ഈ നേട്ടത്തിന് വലിയ പ്രാധാന്യം കിട്ടിയതിന്റെ ഒരു കാരണം മധ്യപൂർവേഷ്യയിൽ യുദ്ധം നടക്കുന്ന സമയത്ത് നമ്മൾ ആണവോർജ ഉത്പാദനത്തിനുള്ള ബദൽ സാങ്കേതികവിദ്യ വിജയിപ്പിച്ചതാണ്.

ലോകത്തിലെ ഏറ്റവും സങ്കീർണമായ ആണവ സാങ്കേതികവിദ്യകളിലൊന്ന് ഇന്ത്യ സ്വായത്തമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ത്രിതല ആണവോർജ പദ്ധതിയിലെ നിർണായകമായ രണ്ടാംഘട്ടത്തിൽ കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (പി.എഫ്.ബി.ആർ.) ക്രിട്ടിക്കാലിറ്റി കൈവരിച്ചു. ഈ യാത്രയിൽ വലിയ പങ്ക് വഹിച്ച കെ.വി. സുരേഷ് കുമാർ കഴിഞ്ഞ ഡിസംബർ വരെ ഭാവിനി (ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ്) ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു, ഇപ്പോഴും പ്രോജക്ടുമായി അഭേദ്യബന്ധം പുലർത്തുന്നു. കൊല്ലത്തെ ടി.കെ.എം. കോളേജിലെ പൂർവവിദ്യാർഥിയാണ് ഈ കൊട്ടാരക്കരക്കാരൻ. ആണവോർജരംഗത്തെ അതുല്യനേട്ടത്തെക്കുറിച്ച് മാതൃഭൂമിയുമായി അദ്ദേഹം സംസാരിക്കുന്നു.
ഒരിക്കലും വറ്റാത്ത ഊർജസ്രോതസ്സിലേക്ക്
അണുവിഘടനത്തിന്റെ ഭാഗമായി ന്യൂട്രോൺ ജനിക്കുമ്പോൾ അതിന് പ്രകാശത്തോളം വലിയ വേഗമുണ്ട്. ഒന്നാംഘട്ടത്തിൽ നമ്മൾ ചെയ്യുന്നത് ഈ ന്യൂട്രോണിന്റെ വേഗം കുറച്ച്, സ്വാഭാവിക യുറേനിയം ഉപയോഗിച്ച് വിഘടനം നടത്തുകയാണ്. ഇതിനെ ഞങ്ങൾ സ്ലോ ന്യൂട്രോൺ അല്ലെങ്കിൽ തെർമൽ റിയാക്ടർ എന്നാണ് വിളിക്കുന്നത്. അതാണ് ആദ്യഘട്ടം. അണുവിഘടനം നടക്കുന്ന സമയത്തുണ്ടാകുന്ന ചൂടിനെ നീരാവിയാക്കി ടർബൈൻ കറക്കി ഊർജമുണ്ടാക്കുന്നതാണ് ആദ്യഘട്ട റിയാക്ടറിൽ നടക്കുന്നത്. അതിൽ വൈദ്യുതി മാത്രമേ നമുക്ക് ഉത്പാദിപ്പിക്കാൻ പറ്റൂ.
രണ്ടാംഘട്ടമായ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ന്യൂട്രോണിന്റെ വേഗം കുറയ്ക്കുന്നില്ല. ഉയർന്ന വേഗം ഉപയോഗിച്ച് വിഘടനം സാധ്യമാക്കുന്നു. നേരിട്ട് ഇന്ധനമായി ഉപയോഗിക്കാൻ പറ്റാത്ത യുറേനിയം 238, തോറിയം തുടങ്ങിയ ചില വസ്തുക്കളെ (ഫെർട്ടൈൽ മെറ്റീരിയൽ) ഈ ഫാസ്റ്റ് ന്യൂട്രോൺ പ്രയോഗിച്ച് ഇന്ധനമായി പരിവർത്തിപ്പിക്കാൻ പറ്റും. ഒന്നാംഘട്ടം വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രമുള്ളതാണെങ്കിൽ രണ്ടാംഘട്ടം ഊർജം പെരുക്കുന്നതിനായി (മൾട്ടിപ്ലൈ) രൂപകൽപ്പന ചെയ്തതാണ്. വൈദ്യുതി ഉത്പാദനത്തിനൊപ്പം പുതുതായി ഇന്ധനവും നിർമിക്കപ്പെടുന്നു. ഇതിനെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ എന്ന് വിളിക്കുന്നതിന്റെ കാരണം അതാണ്.
നമ്മളിപ്പോൾ ഒരു നൂറു കിലോഗ്രാം ഇന്ധനം വൈദ്യുതോത്പാദനത്തിന് ഉപയോഗിക്കുകയാണെങ്കിൽ വൈദ്യുതിക്കു പുറമേ ഏതാണ്ട് 140 കിലോഗ്രാം ഇന്ധനം ഉണ്ടാകും. അതായത് നമ്മൾ ഉപയോഗിക്കുന്നതിനെക്കാൾ ഇന്ധനം സമാന്തരമായി ഉണ്ടായിക്കൊണ്ടിരിക്കും. നമ്മുടെ നാട്ടിലും തമിഴ്‌നാട്ടിലും ഒഡിഷയിലുമൊക്കെ ഇഷ്ടംപോലെ തോറിയമുണ്ട്. ആ തോറിയത്തെ നമുക്ക് ഇന്ധനമായി പരിവർത്തിപ്പിക്കാനായാൽ റിയാക്ടറുകൾ ഓടിക്കൊണ്ടിരിക്കും, ഇന്ധനം ഉണ്ടായിക്കൊണ്ടിരിക്കും, കൂടുതൽ കൂടുതൽ റിയാക്ടറുകൾ ഉണ്ടായിക്കൊണ്ടിരിക്കും. ചുരുക്കത്തിൽ ഒരിക്കലും വറ്റാത്ത ഊർജസ്രോതസ്സ്, അക്ഷയപാത്രം പോലെ. തോറിയം കൊണ്ടുമാത്രം എഴുന്നൂറോളം വർഷം നമുക്ക് ഊർജാവശ്യങ്ങൾ നിറവേറ്റാനാവും.
മൂന്നാം ഘട്ടത്തിൽ
രണ്ടാംഘട്ടത്തിൽ പ്ലൂട്ടോണിയവും യുറേനിയവും അല്ലെങ്കിൽ പ്ലൂട്ടോണിയവും തോറിയവുമാണ് ഉപയോഗിക്കുന്നത്. മൂന്നാംഘട്ടത്തിൽ സ്വാഭാവിക യുറേനിയത്തെ പൂർണമായി ഒഴിവാക്കും. മൂന്നാംഘട്ടത്തിൽ ഇന്ധനം തോറിയം മാത്രമാവും. രണ്ടാംഘട്ടത്തിലുള്ള എട്ടോ പത്തോ റിയാക്ടർ ഓടിച്ചുകഴിഞ്ഞ് വേണ്ടത്ര തോറിയം പരിവർത്തിപ്പിച്ച ശേഷം അതുപയോഗിച്ചുള്ള സമ്പൂർണ തോറിയം സൈക്കിളാണ് മൂന്നാംഘട്ടം. ആ തോറിയം പിന്നീട് യുറേനിയമായിക്കോളും. രണ്ടും മൂന്നും ഘട്ടങ്ങൾക്ക് സ്വന്തമായി നിലനിൽക്കാനാകും. രണ്ടാംഘട്ടത്തിൽ ഏഴെട്ട് റിയാക്ടർ ഓപ്പറേറ്റ് ചെയ്താൽ 2047, 2050 ആകുമ്പോഴേക്കും അത്ര തന്നെ റിയാക്ടറുകൾ നമുക്ക് പുതുതായി നിർമിക്കാൻ പറ്റും. അവ സജ്ജമാകുന്ന സമയത്ത് നമുക്ക് തോറിയത്തിൽനിന്ന് ആവശ്യത്തിന് യുറേനിയം 233 ഉണ്ടാക്കാൻ പറ്റും. അതുണ്ടായിക്കഴിഞ്ഞാൽ അതിവേഗം രണ്ടാംഘട്ടത്തിൽനിന്ന് മൂന്നാംഘട്ടത്തിലേക്ക് മാറാനാകും.
തോറിയം മാത്രം ഉപയോഗിച്ച് നിലനിൽക്കാനാവുന്നത്
500 മെഗാവാട്ട്. ഇതേ ഡിസൈനിൽ രണ്ട് റിയാക്ടർ കൽപ്പക്കത്തുതന്നെ വരുന്നുണ്ട്, അതും 500 മെഗാവാട്ടായിരിക്കും. അത് കഴിഞ്ഞ് ആയിരം മെഗാവാട്ട്, 1500 മെഗാവാട്ട് എന്ന രീതിയിൽ ശേഷി വർധിപ്പിക്കും. 500 മെഗാവാട്ട് റിയാക്ടർ ഒരു പത്തുകൊല്ലം പ്രവർത്തിപ്പിച്ചു കഴിഞ്ഞാൽ 500 മെഗാവാട്ട് വൈദ്യുതി കിട്ടും. ആ പത്തുകൊല്ലം കഴിയുമ്പോൾ കിട്ടുന്ന അധിക ഇന്ധനം കൊണ്ട് പുതിയൊരു റിയാക്ടർ പത്തുകൊല്ലം ഓപ്പറേറ്റ് ചെയ്യാനാവും. അങ്ങനെ റിയാക്ടറുകൾ പല തവണ ഇരട്ടിച്ച് നൂറ് അല്ലെങ്കിൽ 200 റിയാക്ടർ ഉണ്ടാകുന്ന സമയത്ത് നമ്മൾ ഏറെക്കുറെ സ്വയംപര്യാപ്തമാവും. തോറിയം മാത്രം ഉപയോഗിച്ച് നമുക്ക് നിലനിൽക്കാനാവുന്ന ഘട്ടം വരും. ലോകത്തിൽ ആകെയുള്ള തോറിയത്തിന്റെ 25 ശതമാനവും ഇന്ത്യയിലാണ്. എഴുന്നൂറു വർഷത്തോളം നമുക്ക് എണ്ണയോ കൽക്കരിയോ പോലുള്ള മറ്റ് ഊർജസ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ല.
ആഗോളതലത്തിൽ ഈ നേട്ടത്തിന്റെ പ്രാധാന്യം
അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ പലപ്പോഴായി ഇത് പരീക്ഷിച്ചതാണ്. എന്നാൽ വലിയ പണച്ചെലവും സുരക്ഷാപ്രശ്നങ്ങളും സാങ്കേതികമായ ബുദ്ധിമുട്ടുകളും കാരണം പലരും ഇത് നിർത്തിവെച്ചു. നിലവിൽ റഷ്യയിൽ ഇത്തരം രണ്ട് റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും എഫ്.ബി.ആർ. സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ പ്രയോഗിച്ചു കാണിക്കാനായിട്ടില്ല. അതുകൊണ്ടാണ് എഫ്.ബി.ആർ. നേട്ടത്തിന് വലിയ വാർത്താപ്രാധാന്യം ലോകമാധ്യമങ്ങൾ നൽകിയത്.
മധ്യപൂർവേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ അടിത്തട്ടിലുള്ള കാരണങ്ങളിൽ പ്രധാനം ഇന്ധനമാണല്ലോ. ഫാസ്റ്റ് ബ്രീഡർ റിയാക്ടറിലെ ഈ വിജയം വലിയ തോതിൽ സ്മോൾ മോഡുലാർ റിയാക്ടറുകൾ (എസ്.എം.ആർ.) സ്ഥാപിക്കുന്നതിലേക്ക് നയിക്കുമോ?
ഈ നേട്ടത്തിന് വലിയ പ്രാധാന്യം കിട്ടിയതിന്റെ ഒരു കാരണം മധ്യപൂർവേഷ്യയിൽ യുദ്ധം നടക്കുന്ന സമയത്ത് നമ്മൾ ആണവോർജ ഉത്പാദനത്തിനുള്ള ബദൽ സാങ്കേതികവിദ്യ വിജയിപ്പിച്ചതാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി ഉടനടി അതേപ്പറ്റി എക്സിൽ പോസ്റ്റിട്ടത്. നമ്മുടെ ലക്ഷ്യം ഊർജത്തെ പല മടങ്ങ് വർധിപ്പിക്കുകയാണ്. അതിനാൽ ചെറിയ റിയാക്ടറിനെപ്പറ്റി നമ്മൾ വലുതായി ചിന്തിക്കുന്നില്ല. എങ്കിലും ലോകം ആ രീതിയിൽ ചിന്തിക്കുന്നതുകൊണ്ട് നമ്മൾ സ്മോൾ മോഡുലാർ റിയാക്ടർ (എസ്.എം.ആർ.) ടെക്നോളജിയും വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നു.
ഫ്രാൻസിലൊക്കെ മൊത്തം ഊർജോത്പാദനത്തിന്റെ 70 ശതമാനവും ആണവ റിയാക്ടറുകളിൽനിന്നാണ്. ഇന്ത്യയിൽ അത് അഞ്ചു ശതമാനത്തിൽ താഴെയും
അതെ. 2047 ആകുമ്പോഴേക്കും ആണവോർജത്തിന്റെ പങ്ക് കുറഞ്ഞത് ഇരുപതു ശതമാനത്തിന് മുകളിലേക്ക് എത്തിക്കുകയാണ് പ്രഖ്യാപിതലക്ഷ്യം.
എഫ്.ബി.ആറിലെ രണ്ടാംഘട്ടത്തിലെ ഈ വിജയം ലക്ഷ്യം കുറച്ചുകൂടി നേരത്തേ നേടാൻ സഹായിക്കുമോ?
ബുദ്ധിമുട്ടാണ്. തെർമൽ റിയാക്ടറിന്റെ സാങ്കേതികവിദ്യ ലോകമെമ്പാടും ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന് ഫ്രാൻസിലെ എല്ലാ റിയാക്ടറും സ്ലോ ന്യൂട്രോൺ ഉപയോഗിക്കുന്നവയാണ്. അവയിൽ ഉപയോഗിക്കുന്ന വളരെ ശേഷിയുള്ള ഉപകരണങ്ങൾ നിർമിക്കാൻ അവിടുത്തെ വ്യവസായങ്ങൾക്ക് കഴിവുണ്ട്. ഇന്ത്യയിലെ ഒരു തെർമൽ റിയാക്ടറിനു വേണ്ട ഉപകരണങ്ങൾ നമുക്ക് പുറത്തുനിന്നും വരുത്താൻ പറ്റും, ഇന്ത്യൻ വ്യവസായത്തിനും അതുണ്ടാക്കാൻ കഴിയും. പക്ഷേ, ഫാസ്റ്റ് ബ്രീഡർ സാങ്കേതികവിദ്യ പുതിയതാണ്. വ്യവസായത്തിന്റെ ശേഷി പലമടങ്ങ് വർധിപ്പിച്ചാൽ മാത്രമേ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുകയുള്ളൂ.
ഈ സാങ്കേതികവിദ്യ നമ്മൾ മറ്റൊരു രാജ്യവുമായും പങ്കുവെച്ചിട്ടില്ല. വൺ ടു ത്രീ കരാർ (യു.പി.എ. സർക്കാരിന്റെ കാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച ആണവ സഹകരണക്കരാർ) ഒപ്പുവെക്കുമ്പോൾ എഫ്.ബി.ആർ. സാങ്കേതികവിദ്യയും പങ്കുവെക്കണമെന്ന് യു.എസ്. ആവശ്യപ്പെട്ടെങ്കിലും നമ്മൾ സമ്മതിച്ചില്ല. ഫാസ്റ്റ് ബ്രീഡർ ടെക്നോളജി നമ്മൾ വികസിപ്പിച്ച നമ്മുടെ സാങ്കേതികവിദ്യയാണ്, അത് ആരുമായും പങ്കുവെക്കാൻ പറ്റില്ല എന്ന നിലപാടെടുത്തു. അതിനാൽ ഇക്കാര്യത്തിൽ മറ്റൊരു രാജ്യവും നമ്മളെ പിന്തുണയ്ക്കില്ല. 2047 ആകുമ്പോൾ കുറഞ്ഞത് ഏഴെട്ടു റിയാക്ടറുകൾ നിർമിക്കാൻ പ്ലാനുണ്ട്. അത് കഴിഞ്ഞ് നമ്മുടെ ഇൻഡസ്ട്രി വളരുന്നതിനനുസരിച്ച് നമുക്ക് മൾട്ടിപ്ലൈ ചെയ്യാൻ പറ്റും. 2047-ൽ 20, 25 ശതമാനം ആണവോർജമാകണം. പിന്നെയും 40, 50 വർഷം കഴിയുമ്പോൾ ആണവോർജത്തിന്റെ പങ്ക് നമ്മുടെ ആവശ്യത്തിന്റെ പകുതിയായി ഉയർത്താനാവും. നമ്മളെ തെല്ല് പിറകോട്ട് വലിക്കുന്ന പ്രശ്നം നമ്മുടെ വ്യവസായങ്ങൾക്ക് നമ്മുടെ ഉപകരണങ്ങൾ നിർമിക്കാനുള്ള ശേഷി സംബന്ധിച്ചാണ്.
ബഹിരാകാശരംഗത്തും മറ്റും ചെയ്തതുപോലെ പറ്റുന്ന മേഖലകൾ സ്വകാര്യപങ്കാളിത്തത്തിന് തുറന്നു കൊടുക്കണം എന്നാണോ?
മുഴുവൻ സാങ്കേതികവിദ്യയും കൈമാറാനാവില്ല. പക്ഷേ, നമ്മുടെ ഉപകരണങ്ങൾ നിർമിക്കാൻ വേണ്ടുന്ന സാങ്കേതികവിദ്യ പങ്കുവെച്ച് അവരെ വളർത്തിയെടുക്കണം. ഈ റിയാക്ടർ നിർമിക്കാനുള്ള യന്ത്രങ്ങളൊക്കെ വളരെ സങ്കീർണമാണ്, അതിന്റെ ആവശ്യങ്ങളും നിർമാണപ്രക്രിയയുമൊക്കെ വളരെ കൃത്യത ആവശ്യപ്പെടുന്നതാണ്. അതുകൊണ്ട് വ്യവസായങ്ങളും അതിന് പരിശീലനവും പ്രാപ്തിയും നേടിവരാൻ കുറച്ചു സമയമെടുക്കും.
Content Highlights: India has achieved a historic milestone in its three-stage nuclear program with the Kalpakkam Prototype Fast Breeder Reactor (PFBR) attaining criticality, paving the way for 700 years of energy security using indigenous thorium reserves.
Published: 24 Apr 2026, 03:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented