ലോകത്തിലേക്കും സങ്കീർണമായ ആണവ സാങ്കേതികവിദ്യകളിലൊന്ന് ഇന്ത്യ സ്വായത്തമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ത്രിതല ആണവോർജ പദ്ധതിയിലെ നിർണായകമായ രണ്ടാംഘട്ടം ക്രിട്ടിക്കാലിറ്റി കൈവരിച്ചിരിക്കുന്നു. ഈ യാത്രയിൽ വലിയ പങ്കു വഹിച്ച കെ.വി. സുരേഷ് കുമാർ കഴിഞ്ഞ ഡിസംബർ വരെ ഭാവിനി (ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ്) ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു. കൊല്ലത്തെ ടികെഎം കോളേജിലെ പൂർവവിദ്യാർത്ഥിയായ ഈ കൊട്ടാരക്കരക്കാരൻ ആണവോർജരംഗത്തെ അതുല്യനേട്ടത്തെക്കുറിച്ച് മാതൃഭൂമിയുമായി സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്...

To advertise here,

പദ്ധതിയുടെ തുടക്കം മുതൽ ഒപ്പമുണ്ട്, അല്ലേ?

1985-ലാണ് ഞാൻ ആണവോർജവകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്. പിറ്റേവർഷം മുതൽ കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ (ഐസിഎആർ) ചേർന്നു. അവിടത്തെ പതിമൂന്നു മെഗാവാട്ടിന്റെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടറിൽ പ്രവർത്തിച്ച പരിചയം വെച്ചാണ് ഈ 500 മെഗാവാട്ട് റിയാക്ടർ ഉണ്ടാക്കിയിരിക്കുന്നത്. അവിടെ റിയാക്ടർ ഫെസിലിറ്റീസ ഗ്രൂപ്പിന്റെ ഡയറക്ടർ ആയിരുന്ന ഞാൻ 2022-ലാണ് ഇങ്ങോട്ട് (ഭാവിനി) വന്നത്. ഫാസ്റ്റ് ബ്രീഡർ ടെക്‌നോളജിയിൽ 40 വർഷം ജോലി ചെയ്തിട്ടുണ്ട്.

എഫ്ബിആറിലെ ദീർഘകാല പ്രവർത്തനത്തിൽ ഏറ്റവും വിഷമകരമായി തോന്നിയത്?

പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിലെ പ്രവർത്തനകാലത്ത് പല ഉപകരണങ്ങളും കമ്മീഷൻ ചെയ്യാൻ തുടങ്ങിയപ്പോൾ ഒരുപാട് പുതിയ പ്രശ്‌നങ്ങളുണ്ടായി. അതുകാരണം ഒറിജിനൽ പെർഫോമൻസ് കൊണ്ടുവരാൻ ഒരുപാട് കഷ്ടപ്പെട്ടു. രണ്ടാമത്തെ കാര്യം എഫ്ബിആറിൽ കൂളന്റായി ഉപയോഗിക്കുന്ന ദ്രവരൂപത്തിലെ സോഡിയം കൈകാര്യം ചെയ്യുന്നതിലാണ്. സാധാരണ ഊഷ്മാവിൽ ഖരാവസ്ഥയിലുള്ള സോഡിയം ഏതാണ്ട് 100 ഡിഗ്രിയിൽ ദ്രവരൂപത്തിലാവും.

ഈ സോഡിയം എവിടെയെങ്കിലും ചെറുതായി ചോർന്നാൽ തീപ്പിടിത്തമുണ്ടാവാനുള്ള സാധ്യതയുണ്ട്. സോഡിയം കൈകാര്യം ചെയ്യുന്നതിൽ നമ്മളും കൂടെ ജോലി ചെയ്യുന്നവരും മികച്ച പരിശീലനം നേടണം. ഈ സോഡിയം കൈകാര്യം ചെയ്യൽ വലിയ വെല്ലുവിളി ആയിരുന്നു. ഇക്കാര്യത്തിലെ പിഴവുമൂലം ഇന്ത്യയിൽ തീപ്പിടിത്തങ്ങൾ ഉണ്ടായിട്ടില്ല. നമ്മുടെ പ്രക്രിയയും സുരക്ഷാമാനദണ്ഡങ്ങളും വളരെ കർശനമാണ്. മറ്റു രാജ്യങ്ങൾ എഫ്ബിആർ സാങ്കേതികവിദ്യയിൽ നിന്നും പിൻവലിയാനുള്ള ഒരുകാരണം സോഡിയം ടെക്‌നോളജിയിൽ വൈദഗ്ധ്യം കൈവരിക്കാനാവാത്തതാണ്. നമ്മൾ 40 വർഷമായി ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടറിൽ ഉപയോഗിക്കുന്നത് സോഡിയം ആണ്.

ഏറ്റവും ഓർമിക്കുന്ന സംഭവം?

ഫാസ്റ്റ് ബ്രീഡർ റിയാക്റ്ററിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം സോഡിയം അകത്തേക്ക് ഇടുന്നതാണ്. കുറച്ചൊന്നുമല്ല, 1,750 ടൺ. ഒരു അനിഷ്ടസംഭവവും ഇല്ലാതെ, ഒരു തീപ്പൊരി പോലും വരാതെ ഇത്രയും സോഡിയം റിയാക്ടറിലേക്ക് മാറ്റുന്നതാണ് ആദ്യത്തെ അവിസ്മരണീയ സംഭവം. രണ്ടാമത്തേത് സോഡിയം ചാർജ് ചെയ്തതിനു ശേഷം ഇന്ധനം ലോഡ് ചെയ്യുന്നതാണ്. കഴിഞ്ഞ വർഷം ആ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. പ്രധാനമന്ത്രിയെ അടുത്തുകാണാനും കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാനുമായി. നമ്മൾ പറയുന്ന വളരെ ഉയർന്ന സാങ്കേതിക കാര്യങ്ങൾ അദ്ദേഹം വേഗം മനസ്സിലാക്കുന്നതും നല്ല ചോദ്യങ്ങൾ ചോദിക്കുന്നതും മറക്കാനാവില്ല. അത് എന്നെ സംബന്ധിച്ചോളം ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഏറ്റവും പുതിയതും മൂന്നാമത്തേതുമായ സന്തോഷനിമിഷം എഫ്ബിആർ ക്രിട്ടിക്കാലിറ്റി കൈവരിച്ചതും.

ഈ ടെക്‌നോളജി ഉണ്ടാക്കാൻ നമ്മൾ ഉദ്ദേശിച്ചതിനെക്കാളേറെ പണവും സമയവും ചെലവായി എന്ന് വിമർശനമുണ്ട്?

പ്രോജക്റ്റ് നമുക്ക് അനുവദിച്ചത് 2004-ലാണ്. ഏഴെട്ടു വർഷത്തിനകം പൂർത്തിയാക്കണം എന്ന രീതിയിലാണ് തുടങ്ങിയത്. നമുക്കാവശ്യമായ ഉപകരണങ്ങൾ നമ്മുടെ ഇൻഡസ്ട്രിക്ക് പെട്ടെന്ന് നിർമിക്കാൻ പറ്റുമെന്നാണ് വിചാരിച്ചത്. തുടക്കത്തിൽ അവരോടു ചർച്ച നടത്തിയപ്പോൾ നിശ്ചിതസമയത്ത് ഉപകരണങ്ങളെത്തിക്കാമെന്ന ധാരണയുമുണ്ടായിരുന്നു. പക്ഷേ, നിർമാണം തുടങ്ങിയപ്പോഴാണ് അവർക്ക് മനസ്സിലായത്, മറ്റുള്ള സാധനങ്ങൾ ഉണ്ടാക്കുന്ന പോലെ എളുപ്പമല്ലെന്ന്. ഇന്ത്യയിലെ വളരെ പ്രശസ്തമായ, കഴിവുറ്റ വ്യവസായസ്ഥാപനങ്ങൾ പോലും ഉദ്ദേശിച്ചതിനെക്കാൾ ഇരട്ടിയോളം സമയമെടുത്തു. അങ്ങനെ, ഉപകരണനിർമാണത്തിൽ തന്നെ ഏതാണ്ട് അഞ്ചാറു വർഷത്തെ കാലതാമസം വന്നു.
ഊർജത്തിന്റെ അക്ഷയപാത്രവുമായി തോറിയം യുഗം വരുന്നു, അഭിമാനമായി ആണവോർജരംഗത്തെ സ്വാശ്രയമുന്നേറ്റം Read more

