ലോകരാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ! 10 കോച്ചുകളും 2,600 യാത്രക്കാരുമായി ലോകത്തെ വമ്പൻ ഹൈഡ്രജൻ ട്രെയിൻ
ലോകത്തിലെ വമ്പൻ രാജ്യങ്ങൾ പോലും രണ്ടോ മൂന്നോ കോച്ചുകളുള്ള ഹൈഡ്രജൻ ട്രെയിൻ ഓടിക്കുമ്പോൾ നമ്മൾ, ആദ്യമായി നിർമ്മിച്ച ട്രെയിനിന് രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളും അടക്കം 10 കോച്ചുകൾ.
ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാനാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളിൽ ഒന്ന്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം.
ലോകോത്തരം എന്ന് നിസ്സംശയം പറയാം.
ജർമ്മനിക്കും ജപ്പാനും ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെയാണ് ഇന്ത്യയിലും ഹൈഡ്രജൻ ട്രെയിൻ യുഗം പിറന്നത്. പൂർണമായും സ്വന്തമായി വികസിപ്പിച്ച രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ ട്രെയിനാണ് ഹരിയാനയിലെ ജിന്ദിൽനിന്ന് സോണിപതിലേക്ക് പ്രയാണം ആരംഭിച്ചത്. ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്.
1853-ൽ മുംബൈയിൽ നിന്നും താനെയിലേക്കാണ് ആദ്യ കൽക്കരി തീവണ്ടി ഓടിയത്. അന്നു മുതൽ ഇന്നത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സ് വരെ എത്തിനിൽക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇത്.
കൽക്കരിയും ഡീസലും ഇലക്ട്രിക്കും കടന്ന് പൂജ്യം ശതമാനം മലിനീകരണം ഉറപ്പ് നൽകുന്ന ഹൈഡ്രജൻ യുഗത്തിലേക്ക് എത്തിയിരിക്കുന്നു. 'നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ' ഭാഗമായി നടപ്പിലാക്കിയ ഈ പദ്ധതി ഇന്ത്യയുടെ നെറ്റ്-സീറോ കാർബൺ എമിഷൻ ലക്ഷ്യങ്ങൾക്ക് വലിയ ഊർജ്ജമാണ് പകരുന്നത്.
പൂർണ്ണമായും 'ആത്മനിർഭർ ഭാരത്'പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ട്രെയിനിൽ സാങ്കേതികവിദ്യയിൽ ആഗോള നിലവാരത്തിലുള്ള സവിശേഷതകളാണ് ഉള്ളത്. ജിന്ദ്-സോണിപത് സർവീസിന് ആവശ്യമായ ഇന്ധനം തടസ്സമില്ലാതെ ലഭ്യമാക്കാൻ ജിന്ദിൽ രാജ്യത്തെ ആദ്യത്തെ അത്യാധുനിക ഹൈഡ്രജൻ ഉത്പാദന-റീഫ്യുവലിങ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.
ഹൈഡ്രജൻ ട്രെയിനുകളുടെ പ്രവർത്തനരീതി മറ്റ് ട്രെയിനുകളിൽനിന്നും തീർത്തും വ്യത്യസ്തമാണ്. സാധാരണ നാം കാണുന്ന ഇലക്ട്രിക് ട്രെയിനുകൾക്ക് മുകളിലൂടെ പോകുന്ന ഹൈ-വോൾട്ടേജ് ലൈനുകളോ ഡീസൽ ട്രെയിനുകളുടെ ഭീമാകാരമായ എഞ്ചിനുകളോ ഈ ട്രെയിനില്ല.
ട്രെയിനിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള പ്രോട്ടോൺ എക്‌സ്‌ചേഞ്ച് മെംബ്രൻ ഫ്യുവൽ സെല്ലാണ് ഈ ട്രെയിനിന്റെ പവർ ഹൗസ്. ഇതിലേക്ക് ട്രെയിനിലെ സംഭരണിയിൽ നിന്നുള്ള ഹൈഡ്രജൻ വാതകവും അന്തരീക്ഷത്തിൽ നിന്നുള്ള ഓക്‌സിജനും കടത്തിവിടുന്നു. ഇവ തമ്മിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി ഉയർന്ന അളവിൽ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു. ഈ വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിനിന്റെ മോട്ടോറുകൾ പ്രവർത്തിക്കുന്നത്. വെള്ളത്തിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്ന 'ഇലക്ട്രോലിസിസ്' പ്രക്രിയയാണ് ജിന്ദിലെ പ്ലാന്റിൽ നടക്കുക. ഇതിനായി ഉപയോഗിക്കുന്ന വൈദ്യുതി പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നായതുകൊണ്ടാണ് ഇതിനെ 'ഗ്രീൻ ഹൈഡ്രജൻ' എന്ന് വിളിക്കുന്നത്. ഈ രാസപ്രവർത്തനത്തിന്റെ ഭാഗമായി പുകയോ, കരിയോ, മറ്റ് വിഷവാതകങ്ങളോ ഒന്നും ഉൽപാദിപ്പിക്കപ്പെടുന്നില്ല. നീരാവിയും ചൂടും മാത്രമാണ് ഒരേയൊരു ബൈപ്രൊഡക്ട്. 'സ്‌മോക്ക്‌ലെസ് മാജിക്' എന്നാണ് ശാസ്ത്രലോകം ഈ ടെക്‌നോളജിയെ വിളിക്കുന്നത്.ഈ പ്ലാന്റിൽ കംപ്രസ് ചെയ്ത രൂപത്തിൽ ഒരേസമയം 3,000 കിലോഗ്രാം ഹൈഡ്രജൻ സംഭരിക്കാനും ട്രെയിനുകളിലേക്ക് അതിവേഗം വിതരണം ചെയ്യാനുമുള്ള സംവിധാനമുണ്ട്.
