സാംസങ്ങിന്റെ പ്രീമിയം സ്മാർട്ഫോൺ പരമ്പരയായ എസ് 27 അടുത്ത വർഷം പുറത്തിറങ്ങും. ഫെബ്രുവരിയോടെ ഈ മോഡലുകൾ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗാലക്സി എസ് സീരീസ് ആരാധകർക്ക് നിരാശയുളവാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിപണിയിലെ നിലവിലെ സാഹചര്യമനുസരിച്ച് ഈ മോഡലുകൾക്ക് വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, ഉപഭോക്താക്കളുടെ ആ പ്രതീക്ഷകൾക്കും അപ്പുറമായിരിക്കും സാംസങ് എസ് 27 ഫോണുകൾക്ക് പ്രഖ്യാപിക്കുന്ന വിലയെന്ന് കൊറിയൻ ബ്ലോഗറും സാങ്കേതിക വിപണി നിരീക്ഷകനുമായ ലാൻസുക് (Lanzuk) വെളിപ്പെടുത്തുന്നു.

To advertise here,

ലാൻസുക് നൽകുന്ന വിവരമനുസരിച്ച്, പുതിയ ഫോണുകളുടെ ബേസ് മോഡലുകൾക്ക് ഏകദേശം 74 മുതൽ 96 ഡോളർവരെ (ഏകദേശം ₹7,070 മുതൽ ₹9,191 വരെ) വില വർധനയുണ്ടായേക്കാം. എന്നാൽ ഇതിനേക്കാൾ ആശങ്കയുണ്ടാക്കുന്നത് ഉയർന്ന സ്റ്റോറേജ് പതിപ്പുകളുടെ കാര്യത്തിലാണ്. ബേസ് മോഡലുകളേക്കാൾ വലിയ വില വർധനയാണ് കൂടുതൽ സ്റ്റോറേജുള്ള പതിപ്പുകൾക്കായി സാംസങ് പദ്ധതിയിടുന്നത്.

ഉദാഹരണത്തിന്, എസ്26 അൾട്രായുടെ 256 GB പതിപ്പ് 1,299 ഡോളറിലും 512 GB പതിപ്പ് 1,499 ഡോളറിലുമാണ് ലഭിച്ചിരുന്നതെങ്കിൽ, എസ്27 അൾട്രാ വരുമ്പോൾ 256 GB പതിപ്പിന് 1,399 ഡോളറും 512 GB പതിപ്പിന് 1,599 ഡോളറോ അതിൽ കൂടുതലോ നൽകേണ്ടി വന്നേക്കാം. കൂടാതെ, 1 TB പതിപ്പിന്റെ വില 2,000 ഡോളറിനടുത്തോ അതിനു മുകളിലോ എത്തിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോളതലത്തിലുള്ള മെമ്മറി ചിപ്പുകളുടെ ലഭ്യതക്കുറവും വിലക്കയറ്റവുമാണ് ഈ വലിയ നിരക്ക് വർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും ഉയർന്ന വിലയ്ക്ക് അനുസരിച്ച് ചില പ്രധാന മാറ്റങ്ങൾ സാംസങ് പുതിയ ഫോണുകളിൽ അവതരിപ്പിക്കുന്നുണ്ട്.

ഡിസൈനിൽ മാറ്റം വരുത്തി അൾട്രാ മോഡലിൽ ഹൊറിസോണ്ടൽ ക്യാമറ ബാർ നൽകാൻ സാധ്യതയുണ്ട്. വലിയ ബാറ്ററി ഉൾപ്പെടുത്തുന്നതിനാൽ ഫോണിന്റെ ഭാരം അല്പം കൂടും. കൂടാതെ, പുതിയ മോഡലുകളിൽ UFS 5.1 സ്റ്റോറേജ്, LPDDR6 റാം, ക്യാമറ സോഫ്റ്റ്‌വെയറിലെ അപ്‌ഗ്രേഡുകൾ എന്നിവ ഉൾപ്പെടുത്തിയേക്കും. എന്നാൽ, അൾട്രാ മോഡലിൽ നിന്ന് 3x ടെലിഫോട്ടോ ലെൻസ് ഒഴിവാക്കിയേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സാംസങ്ങിന്റെ

ഈ നീക്കത്തിൽ സമൂഹമാധ്യമങ്ങളിൽ ഉപയോക്താക്കൾ നിരാശ അറിയിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരു പ്രമുഖ ടിപ്‌സ്റ്ററായ @phonefuturist നൽകുന്ന സൂചനയനുസരിച്ച് എസ്27 സീരീസിലെ അൾട്രാ മോഡലിന് മാത്രമായിരിക്കും വില വർധന ഉണ്ടാകുക എന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാൽ വിലവർധനയുടെ കാര്യത്തിൽ സാംസങ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കേൾക്കുന്നുണ്ട്.