ഈ സാധനങ്ങളൊക്കെ കൊണ്ടുവന്ന് കമ്മീഷൻ ചെയ്യുന്ന സമയത്ത് ചെറിയ ചെറിയ പ്രശ്‌നങ്ങൾ വരും. അവരുടെ നിർമാണരീതിയും നമ്മുടെ ആവശ്യവും തമ്മിലെ പൊരുത്തക്കേടാണ് കാരണം. അങ്ങനെയും വൈകി, ഒരു പത്തുവർഷം കൊണ്ട് തീരേണ്ട കാര്യം ഇരുപതുവർഷമെടുത്തു. പണച്ചെലവിന്റെ കാര്യം പറഞ്ഞാൽ ഉപകരണങ്ങളുടെ വില പുതുക്കേണ്ടി ചെയ്യേണ്ടിവന്നു. കാലതാമസം കൂടുന്നതനുസരിച്ച് ചെലവും കൂടുമല്ലോ. ഏതാണ്ട് 3,500 കോടി രൂപയാണ് തുടക്കത്തിൽ ഉദ്ദേശിച്ച ചിലവെങ്കിലും തീർന്നപ്പോൾ എസ്റ്റിമേറ്റിന്റെ ഇരട്ടിയായി. പക്ഷേ, മൂലധനച്ചിലവിൽ നിന്നാണ് നമ്മൾ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.

ആണവസുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ട്. പ്രത്യേകിച്ച് ഡോ. എം.വി. രമണയെപ്പോലുള്ളവർ?

പുറത്തുനിന്നും സഹായം കിട്ടുന്ന ആണവവിരുദ്ധ ലോബിയാണ് ഇത്തരം വിമർശനങ്ങൾക്കു പിന്നിൽ. ഞാൻ 40 വർഷമായിട്ട് റിയാക്ടറിൽ ജോലി ചെയ്യുന്നതാണ്. നമ്മൾ ഇവിടെ താമസിക്കുകയാണ്. നമുക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ വേറെ ആർക്കും അറിയാനാവില്ല. പിന്നെ ഈ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിനു പരമാവധി സുരക്ഷയാണുള്ളത്. ഭൂമികുലുക്കം ഉണ്ടായാൽ പോലും ഒന്നും സംഭവിക്കാത്ത രീതിയിലാണ് റിയാക്ടർ നിർമിച്ചിരിക്കുന്നത്. ഞങ്ങളുടെ റിയാക്ടറുകളുടെ സുരക്ഷാമാനദണ്ഡം പല തട്ടിലാണ്, ജനറേഷൻ വൺ, ടു, ത്രീ എന്ന ക്രമത്തിൽ. ഇത് ജനറേഷൻ ത്രീ പ്ലസാണ്.

ആണവമാലിന്യത്തിന്റെ കാര്യം?

ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന് പല മെച്ചങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ആണവമാലിന്യത്തെ വീണ്ടും അതിനകത്ത് കത്തിക്കാൻ പറ്റുന്ന കാര്യം. അതായത് ഇന്ധനത്തിൽ ആണവമാലിന്യം മിശ്രണം ചെയ്യാനും അത് കത്തിക്കാനും കഴിയും. സാധാരണക്കാരന്റെ ഭാഷയിൽ വാഷിങ് മെഷീൻ എന്ന് പറയാം. ഈ ആണവമാലിന്യം ഉൾപ്പെടെയുള്ള സാധനങ്ങൾ റിയാക്ടറിനകത്ത് തന്നെ കത്തിയെരിയും, അതിൽ നിന്നും വൈദ്യുതി ഉണ്ടാകും. ഫാസ്റ്റ് ന്യൂട്രോണിന്റെ എനർജിയിൽ എന്ത് സാധനവും കത്തിയെരിയും. ബാക്കിയാവുന്ന മാലിന്യം വളരെ കുറവായിരിക്കും.

റെസിഡൻഷ്യൽ ഏരിയകളിൽ പോലും ഇത്തരം റിയാക്ടറുകൾ വെക്കുന്നതിന് പ്രശ്‌നമില്ല എന്നാണോ?

അതേ. നമുക്ക് നഗരത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റും. കാരണം റിയാക്ടറുകൾക്കായി കടുത്ത സുരക്ഷാമാനദണ്ഡങ്ങളുള്ള പ്രത്യേകമേഖല ഒന്നും ആവശ്യമില്ല. മറ്റുള്ള റിയാക്ടറുകൾക്കകത്ത് വലിയ സമ്മർദമുണ്ടാകും. പക്ഷേ, സമ്മർദമൊന്നുമില്ലാത്ത സാധാരണ കെട്ടിടമാണിതിന്. വിമാനത്താവളം പോലുള്ള ഒരിടം മതി. വിമാനത്താവളത്തിന് പുറത്ത് ആൾക്കാർ താമസിക്കുന്നത് പോലെ തന്നെ ഇവിടെയും താമസിക്കാൻ പറ്റും. സുരക്ഷയുടെ കാര്യത്തിൽ നമ്മൾ ജനറേഷൻ ത്രീ പ്ലസ് ഇതിനകം നേടിക്കഴിഞ്ഞു. നമ്മുടെ ലക്ഷ്യമായ ജനറേഷൻ ഫോറിന് ഇനി ഒരു ചുവടു മാത്രം.

തൊഴിലില്ലായ്മയും കടുത്ത സാമ്പത്തികപ്രശ്‌നങ്ങളും നേരിടുന്ന കേരളത്തിന് ഈ മേഖലയിലെ സാധ്യതകൾ?
ഇപ്പോഴത്തെ പിഎഫ്ബിആർ കൂടാതെ രണ്ട് റിയാക്ടർ കല്പാക്കത്ത് ഉടൻതന്നെ വരുന്നുണ്ട്. പത്തു പതിനഞ്ചു വർഷത്തിനുള്ളിൽ നാല് റിയാക്ടർ കൂടെ നിർമിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമുണ്ട്. അതിന്റെ ഭാഗമായി ഞാൻ സിഎംഡി ആയിരിക്കുന്ന സമയത്ത് കർണാടകം, കേരളം ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിരുന്നു. അന്ന് കേരളത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന വ്യക്തി ടികെഎം എഞ്ചിനീയറിങ് കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു, പേര് പറയുന്നില്ല. അദ്ദേഹവുമായി സംസാരിച്ചു. ഒരു റിയാക്ടറെങ്കിലും കേരളത്തിനു വേണം എന്നുണ്ടായിരുന്നു അദ്ദേഹത്തിന്. വിശദമായ ചർച്ചകൾക്കു ശേഷം അനുമതിക്കായി ചെന്നപ്പോൾ സംസ്ഥാന സർക്കാർ വലിയ താൽപ്പര്യം കാണിച്ചില്ല എന്നാണ് അറിഞ്ഞത്.

ഒന്നോ രണ്ടോ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഞങ്ങൾക്ക് ഒരു തടസ്സവുമില്ല. ആകെ വേണ്ടത് ഭൂമിയും വെള്ളവുമാണ്. കടൽത്തീരത്താണെങ്കിൽ 600 ഹെക്ടർ, ഉള്ളിലാണെങ്കിൽ 900 ഹെക്ടർ. ജലസ്രോതസ്സിന് കേരളത്തിൽ പ്രശ്‌നമേയില്ല. സംസ്ഥാനം പണം മുടക്കേണ്ട. വേണ്ടുന്ന ഭൂമി ഏറ്റെടുത്തു കൊടുക്കണം. ജലസ്രോതസ്സ് ഉറപ്പാക്കണം. അത്രേയുള്ളൂ.

ആണവസംരംഭമായതിനാൽ നാട്ടുകാർ പ്രതിഷേധിക്കുമെന്ന് ഭയന്നാകാം...?

ആയിരിക്കും. റിയാക്ടർ ഒരു രാഷ്ട്രീയപ്രശ്‌നമായി മാറാൻ പാടില്ലെന്ന് സർക്കാർ കരുതിക്കാണണം. അതേസമയം, തെലുങ്കാനയും കർണാടകവും പോലുള്ള സംസ്ഥാനങ്ങൾ തയ്യാറാണ്. ആദ്യം ഉറപ്പു തരുന്നവർക്കായിരിക്കും മുൻഗണന.

റിയാക്ടർ വന്നാലുള്ള മെച്ചം?

നാൽപ്പതുവർഷം മുമ്പ് ഞാൻ വരുന്ന സമയത്ത് കൽപ്പാക്കം നമ്മൾ മലയാളികൾ പറയുമ്പോലെ ഒരു 'പട്ടിക്കാട്' ആയിരുന്നു നാട്ടുകാർക്ക് ജീവിക്കാൻ വകയില്ലാത്ത ചെറിയ ഗ്രാമം. ഇന്ന് കൽപാക്കത്തു നിന്ന് ചെന്നൈയിലേക്ക് അഞ്ചുമിനിറ്റ് കൂടുമ്പോൾ ബസ് സർവീസുണ്ട്. അവിടെ റിയാക്ടറിലെ ജീവനക്കാർ മാത്രമല്ല. ഒരുപാട് കരാർ തൊഴിലാളികളുമുണ്ട്. വലിയൊരു ടൗൺഷിപ്പ് തന്നെ ഉണ്ടായി വന്നിരിക്കുന്നു. അവർക്കൊക്കെ ഒരുപാട് സാധനങ്ങളും സേവനങ്ങളും വേണമല്ലോ. ഓലക്കുടിലുകൾ മാത്രമുണ്ടായിരുന്ന കടപ്പുറത്ത് നിറയെ ബഹുനിലമന്ദിരങ്ങളാണ്. ആൾക്കാരുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു.

കേരളം ഈ ചാൻസ് നഷ്ടമാക്കരുത് എന്നാണോ?

അതേ.