വായുവിനേക്കാൾ ഭാരം കുറഞ്ഞതും എന്നാൽ പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ളതുമായ ഒരു വാതകമാണ് ഹൈഡ്രജൻ. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രതയാണ് ഇന്ത്യൻ റെയിൽവേ പുലർത്തിയിരിക്കുന്നത്. ട്രെയിനിലും പ്ലാന്റിലും ഉടനീളം സൂക്ഷ്മമായ ഹൈഡ്രജൻ ലീക്ക് ഡിറ്റക്ടറുകളും ഫ്‌ലെയിം സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. നേരിയ രീതിയിലുള്ള വാതകച്ചോർച്ച അനുഭവപ്പെട്ടാൽ പോലും ഇന്ധന വിതരണം സെക്കൻഡുകൾക്കകം തനിയെ നിർത്തലാക്കുന്ന ഓട്ടോമാറ്റിക് ഷട്ട് ഡൗൺ സംവിധാനവും ഇതിലുണ്ട്.ജർമ്മനിയിലെ ലോകപ്രശസ്ത സുരക്ഷാ പരിശോധനാ ഏജൻസിയായ TUV SUD-ന്റെ കർശന പരിശോധനകൾക്ക് ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കറ്റ് ഈ സംവിധാനത്തിന് ലഭിച്ചിട്ടുണ്ട്.
ജിന്ദ്-സോണിപത് റൂട്ടിലെ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം, ഇന്ത്യയിലെ പ്രശസ്തമായ പൈതൃക റെയിൽവേ റൂട്ടുകളിലേക്ക് ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ പദ്ധതി.പ്രകൃതിഭംഗി തുളുമ്പുന്ന, യുനെസ്‌കോ പൈതൃക പട്ടികയിലുള്ള കാൽക്ക-ഷിംല പോലുള്ള റൂട്ടുകളിൽ ഡീസൽ എഞ്ചിനുകൾ ഉണ്ടാക്കുന്ന മലിനീകരണവും ശബ്ദവും ഇല്ലാതാക്കാൻ ഹൈഡ്രജൻ ട്രെയിനുകൾക്ക് സാധിക്കും. ഇത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വേകുകയും ചെയ്യും.
ഭാവിയുടെ ഇന്ധനമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഹൈഡ്രജനിലേക്ക് ഇന്ത്യൻ റെയിൽവേ ചുവടുവെക്കുമ്പോൾ അത് രാജ്യത്തിന്റെ ക്ലീൻ ഊർജ്ജ സുരക്ഷയിലേക്കുള്ള വലിയൊരു കുതിച്ചുചാട്ടമാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും, നഗരങ്ങളിലെ വായുമലിനീകരണം തടയാനും ഈ സുസ്ഥിര ഗതാഗതമാർഗ്ഗം സഹായിക്കും. വരുംതലമുറയ്ക്കായി ഭാരതം ഒരുക്കുന്ന ഹരിതവും സുരക്ഷിതവുമായ നാളെയുടെ പ്രതീകമായി ഈ ഹൈഡ്രജൻ ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കും.
Content Highlights: India's first indigenous 10-coach hydrogen train launched on the Jind-Sonipat route. Features a 2,600 passenger capacity with a top speed of 110 km/h. Powered by Proton Exchange Membrane (PEM) fuel cells with zero emissions. Supported by India's first hydrogen production and refueling plant in Jind. Certified for safety by TUV SUD, featuring automated leak detection and shut-off systems. Strategic move towards Net-Zero carbon emissions under the National Green Hydrogen Mission.
Published: 19 Jul 2026, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented