‘നീ മരിച്ചോ ?’ (Are you dead?) എന്ന പേരുള്ള ഒരു സുരക്ഷാ ആപ്പ് ചൈനയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മേയിൽ പുറത്തിറക്കിയ ആപ്പ് ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ഭാഷയിൽ ‘സൈലെമെ’ (Sileme) എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പ് ഒരുക്കിയിട്ടുള്ളത്. ‘സൈലെമെ’ എന്നാൽ ‘നിങ്ങൾ മരിച്ചോ?’ എന്നാണർത്ഥം. എന്നാൽ ഇതിന്റെ പ്രവർത്തനരീതി ചൈനീസ് ജനതയ്ക്കിടയിൽ വലിയ ജനപ്രീതി പിടിച്ചുപറ്റി. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട പെയ്ഡ് ആപ്പായി ഇത് മാറി.

To advertise here,

ഈ ആപ്പ് ഉപയോഗിക്കുന്നവർ ഓരോ 48 മണിക്കൂറിലും ആപ്പിലെ വലിയൊരു പച്ച ബട്ടനിൽ ടാപ്പ് ചെയ്തിരിക്കണം. ഈ സമയത്തിൽ ബട്ടൻ അമർത്താതിരുന്നാൽ ഉപഭോക്താവ് അപകടത്തിലാണെന്നറിയിച്ച് എമർജൻസി കോൺടാക്ട് നമ്പറുകളിലേക്ക് സ്വയമേവ അറിയിപ്പ് പോവും.

ചൈനയ്ക്ക് പുറത്ത് ഡെമുമു എന്ന പേരിലാണ് ഈ ആപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. തുടക്കത്തിൽ സൗജന്യമായിരുന്ന ഈ ആപ്പ് ഏകദേശം 99 രൂപയോളം ഇപ്പോൾ ഇടാക്കുന്നുണ്ട്. ബിബിസിയുടെ (BBC) റിപ്പോർട്ട് പ്രകാരം, യുഎസ്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ പെയ്ഡ് യൂട്ടിലിറ്റി ആപ്പുകളുടെ പട്ടികയിൽ നിലവിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഈ ആപ്പ് ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലും സ്‌പെയിനിലും നാലാം സ്ഥാനത്താണ് ആപ്പ്.

ചൈനയിൽ സമീപകാലങ്ങളിലായി ആളുകൾ ഒറ്റയ്ക്ക് താമസിക്കുന്ന രീതി വ്യാപിച്ചുവരികയാണ്. ഈ കാരണത്താലാണ് ആപ്പിന് ഇത്രയേറെ ജനപ്രീതി ലഭിക്കാൻ കാരണമെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരാൾ മാത്രം താമസിക്കുന്ന വീടുകളുടെ എണ്ണം 2030 ഓടെ 20 കോടി ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ ആപ്പ് ഉപയോഗിക്കാൻ രജിസ്ട്രേഷനോ സൈൻ അപ്പ് ചെയ്യുകയോ വേണ്ട. കോൺടാക്ട് വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ എൻക്രിപ്ഷൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. മൂന്നംഗസംഘമാണ് ആപ്പിന് പിന്നിലെന്നും റിപ്പോർട്ടുകൾ പറയുന്നു.