എഐ (നിർമിതബുദ്ധി) ദുരുപയോഗം സംബന്ധിച്ച ആന്ത്രോപിക്കിന്റെ ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കമ്പനിയുടെ ക്ലോഡ് എഐ മോഡൽ മിസൈലുകൾക്കും ഗൈഡഡ് റോക്കറ്റുകൾക്കുമുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള ശ്രമങ്ങളടക്കം ആന്ത്രോപിക് കണ്ടെത്തി തടഞ്ഞു എന്നാണ് വെളിപ്പെടുത്തൽ.

To advertise here,

2025 ഡിസംബറിനും 2026 ഓഗസ്റ്റിനും ഇടയിൽ യെമൻ, റഷ്യ, ചൈന എന്നിവിടങ്ങളിലെ വിവിധ ഗ്രൂപ്പുകൾ ആയുധ വികസനത്തിനും രഹസ്യ ശേഖരണത്തിനുമായി നടത്തിയ ആറ് നീക്കങ്ങൾ കണ്ടെത്തി തടഞ്ഞു എന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായ എഐ ലാബ് വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.

പറക്കുന്ന ഒരു വാഹനത്തെ (വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല) നിയന്ത്രിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള ശ്രമം യെമൻ ആസ്ഥാനമായ ഗ്രൂപ്പ് നടത്തിയതിന്റെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ട്. ഇതിനെ നിയന്ത്രിക്കാനും നാവിഗേറ്റ് ചെയ്യാനും, സ്ഥിരത നിലനിർത്താനുമുള്ള സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ എഞ്ചിനീയർമാരെ ഒഴിവാക്കി അവർ ക്ലോഡ് കോഡ് എന്ന എഐ ടൂൾ ഉപയോഗിച്ചു. തുടർന്ന് അവർ ഈ സംവിധാനം ഗൈഡഡ് റോക്കറ്റുകളിൽ പരീക്ഷിച്ചു എന്നാൽ പരീക്ഷണം വിജയിച്ചതിന്റെ സൂചനകൾ ഒന്നുമില്ലെന്ന് കമ്പനി പറയുന്നു. പരീക്ഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ എന്തുകൊണ്ടാണ് നീക്കം പരാജയപ്പെട്ടതെന്ന് കണ്ടെത്താൻ അവർ വീണ്ടും ക്ലോഡിനെതന്നെ ആശ്രയിച്ചു എന്നതാണ് കൗതുകകരം.

ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ഉടൻ ബ്ലോക്ക് ചെയ്യുകയും അപകടസാധ്യത കണക്കിലെടുത്ത് ഇതുസംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും ചെയ്തതായി ആന്ത്രോപിക് വ്യക്തമാക്കുന്നു.

അന്തർവാഹിനികളുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ തയ്യാറാക്കാൻ ക്ലോഡ് ഉപയോഗിച്ച ചൈനയിൽനിന്നുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തിയതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ടോർപിഡോ സംവിധാനത്തിനായി ചൈനീസ് ഭാഷയിലുള്ള സ്‌പെസിഫിക്കേഷനുകൾ തയ്യാറാക്കുക, സാങ്കേതിക നിർദ്ദേശങ്ങൾ തയ്യാറാക്കുക, സ്വന്തം സിസ്റ്റത്തെ യുഎസിന്റെ ആന്റി-ടോർപിഡോ, ആന്റി-സബ്മറൈൻ പ്രോഗ്രാമുകളുമായി താരതമ്യം ചെയ്ത് പരിശോധിക്കുക എന്നിവയെല്ലാം ക്ലോഡ് ഉപയോഗിച്ചാണ് അവർ ചെയ്തതെന്നാണ് വെളിപ്പെടുത്തൽ.

ആയുധങ്ങൾ വികസിപ്പിക്കുന്നതിനായി ക്ലോഡ് ഉപയോഗിച്ച നടത്തിയ രണ്ട് ചൈനീസ് നീക്കങ്ങൾ തടസ്സപ്പെടുത്തിയതായും കമ്പനി അവകാശപ്പെടുന്നു.

സ്വയം നിയന്ത്രിത മിലിട്ടറി ഡ്രോണുകളുടെ കൂട്ടം രൂപകൽപ്പന ചെയ്യാൻ ക്ലോഡ് ഉപയോഗിച്ച റഷ്യയിൽനിന്നുള്ള നീക്കത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ആക്രമിക്കുക, നിരീക്ഷിക്കുക, ബേസിലേക്ക് മടങ്ങുക എന്നീ സ്വഭാവവിശേഷങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കോഡ് എഴുതാനും പരിശോധിക്കാനും ഗ്രൂപ്പുകൾ ക്ലോഡ് കോഡ് ഉപയോഗിച്ചതായാണ് വെളിപ്പെടുത്തൽ.