കൊച്ചി: ഗോൾഡൻ റുപ്പി, ബ്ലിങ്ക് ലോൺ, കോയിൻ കാഷ്, ലോൺ ഫ്രൻഡ്, എം പോക്കറ്റ് തുടങ്ങിയ പേരുകളിൽ നിരവധി ആപ്പുകൾ വായ്പത്തട്ടിപ്പുകൾക്കായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. എല്ലാ വായ്പ ആപ്പുകളും ആൻഡ്രോയിഡ് പാക്കേജ് (എ.പി.കെ.) ഫയൽ ഫോർമാറ്റിലാണ്. ചൈനീസ് ഭാഷയിലാണ് ഈ ആപ്ലിക്കേഷുകളുടെ സോഴ്‌സ് കോഡ് എന്നും കണ്ടെത്തി.
ഇതോടെയാണ് ചൈന കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.
ഈ വായ്പാ കമ്പനികൾ കേരളത്തിലെയടക്കം വിവിധ ബാങ്കുകളിൽ വ്യാജ പേരുകളിൽ അക്കൗണ്ട് തുടങ്ങി ആപ്പുകളിലൂടെ ലഭിക്കുന്ന പണം നിക്ഷേപിച്ചിരുന്നു. വായ്പാ ആപ്പ് കമ്പനികൾ നൂറുകണക്കിന് കടലാസു കമ്പനികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിങ്കപ്പൂരിലും സമാനമായി കടലാസു കമ്പനികൾ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ കടലാസു കമ്പനികൾക്കായി സിങ്കപ്പൂരിലെ കടലാസു കമ്പനികൾ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ ഇൻവോയിസുകൾ തയ്യാറാക്കും. ഇത് ഇന്ത്യൻ കമ്പനികളിലേക്ക് കൈമാറുകയും പണം ഇതേ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യക്ക് പുറത്തേക്ക് കടത്തുകയും ചെയ്യും.
ഇൻവോയിസ് അല്ലാതെ മറ്റ് വിവരങ്ങളൊന്നും കൈമാറാത്തതിനാൽ ബാങ്കുകൾക്കും അന്വേഷണ ഏജൻസികൾക്കും എളുപ്പത്തിൽ തട്ടിപ്പ് കണ്ടെത്താൻ കഴിയുമായിരുന്നില്ല. ക്രിപ്‌റ്റോ കറൻസി, വ്യാജ സോഫ്റ്റ്‌വേർ ഇറക്കുമതി ഇൻവോയിസ് എന്നിവയിലൂടെ വിദേശത്തെ ബാങ്കുകളിലേക്ക് പണം കടത്തുന്നതാണ് രീതി. സിങ്കപ്പൂരിലേക്കാണ് കൂടുതൽ പണവും പോയിരിക്കുന്നത്. ചൈനയിലേക്കും അമേരിക്കയിലേക്കും പണം എത്തിയതായും വിവരമുണ്ട്.
മരവിപ്പിച്ചത് 123 കോടി
ഓൺലൈൻ വായ്പ-ഗെയിം-ബെറ്റിങ് ആപ്പ് കമ്പനികൾ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കടത്തിയതായി തെളിഞ്ഞതിനെ തുടർന്ന് ഒരുവർഷം മുന്നേ 123 കോടി രൂപ ഇ.ഡി. മരവിപ്പിച്ചിരുന്നു. സിങ്കപ്പൂർ ആസ്ഥാനമായ എൻ.ഐ.യു.എം. കമ്പനിയുടെ ഇന്ത്യൻ ശാഖയായ മുംബൈയിലെ എൻ.ഐ.യു.എം. ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പണമാണ് മരവിപ്പിച്ചത്. കമ്പനിയുടെ മുംബൈയിലെ ഡയറക്ടർമാരുടെ വീടുകൾ, എക്‌സോഡ്‌സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്ര ട്രേഡിങ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ടിറനസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചർ വിഷൻ മീഡിയ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, അപ്രികിവി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മുംബൈ, ചെന്നൈ ആസ്ഥാനമായ കമ്പനികളിൽ ഇ.ഡി. സംഘം ഒരുവർഷം മുന്നേ റെയ്ഡ് നടത്തിയിരുന്നു.
വായ്പയ്ക്ക് പിന്നാലെ നഗ്നചിത്രങ്ങൾ
ഹരിയാണ പാനിപ്പത്തിൽ നേഹ ഭാട്ടിയ എന്ന സ്ത്രീയുടെ നാല് ലക്ഷം രൂപ വായ്പ ആപ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടിരുന്നു. കേസ് അന്വേഷിച്ച ഹരിയാണ പോലീസ് സൈബർ ക്രൈം വിഭാഗം ഈ തട്ടിപ്പിനായി ഉപയോഗിച്ച അക്കൗണ്ട് കാനറ ബാങ്കിന്റെ എറണാകുളം കലൂർ ബ്രാഞ്ചിലെ റാഫേൽ ജെയിംസ് റൊസാരിയോ എന്നയാളുടേതാണെന്ന് കണ്ടെത്തി. നേഹയുടെ മൊബൈൽ നമ്പറിലേക്ക് വന്ന ലിങ്കിൽ ക്ലിക് ചെയ്തതിലൂടെ ഇവരുടെ അക്കൗണ്ടിലേക്ക് രണ്ടായിരം രൂപ വന്നു. ഇതിനുശേഷം വാട്‌സ് അപ്പ് കോൾ വരുകയും ആറായിരം രൂപ കൂടി അക്കൗണ്ടിലേക്ക് എത്തുകയുമായിരുന്നു. പിന്നീട് 1.70 ലക്ഷം രൂപ കൂടി അക്കൗണ്ടിലേക്കെത്തി. ഇതിനിടെ നേഹയുടെ മൊബൈലിലെ ഡേറ്റ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
നേഹയ്ക്ക് പിന്നെ ലഭിച്ചത് തന്റെ തന്നെ മോർഫ് ചെയ്ത നഗ്നചിത്രങ്ങളായിരുന്നു. ഇതിന് പിന്നാലെ വായ്പയായി ലഭിച്ച തുകയുടെ ഇരട്ടിയിലേറെ തിരിച്ചു തരണമെന്നും ഇല്ലെങ്കിൽ ഈ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു നൽകുമെന്നുമായിരുന്നു ഭീഷണി. ഇങ്ങനെ പലപ്പോഴായി നാല് ലക്ഷം രൂപയാണ് പല അക്കൗണ്ടുകളിലേക്ക് നേഹ നൽകിയത്. പണം ആവശ്യപ്പെട്ട് വിളിക്കുന്നവർ ഒരു നമ്പറിൽ നിന്ന് ഒന്നിൽ കൂടുതൽ തവണ വിളിച്ചിട്ടില്ലെന്നതും ആളെ കണ്ടെത്തുന്നതിൽ തടസ്സമായിരുന്നു.
വായ്പ ആപ്പുകൾ തട്ടിപ്പുകളാണെന്ന് കേരള പോലീസും മാധ്യമങ്ങളുമടക്കം നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത്തരം കെണിയിൽ പോയി വീഴുന്നവർ ഇപ്പോഴും നിരവധിയാണ്. കേരള പോലീസ് രജിസ്റ്റർ ചെയ്ത 10 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷിച്ച് നാലു തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തത്. 1651 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് വിലയിരുത്തൽ.
പ്രതികളെ പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ നാലു ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് ഹാജരായി.
Content Highlights: Kerala Loan App Scam: ED Seizes ₹123 Crore
Published: 01 Feb 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented