ഇതോടെ ജര്‍മ്മനി, ജപ്പാന്, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളോടൊപ്പം റെയില്‍ ഗതാഗതത്തിനായി ഹൈഡ്രജന്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും.

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി നൽകി ഇന്ത്യൻ റെയിൽവേ. ഹരിയാണയിലെ ജിന്ദ്-സോനിപത്ത് സെക്ഷനിൽ 10-ബോഗികളുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ സർവീസ് നടത്തും. 1,200 കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിക്കുന്ന ട്രെയിൻ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാവും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക എന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ജർമ്മനി, ജപ്പാൻ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളോടൊപ്പം റെയിൽ ഗതാഗതത്തിനായി ഹൈഡ്രജൻ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.
സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാവും ട്രെയിൻ ആദ്യഘട്ടത്തിൽ ഓടിക്കുക. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സംവിധാനങ്ങളടക്കം 24 മണിക്കൂറും നിരീക്ഷണ വിധേയമാക്കും. പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള ജീവനക്കാരെയാണ് സുപ്രധാന ജോലികൾക്ക് വിന്യസിച്ചിട്ടുള്ളത്. ഹൈഡ്രജൻ ഉത്പാദനം, സംഭരണം, വിതരണ എന്നിവ നടത്തുന്ന കേന്ദ്രങ്ങളിൽ ഹൈഡ്രജൻ ചോർച്ച കണ്ടെത്താനുള്ള ഉപകരണങ്ങളും തീ കെടുത്തുന്നത് അടക്കമുള്ളവയ്ക്കായി സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്.
ജിന്ദ്-സോനിപത്ത് സെക്ഷനിലെ ജിന്ദിൽ ഹൈഡ്രജൻ സംഭരണത്തിനും ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) ആവശ്യമായ അനുമതികൾ നൽകിയിട്ടുമുണ്ട്.
പുറംതള്ളുന്നത് നീരാവി മാത്രം
ഇന്ത്യൻ റെയിൽവേ ഏകദേശം 100 ശതമാനവും വൈദ്യുതീകരണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഹൈഡ്രജൻ ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വൈദ്യുതീകരണംതന്നെ കാർബൺ ബഹിർഗമനം വലിയ തോതിൽ കുറച്ചു. ഇതോടെയാണ് പുതിയ മുന്നേറ്റത്തിന് റെയിൽവേ ഒരുങ്ങുന്നത്. ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയിലാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. ഹൈഡ്രജൻ ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് അതിൽ ചെയ്യുന്നത്. നീരാവി മാത്രമാണ് ട്രെയിൻ പുറന്തള്ളുന്നത്.
നീക്കം ഹൈഡ്രജൻ ഷട്ടിൽ ബസിന് പിന്നാലെ
ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള ഗതാഗത സംവിധാനങ്ങൾക്കായി കേന്ദ്ര സർക്കാർ ഊർജ്ജിത ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ആദ്യ ട്രെയിൻ സർവീസും റെയിൽവേ തുടങ്ങാനിരിക്കുന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ഈ മാസം ആദ്യം ന്യൂഡൽഹിയിലെ സെൻട്രൽ വിസ്ത പരിസരത്ത് ആദ്യത്തെ ഹൈഡ്രജൻ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഡിഎംആർസിക്ക് രണ്ട് ഹൈഡ്രജൻ ഫ്യുവൽ ബസ്സുകൾ നൽകിയിട്ടുള്ളത്. ഓരോ ബസ്സിലും 35 യാത്രക്കാർക്ക് ഇരുന്ന് യാത്രചെയ്യാം. ബസ്സുകളിൽ ജിപിഎസ് ട്രാക്കിങ്, റിയൽ-ടൈം നിരീക്ഷണം, സുരക്ഷാ സംവിധാനങ്ങൾ, സിസിടിവി സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ സാങ്കേതികവിദ്യ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഇത്തരം സംവിധാനങ്ങൾ പരീക്ഷിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത്. ആ രംഗത്തേക്കാണ് ഇന്ത്യയും കടക്കാനൊരുങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
Content Highlights: Approval of 10-car hydrogen trainset for the Jind-Sonipat section., Utilizes 1,200 KW hydrogen fuel cell propulsion system., Supports India's national clean energy and net-zero carbon emission goals., Strict safety protocols including 24/7 monitoring and leak detection., Expansion of hydrogen transport to include DMRC shuttle buses.
Published: 28 May 2026, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented