ഡിസ്പ്ലേ നല്ലപോലെ പരന്നതും മടക്കുകളില്ലാത്തതുമാക്കാൻ ആപ്പിൾ ആഗ്രഹിച്ചിരുന്നു. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രീസ് പൂർണമായി ഒഴിവാക്കാൻ സാധിക്കാത്തതിനാൽ ഗ്ലെയർ പരമാവധി കുറച്ച് മടക്കുകൾ കാഴ്ചയിൽനിന്ന് ഒഴിവാക്കുക എന്നതായിരുന്നു ബദൽമാർഗം.

ഫോൾഡബിൾ ഫോൺ വിപണിയിൽ വളരെ വൈകിയാണ് ആപ്പിൾ രംഗപ്രവേശം ചെയ്തത്. ആപ്പിളിന്റെ പുതിയ സിഇഒ ജോൺ ടെർനസ് ആണ് കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോ പ്രഖ്യാപിച്ചത്. ആൻഡ്രോയിഡ് ഉപകരണ നിർമാതാക്കൾ ഈ മേഖലയിൽ നിരവധി ഉത്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് വിപണി പിടിച്ചിട്ടും ആപ്പിൾ ഫോൾഡബിളിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ, 2026-ൽ ഒരു ഫോൾഡബിൾ ഡിവൈസ് പുറത്തിറക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്താണ്? ആപ്പിൾ എന്താണ് ഇക്കാര്യത്തിൽ വൈകി സഞ്ചരിച്ചത്? ഈ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയിരിക്കുകയാണ് സിഇഒ ജോൺ ടെർനസ്.
ഫോൾഡബിൾ സ്ക്രീനുള്ള ഐഫോൺ പുറത്തിറക്കാൻ സമയമായെന്ന് ആപ്പിൾ തീരുമാനിക്കാനുണ്ടായ കാരണം, ഐഫോൺ ഡ്യുവോയിലെ ഫോൾഡബിൾ ഡിസ്പ്ലേയിൽ ഉപയോഗിച്ചിട്ടുള്ള നാനോ ടെക്സ്ചർ കോട്ടിങ് ആണെന്ന് ടെർനസ് പറയുന്നു. ഫോൾഡബിൾ ഡിസ്‌പ്ലേയിലെ മടക്കുകൾ (crease) നിഴലിക്കുന്നതും പ്രകാശം തട്ടി പ്രതിഫലിക്കുന്നതും കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഈ കോട്ടിങ് കൃത്യമായി പ്രവർത്തിക്കുന്നത് കണ്ടപ്പോഴാണ് ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ സമയമായി എന്ന് ആപ്പിൾ തീരുമാനിച്ചതെന്ന് ടെർനസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഡിസ്പ്ലേ നല്ലപോലെ പരന്നതും മടക്കുകളില്ലാത്തതുമാക്കാൻ ആപ്പിൾ ആഗ്രഹിച്ചിരുന്നു. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രീസ് പൂർണമായി ഒഴിവാക്കാൻ സാധിക്കാത്തതിനാൽ ഗ്ലെയർ പരമാവധി കുറച്ച് മടക്കുകൾ കാഴ്ചയിൽനിന്ന് ഒഴിവാക്കുക എന്നതായിരുന്നു ബദൽമാർഗം. എന്നാൽ, നാനോ ടെക്സ്ചർ കോട്ടിങ് ഉപയോഗിച്ച് പ്രകാശത്തിന്റെ പ്രതിഫലനം കുറയ്ക്കുന്നതിലൂടെ സ്ക്രീനിലെ മടക്ക് പെട്ടെന്ന് ഉപയോക്താക്കൾക്ക് ദൃശ്യമാകില്ല. ഇത് സ്ക്രീൻ പൂർണമായും പരന്നതാണെന്നും തുറന്നതാണെന്നുമുള്ള തോന്നലുണ്ടാക്കും.
എതിരാളികളുടെ കൈവശമില്ലാതിരുന്ന ഈ സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് കണ്ടപ്പോഴാണ് കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ സമയമായെന്ന് തങ്ങൾ തീരുമാനിച്ചതെന്ന് ടെർനസ് പറഞ്ഞു.
ഐഫോൺ ഡ്യുവോയുടെ വരവറിഞ്ഞ് തയ്യാറെടുത്ത എതിരാളികൾ
ഫോൾഡബിൾ വിപണിയിലെ എതിരാളികളെ നേരിടാനുള്ള ആപ്പിളിന്റെ പ്രധാന ആയുധമായിരുന്നു ഈ നാനോ ടെക്സ്ചർ കോട്ടിങ്. അത് രഹസ്യമാക്കി വെക്കാൻ കമ്പനി ആഗ്രഹിച്ചിരുന്നു. അതിന് സാധിച്ചുവെന്നും കമ്പനിയുടെ മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക്ക് (ജോസ്) പറഞ്ഞു.
