
ആർത്തവവിരാമം അസ്ഥികളുടെ ആരോഗ്യത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കുമെന്നത് പലർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ആർത്തവവിരാമം കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കത്തിനു കാരണമാവുകയും ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയൊരു പഠനം.
അമേരിക്കയിലെ 964 സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള പഠനത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്. അവസാന ആർത്തവത്തിന് മുമ്പും ശേഷവുമുള്ള ഘട്ടങ്ങൾ ഉൾപ്പെടുത്തിയാണ് വിശകലനം ചെയ്തത്. തുടർന്നാണ് ആർത്തവവിരാമ സമയത്ത് അണ്ഡാശയ ഹോർമോണുകളിലുണ്ടാകുന്ന കുറവ് കുടലിന്റെ ആവരണത്തിന് കേടുപാടുകൾ വരുത്തുന്നുവെന്നും അത് വിട്ടുമാറാത്ത വീക്കത്തിന് (ക്രോണിക് ഇൻഫ്ലമേഷൻ) കാരണമാകുന്നുവെന്നും ഗവേഷകർ കണ്ടെത്തിയത്.
ആർത്തവവിരാമത്തിന് ഏകദേശം 2.5 വർഷം മുമ്പുമുതൽക്കേ കുടലിന്റെ ആവരണത്തിന് കേടുപാടുകൾ സംഭവിക്കാൻ തുടങ്ങുന്നുവെന്ന് പഠനം പറയുന്നു. ആർത്തവവിരാമ കാലത്തെ അമിതമായ ചൂട് (ഹോട്ട് ഫ്ലാഷുകൾ), മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയ്ക്കപ്പുറം, സ്ത്രീകളുടെ ദീർഘകാല ആരോഗ്യത്തെ ബാധിക്കുന്ന മറ്റു പ്രശ്നങ്ങളും തിരിച്ചറിയണമെന്നു വ്യക്തമാക്കുകയായിരുന്നു ഗവേഷകർ.
പ്രൊജസ്ട്രോൺ പോലുള്ള അണ്ഡാശയ ഹോർമോണുകൾ കുടലിന്റെ ആവരണത്തെ സംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആർത്തവവിരാമത്തോടെ ഈ ഹോർമോണുകളിൽ ഉണ്ടാകുന്ന കുറവ് കുടലിന്റെ സംരക്ഷണ ഭിത്തിയെ ദുർബലപ്പെടുത്തുമെന്നാണ് കരുതുന്നത്. ദഹനക്കേട്, ഗ്യാസ്, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങളെ വാർധക്യവുമായി ബന്ധപ്പെട്ട സാധാരണ പ്രശ്നങ്ങളെന്ന് കരുതി നിസ്സാരമാക്കരുതെന്നുകൂടി പറഞ്ഞുവെക്കുകയാണ് ഗവേഷകർ.
വിദഗ്ധ സഹായത്തോടെ പ്രോബയോട്ടിക് സപ്ലിമെന്റുകൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ആർത്തവവിരാമ ഹോർമോൺ തെറാപ്പി (HRT) എന്നിവയിലൂടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നീർവീക്കം കുറയ്ക്കാനും മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാനാവുമെന്ന് വിദഗ്ധർ പറയുന്നു.
ആർത്തവവിരാമം
45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളിൽ ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം. ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. അണ്ഡാശയങ്ങളുടെ പ്രവർത്തനശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്‌ളഷസ് (hot flashes) ഉണ്ടാകാറുണ്ട്. ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷി കുറയുക, കാൽസ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.
ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണങ്ങൾ
- ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുക, അമിതമായി വിയർക്കുക.
- എല്ലുകളുടെ ബലക്ഷയം, പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ, ഉത്കണ്ഠ,വിഷാദം, ദേഷ്യം, ഉറക്കമില്ലായ്മ. അസ്ഥികളുടെ ബലക്ഷയം മൂലം ചെറിയ വീഴ്ച പോലും എല്ലുകൾ പൊട്ടുന്നതിന് കാരണമാകുന്നു.
- ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ശരീരത്തിൽ കുറയുകയും അതുമൂലം തൊലിപ്പുറമേ വരൾച്ചയും ഇരുണ്ട അടയാളങ്ങളും കാണുന്നു.
- ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളിൽ പെട്ടെന്നുണ്ടായ മാറ്റവും മൂലം മാനസിക പിരിമുറുക്കം വർധിക്കുന്നു. പഠനത്തിനും ജോലി ആവശ്യത്തിനുമായുള്ള മക്കളുടെ താത്കാലിക വേർപാട്, പ്രായമായ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ, ലൈംഗികതയോടുള്ള താത്പര്യക്കുറവ്, ജോലി സ്ഥലത്തെ അസ്വസ്ഥതകൾ എന്നിവയെല്ലാം ഒറ്റപ്പെട്ട ഒരു അവസ്ഥ ഉണ്ടാക്കുന്നു.
Content Highlights: Menopause-related hormonal changes can damage gut lining, leading to chronic inflammation. Experts suggest probiotics and dietary changes.
Published: 11 Sept 2026, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented