ്ങളിലേക്കുള്ള ആഗോള പരിവർത്തനത്തിൽ ഈ പുതിയസാങ്കേതികത നിർണായകപങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാക്ടറുകളിൽ നിന്നുള്ള ആണവതാപം ഉപയോഗപ്പെടുത്തുന്നതിലൂടെ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതും ഗണ്യമായി കുറയ്ക്കാനാകുമെന്നും ഐ.ജി.സി.എ.ആർ. വൃത്തങ്ങൾ പറഞ്ഞു.