യുഎസ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ കര്‍ശന നടപടികളുമായി ചൈന. പ്രധാന തുറമുഖങ്ങളില്‍ ചിപ്പ് ഇറക്കുമതി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ട് കര്‍ശന പരിശോധന നടത്താന്‍ ചൈന ഒരുങ്ങുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. എന്‍വിഡിയയുടെ എഐ പ്രൊസസറുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനുള്ള നീക്കമാണ് പരിശോധനയ്ക്ക് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു. അടുത്തിടെയായി ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി സെമികണ്ടക്ടറുകളുമായി ബന്ധപ്പെട്ട് കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

എന്‍വിഡിയ ചൈനയ്ക്കുവേണ്ടിയുള്ള പ്രത്യേകം രൂപകല്‍പ്പനചെയ്ത H20, RTX Pro 6000D AI എന്നീ ചിപ്പ്‌സെറ്റുകള്‍ പ്രാദേശിക കമ്പനികള്‍ ഓര്‍ഡര്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയായിരുന്നു ഈ പരിശോധനകളുടെ ലക്ഷ്യം. ഈ ചിപ്പുകള്‍ യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനും ചൈനയിലെ വിപണി വിഹിതം നിലനിര്‍ത്തുന്നതിനും വേണ്ടി എന്‍വിഡിയ രൂപകല്‍പ്പന ചെയ്തവയാണ്. ചിപ്പുകളുടെ കള്ളക്കടത്ത് തടയുന്നതിനായി ഇപ്പോള്‍ എല്ലാ അഡ്വാന്‍സ്ഡ് അര്‍ധചാലക ഉല്‍പ്പന്നങ്ങളിലേക്കും പരിശോധനകള്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ സാങ്കേതികവിദ്യയില്‍ നിന്ന് തങ്ങളുടെ സാങ്കേതിക മേഖലയെ അകറ്റുന്നതിനും എഐ രംഗത്തെ മത്സരത്തില്‍ മുന്നേറാന്‍ ആഭ്യന്തര ചിപ്പ് നിര്‍മ്മാതാക്കളെ ശക്തിപ്പെടുത്തുന്നതിനും ചൈന നടത്തുന്ന ശ്രമങ്ങളാണ് ഈ കര്‍ശന നടപടിയിലൂടെ വ്യക്തമാകുന്നത്.

കര്‍ശന പരിശോധനകള്‍ക്ക് പുറമെ അഡ്വാന്‍സ്ഡ് അര്‍ധചാലക ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കമ്പനികള്‍ നല്‍കിയ മുന്‍കാല രേഖകളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. മൂന്ന് മാസത്തിനിടെ എന്‍വിഡിയയുടെ മികച്ച എഐ ചിപ്പുകള്‍ വന്‍തോതില്‍ ചൈനയില്‍ കള്ളക്കടത്തായി എത്തുകയും വില്‍ക്കുകയും ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ നീക്കം. മുന്‍പ് കൃത്യമായ തീരുവ അടച്ചാല്‍ ചിപ്പ് ഇറക്കുമതി ചൈനീസ് കസ്റ്റംസ് അനുവദിച്ചിരുന്നു. ഈ നിലപാടിലാണ് മാറ്റംവന്നിരിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ പ്രകടനവും നിര്‍മ്മാണ ശേഷിയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് ആഭ്യന്തര ചിപ്പ് നിര്‍മ്മാതാക്കള്‍ക്കായി വിഭവങ്ങള്‍ വഴിതിരിച്ചുവിടാനാണ് ബീജിംഗ് ലക്ഷ്യമിടുന്നത്.

യുഎസ് ട്രേഡിംഗ് സ്ഥാപനമായ ടവര്‍ റിസര്‍ച്ച് അഡ്വാന്‍സ്ഡ് ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഹാര്‍ഡ്വെയര്‍ കള്ളക്കടത്ത് നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുകയാണെന്ന് കഴിഞ്ഞയാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അന്വേഷണം പുതിയ ഇറക്കുമതി നിയന്ത്രണങ്ങളുടെ ഭാഗമാണ്. ചൈനയുടെ ഇന്റര്‍നെറ്റ് നിരീക്ഷണ ഏജന്‍സിയായ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (CAC), ബൈറ്റ്ഡാന്‍സ്, ആലിബാബ തുടങ്ങിയ ടെക് കമ്പനികള്‍ക്ക് സെപ്റ്റംബര്‍ പകുതിയോടെ എല്ലാ എന്‍വിഡിയ ഉല്‍പ്പന്നങ്ങളുടെയും ഓര്‍ഡറുകള്‍ റദ്ദാക്കാനും പരിശോധനകള്‍ നിര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്‍വിഡിയ ചൈനയ്ക്കുവേണ്ടി നിര്‍മിക്കുന്ന പ്രത്യേക പ്രൊസസറുകളുടെ പ്രകടന നിലവാരത്തിന് തുല്യമാണ് ഇപ്പോള്‍ തങ്ങളുടെ ആഭ്യന്തര ചിപ്പുകള്‍ എന്ന ബെയ്ജിംഗിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ കര്‍ശന നടപടികള്‍ എന്നാണ് വിവരം. എന്‍വിഡിയയെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ അഡ്വാന്‍സ്ഡ് അര്‍ധചാലകങ്ങളുടെ ഉത്പാദനം അടുത്ത വര്‍ഷം മുതല്‍ മൂന്നിരട്ടിയാക്കാന്‍ ചൈന പദ്ധതിയിടുന്നതായി കഴിഞ്ഞ മാസം ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.