മെമ്മറി ചിപ്പുകളുടെയും ഘടകങ്ങളുടെയും വിലവര്‍ധനയും രൂപയുടെ മൂല്യശോഷണവുമാണ് വിലവര്‍ധനയ്ക്കു കാരണമാകുന്നതെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ പഠനം സൂചിപ്പിക്കുന്നു.

മുംബൈ: രാജ്യത്ത് 5ജി സ്മാർട്ട്‌ഫോണുകളുടെ വില കുതിക്കുന്നു. 2026 ആദ്യ പകുതിയിൽ വിലയിൽ 16 ശതമാനംവരെ വർധനയുണ്ടായെന്നാണ് കണക്ക്. മെമ്മറി ചിപ്പുകളുടെയും ഘടകങ്ങളുടെയും വിലവർധനയും രൂപയുടെ മൂല്യശോഷണവുമാണ് വിലവർധനയ്ക്കു കാരണമാകുന്നതെന്ന് കൗണ്ടർപോയിന്റ് റിസർച്ചിന്റെ പഠനം സൂചിപ്പിക്കുന്നു.
വില ഉയർന്നതോടെ രാജ്യത്ത് 5ജി സ്മാർട്ട്‌ഫോൺ വിൽപ്പന കുറയുകയാണ്. അതേസമയം, 4ജി സ്മാർട്ട് ഫോണുകളുടെ വിൽപ്പന ഈ വർഷം മൂന്നുശതമാനംവരെ ഉയർന്നേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ വിൽക്കുന്ന ഫോണുകളിലധികവും ഇവിടത്തന്നെ അസംബിൾ ചെയ്യുന്നതാണെങ്കിലും ഘടകങ്ങൾ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവു കൂട്ടുന്നു. ഈ അധികച്ചെലവുകളാണ് സ്മാർട്ട്‌ഫോണുകളുടെ വില വർധിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
ഇതോടൊപ്പം മെമ്മറി ചിപ്പുകൾക്ക് ആവശ്യം കൂടിയതിനാൽ ലഭ്യതക്കുറവുമുണ്ട്. നിർമിത ബുദ്ധിക്കായി ഡേറ്റ സെന്ററുകൾ വരുന്നതാണ് മെമ്മറി ചിപ്പുകൾക്കു ക്ഷാമമുണ്ടാകാൻ കാരണം. 5ജി സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് 4ജി സ്മാർട്ട്‌ഫോണുകളുടെ മെമ്മറി ചിപ്പുകൾക്ക് വില കുറവുണ്ട്. ഇത് 4ജി ഫോണുകളുടെ വില താരതമ്യേന കുറച്ചു നിർത്താൻ സഹായകമാകുന്നു. 4ജി ഫോണുകൾക്ക് ആവശ്യം കൂടാൻ കാരണമായി പറയുന്നതും ഈ ഘടകമാണ്.
2026 ആദ്യപകുതി വരെയുള്ള കണക്കു പ്രകാരം 10,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ ഉത്പാദനത്തിൽ 65 ശതമാനംവരെ കുറവുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ ആവശ്യക്കാരുള്ള 10,000 മുതൽ 15,000 രൂപ വരെയുള്ള ഫോണുകളുടെ ഉത്പാദനത്തിൽ 20 ശതമാനംവരെ കുറവുണ്ടായതായും പറയുന്നു. 20,000 രൂപയിൽ കൂടുതലുള്ള ഫോണുകളുടെ വിൽപ്പനയിൽ നിലവിൽ കുറവുണ്ടായിട്ടില്ല.
ആപ്പിൾ ഐഫോൺ 17-ന്റെ വില ഒറ്റയടിക്ക് 20,000 രൂപയാണ് കമ്പനി അടുത്തിടെ വർധിപ്പിച്ചത്. സാധാരണ പുതിയ സീരീസിൽ ഫോണുകൾ പുറത്തിറക്കിയാൽ പഴയ മോഡലുകൾക്ക് ആപ്പിൾ വില കുറയ്ക്കാറുണ്ട്. എന്നാൽ, ഇത്തവണ രാജ്യത്ത് വിലയിൽ ഗണ്യമായ വർധനയാണ് കമ്പനി നടപ്പാക്കിയതെന്നതും ശ്രദ്ധേയമാണ്.
Content Highlights: 5G smartphone prices in India increased by up to 16% in the first half of 2026., Rising component costs, memory chip shortages, and rupee depreciation are the main causes., 4G smartphone sales are expected to rise by 3% due to lower chip costs., Production of budget phones under Rs 10,000 dropped significantly by 65%.
Published: 01 Oct 2026, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented