ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിന്റെ പ്രഭവകേന്ദ്രത്തിന് അപ്പുറത്തേക്ക് അതിവേഗം വ്യാപിക്കുകയാണെന്ന് ആഫ്രിക്ക സി.ഡി.സി.( Africa Centres for Disease Control and Prevention) അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി എബോളയുടെ പ്രഭവകേന്ദ്രമായ ഇറ്റൂരി പ്രവിശ്യയിൽ പുതിയ രോഗബാധയും മരണങ്ങളും കുറഞ്ഞുവെങ്കിലും അയൽപ്രവിശ്യകളായ നോർത്ത് കിവു, ഹൗട്ട് ഉലെ എന്നിവിടങ്ങളിൽ വൻതോതിൽ വർധിച്ചതായും ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി.

To advertise here,

വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,310 മരണങ്ങൾ ഉൾപ്പെടെ 6,843 രോഗബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,400-ലധികം കേസുകളുള്ള ഇറ്റൂരി പ്രവിശ്യയിലാണ് രോഗബാധ കൂടുതലുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപനമായ 2014-2016 ലെ പടിഞ്ഞാറൻ ആഫ്രിക്കൻ എബോള വ്യാപനത്തെ മറികടക്കാൻ പോന്നതാണ് നിലവിലെ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോംഗോയിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻനിര പ്രവർത്തകർക്കർക്കുമായി കഴിഞ്ഞമാസം മുതൽ എർവെബോ വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സാധാരണമായ സെയർ എന്നറിയപ്പെടുന്ന വകഭേദത്തിന് ഫലപ്രദമായിരുന്ന വാക്സിനാണിത്.

അതിനിടെ നിലവിലെ രോഗവ്യാപനത്തിനു കാരണമായ ബൂൻഡിബുഗ്യോ (Bundibugyo) വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള അംഗീകൃത വാക്സിൻ കണ്ടെത്തുന്നതിനായി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുവരികയാണ്. കിഴക്കൻ പ്രവിശ്യകളായ ഷോപോ, ഹൗട്ട്-ഉഎലെ, ബാസ്-ഉഎലെ എന്നിവിടങ്ങളിലാണ് വാക്സിനേഷൻ പരീക്ഷണങ്ങൾ ആരംഭിച്ചതെന്ന് ആഫ്രിക്ക സി.ഡി.സി.യുടെ റിസർച്ച്, ക്ലിനിക്കൽ ട്രയൽസ് ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ പ്ലാസിഡ് മബാല കിംഗെബെനി വ്യാഴാഴ്ച പറഞ്ഞു.

2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തിൽ 2014-2016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിൽ 2,500 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകൾക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 2014-ൽ ആരംഭിച്ച എബോള വ്യാപനം മൂന്നവർഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. പക്ഷേ 2014 മാർച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണിൽ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യരോഗമായതിനാൽതന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.