ഐഫോൺ ഡ്യുവോ പുറത്തിറങ്ങുന്നതിനുമുമ്പ് തന്നെ അതിന്റെ ആസ്പെക്ട് റേഷ്യോ വിവരങ്ങൾ ചോർന്നുവെന്ന് ജോസ് വെളിപ്പെടുത്തി. ആ വിവരം ചോർന്നതോടെ വളരെ വേഗം തന്നെ എതിരാളികളായ കമ്പനികൾ അതിനെ നേരിടാനുള്ള ഫോണുകൾ വിപണിയിലെത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാവേയുടെ പ്യൂറ എക്സ് മാക്സ്, സാംസങ്ങിന്റെ ഇസഡ് ഫോൾഡ് 8 എന്നിവ ഐഫോൺ ഡ്യുവോയെപ്പോലെ പാസ്പോർട്ട് സ്റ്റൈൽ ഫോം ഫാക്ടറിലുള്ളവയാണ്.
അതുകൊണ്ടുതന്നെ ആപ്പിൾ ഡിസ്പ്ലേ കോട്ടിങ്ങിന്റെ കാര്യം രഹസ്യമാക്കി വെച്ചു. അതിനുവേണ്ടി രഹസ്യമായ ഒരു കോഡ് നെയിമും ഉപയോഗിച്ചിരുന്നുവെന്ന് ടെർനസും ജോസും പറഞ്ഞു. എന്നാൽ, ആ പേരെന്താണെന്ന് മാത്രം ഇരുവരും പറഞ്ഞില്ല. നിലവിൽ എതിരാളികൾക്കൊന്നുമില്ലാത്ത സവിശേഷതയാണ് ഈ നാനോ ടെക്സ്ചർ കോട്ടിങ് എന്ന് ഇരുവരും പറയുന്നു.
വിവേകത്തോടെയുള്ള ആപ്പിളിന്റെ കാത്തിരിപ്പ്
ഫോൾഡബിൾ ഫോണുകളുടെ സാങ്കേതികവിദ്യ പൂർണമായി വികസിച്ചു എന്ന് തോന്നുന്നതുവരെയുള്ള കാത്തിരിപ്പാണ് ആപ്പിൾ ഈ രംഗത്തേക്ക് കടന്നുവരുന്നത് വൈകുന്നതിന്റെ കാരണമെന്ന് നേരത്തേതന്നെ വിലയിരുത്തപ്പെട്ടിരുന്നു. എന്തെങ്കിലും ഒരു പുതിയ സാങ്കേതികവിദ്യ ചാടിക്കയറി അവതരിപ്പിക്കുന്നതിനുപകരം, പൂർണതയിലെത്തിയ മികച്ച അനുഭവം നൽകുന്ന സാങ്കേതികവിദ്യ ഉപയോക്താക്കളിലെത്തിക്കാനാണ് ആപ്പിൾ ആഗ്രഹിച്ചിരുന്നത്. ഐഫോൺ ഡ്യുവോ പുറത്തിറങ്ങിയ സമയം നോക്കുമ്പോൾ ആ വിലയിരുത്തൽ ശരിയാണെന്ന് തോന്നാം.
ഫോൾഡബിൾ ഫോണുകൾ ആദ്യം പുറത്തിറങ്ങിയപ്പോൾ പ്രധാന പ്രശ്നം അതിലെ ഹിഞ്ച് ആയിരുന്നു. ആ സാങ്കേതികവിദ്യ ഇപ്പോൾ ഫലപ്രദമായ രീതിയിൽ പരിഷ്കരിക്കപ്പെട്ടു. മടക്കുന്ന സ്ക്രീനിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വേറും അതിനോട് ഇണങ്ങുന്ന ആപ്ലിക്കേഷനുകളും തകരാറുകളില്ലാതെ പ്രവർത്തിക്കുന്ന നിലയിലെത്തി. ശക്തിയേറിയ സ്മാർട്ഫോൺ ചിപ്പുകൾ വന്നു. നിർമാണ സാങ്കേതികവിദ്യകൾ മാറി. ഇതോടൊപ്പം ഫോൾഡബിൾ ഫോൺ വിപണി ആഗോളതലത്തിൽ വികസിക്കുകയും ചെയ്തു. ടെർനസ് പറഞ്ഞതുപ്രകാരം ആപ്പിൾ അവസാനമായി കാത്തിരുന്നത് ക്രീസ് എന്ന് വിളിക്കുന്ന മടക്ക് കാണാത്ത ഡിസ്പ്ലേ ആയിരിക്കണം. അതും സാധ്യമായെന്ന് കണ്ടതോടെ കമ്പനി ആദ്യ ഫോൾഡബിൾ ഐഫോൺ വിപണിയിലെത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു.
Content Highlights: Apple CEO John Ternus revealed that the company delayed entering the foldable smartphone market until perfecting a proprietary nano-texture display coating that minimizes reflections and hides visible screen creases on the newly unveiled iPhone Duo.
Published: 13 Sept 2026, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented