തിരുവനന്തപുരം: സ്വകാര്യവത്കരണം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഐ.എസ്.ആർ.ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ.) പുതിയ മേധാവിയെ തേടുന്നു. 2019-ൽ രൂപീകരിച്ചതുമുതൽ സ്ഥാപനത്തിന്റെ ചെയർമാൻ കം മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് ഐ.എസ്.ആർ.ഒയുടെയോ ബഹിരാകാശ വകുപ്പിലെയോ മുതിർന്ന ശാസ്ത്രജ്ഞരെയാണു നിയമിച്ചിരുന്നത്. ഇത്തവണ സ്വകാര്യ കമ്പനികളിൽ ഉന്നത പദവിയിലിരിക്കുന്നവരെയും പരിഗണിക്കും.

To advertise here,

ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായിരുന്ന എം. മോഹൻ സി.എം.ഡി. പദവിയിൽനിന്ന് വിരമിച്ചശേഷം സ്ഥിരം ചെയർമാനെ നിയമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താൻ കഴിഞ്ഞ വർഷം പത്തുമാസം നീണ്ട നടപടിക്രമങ്ങൾ നടത്തിയിരുന്നു. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സെലക്‌ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത അഞ്ചുപേരിൽനിന്ന് ഒരാളെ ശുപാർശ ചെയ്തെങ്കിലും നിയമനം നടന്നില്ല. തുടർന്നാണ് വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചത്. സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം.

സർക്കാരിൽ ജോയിന്റ് സെക്രട്ടറി സ്ഥാനംവരെ വഹിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും സേനാവിഭാഗങ്ങളിൽ മേജർ ജനറൽ തുല്യപദവി വഹിച്ചവർക്കും കുറഞ്ഞത് 1,000 കോടിയുടെ വിറ്റുവരവുള്ള സ്വകാര്യ കമ്പനികളിൽ ഉന്നതപദവി വഹിച്ചവർക്കും അപേക്ഷിക്കാം.

സാങ്കേതികവിദ്യ, റോക്കറ്റ് നിർമാണ കൈമാറ്റം, സ്വകാര്യ കമ്പനികളുടെ റോക്കറ്റ് വിക്ഷേപണം തുടങ്ങി ഐ.എസ്.ആർ.ഒയുടെ വാണിജ്യ പ്രവർത്തനങ്ങളുടെ ചുമതല ന്യൂസ്പെയ്‌സ് ഇന്ത്യ ലിമിറ്റഡിനാണ്. ഫിനാൻസ് ഡയറക്ടറായ എ. രാധാകൃഷ്ണനാണ് നിലവിൽ മേധാവിയുടെ താത്‌കാലിക ചുമതല വഹിക്കുന്നത്.