ലോകമെമ്പാടും വലിയ തോതിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നതിന് സ്മാർട്ഫോണുകളും സാമൂഹിക മാധ്യമങ്ങളും കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ജനസംഖ്യാ വളർച്ചാനിരക്കിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു ഇന്ത്യൻ സ്ത്രീക്ക് ശരാശരി 3.4 കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 2.0 ആയി കുറഞ്ഞുവെന്നാണ് സർക്കാർ കണക്കുകൾ. ഒരു രാജ്യത്തെ ജനസംഖ്യ സുസ്ഥിരമായി നിലനിർത്താൻ ആവശ്യമായ 2.1 (Replacement level) എന്ന നിരക്കിനും താഴെയാണിത്. പല രാജ്യങ്ങളിലും ഒരു സ്ത്രീക്ക് ശരാശരി ഒന്നോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാത്തതോ ആയ അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെന്നും പുതിയ പഠനങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ജീവിതച്ചെലവ്, വീടുകളുടെ ഉയർന്ന വില, വിവാഹം വൈകുന്നത്, തൊഴിൽ സമ്മർദ്ദങ്ങൾ തുടങ്ങിയവയാണ് ജനനനിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങളായി മുൻപ് കരുതിയിരുന്നത്. ഇവ ഇപ്പോഴും കാരണങ്ങളാണെങ്കിലും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മനുഷ്യബന്ധങ്ങളിൽ വരുത്തിയ മാറ്റങ്ങളും ഇതിന് കാരണമാകുന്നുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

സിൻസിനാറ്റി സർവകലാശാലയിലെ ഗവേഷകരായ നാഥൻ ഹഡ്സൺ, ഹെർനാൻ മോസ്കോസോ-ബോഡോ എന്നിവർ നടത്തിയ പഠനത്തിൽ, അമേരിക്കയിലും യുകെയിലും അതിവേഗ 4G ഇന്റർനെറ്റ് സൗകര്യം ആദ്യം ലഭ്യമായ സ്ഥലങ്ങളിൽ ജനനനിരക്ക് വളരെ വേഗം കുറഞ്ഞതായി കണ്ടെത്തി. സ്മാർട്ട്‌ഫോണുകളുടെ വരവോടെ ആളുകൾ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം കുറഞ്ഞതാണ് ഇതിന് കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്.

സ്മാർട്ട്‌ഫോണുകളും മൊബൈൽ ആപ്പുകളും ജനകീയമായ 2007-ന് ശേഷമാണ് അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജനനനിരക്കിൽ വലിയ ഇടിവുണ്ടായതെന്നും സ്മാർട്ട്‌ഫോൺ കൂടുതൽ ഉപയോഗിക്കുന്ന ചെറുപ്പക്കാർക്കിടയിലാണ് ഈ കുറവ് ഏറ്റവും കൂടുതൽ പ്രകടമായതെന്നും പഠനം വ്യക്തമാക്കുന്നു.

യുവജനങ്ങളിലെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം ദമ്പതികൾക്കിടയിലെ ലൈംഗിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫിന്നിഷ് ഡെമോഗ്രാഫറായ അന്ന റോട്ട്കിർച്ച് വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ കാണിച്ചുതരുന്ന കൃത്രിമമായ ജീവിതശൈലികളും സാമ്പത്തിക താരതമ്യങ്ങളും ആളുകളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിനാൽ ദീർഘകാല ബന്ധങ്ങൾ നിലനിർത്തുന്നത് ബുദ്ധിമുട്ടാകുന്നു. കൂടാതെ സാമ്പത്തികം, തൊഴിൽ, ഭവനം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കാരണമാകുന്നുണ്ട്.

മുൻകാലങ്ങളിൽ ചെറിയ കുടുംബങ്ങളെ കാണിക്കുന്ന ടെലിവിഷൻ പരമ്പരകളും ടിവി ഉപയോഗവും ജനനനിരക്കിനെ സ്വാധീനിച്ചിരുന്നുവെന്ന് പഠനങ്ങളുണ്ടായിരുന്നു. എന്നാൽ അവയേക്കാൾ വളരെ കൂടുതൽ സ്വാധീനം ചെലുത്താൻ വ്യക്തിപരവും കൂടുതൽ സമയം അപഹരിക്കുന്നതുമായ സ്മാർട്ട്‌ഫോണുകൾക്ക് കഴിയുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.