ഇ-റിക്ഷകൾ ദൂരത്തുനിന്ന് പ്രവർത്തനരഹിതമാക്കാൻ ഉപയോഗിച്ച ബാറ്റ്-ബിഎംഎസ് എന്ന ചൈനീസ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽനിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ട് സർക്കാർ. ബാറ്റ്-ബിഎംഎസ് ഉൾപ്പെടെ രണ്ട് ആപ്പുകളാണ് ആപ്പ് സ്റ്റോറുകളിൽനിന്ന് നീക്കം ചെയ്തത്. ബ്ലൂടൂത്തിന്റെ സഹായത്തോടെ ഇ-റിക്ഷകളുടെ ബാറ്ററി ഡിസ്ചാർജ് പ്രവർത്തനരഹിതമാക്കാൻ ഈ ആപ്പ് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. ഇതിന്റെ സോഷ്യൽ മീഡിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇന്ന് ഡൽഹി സർക്കാർ ഗതാഗതവകുപ്പിന് നിർദേശം നൽകുകയും ചെയ്തു.
വിഷയത്തിൽ രേഖാമൂലമുള്ള പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, നിരവധി പേർ ഈ പ്രശ്നം തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി പങ്കജ് സിങ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആപ്പിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും പരിശോധന നടത്താനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
യഥാർഥത്തിൽ ബാറ്ററിയുടെ വോൾട്ടേജ്, താപനില തുടങ്ങിയവ തത്സമയം നിരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നതെങ്കിലും, ഇപ്പോൾ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ഗതാഗതവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ചൈനീസ് നിർമിതമായ ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങളാണ് ഭൂരിഭാഗം ഇ-റിക്ഷകളിലും ഉപയോഗിക്കുന്നത് എന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കണക്റ്റ് ചെയ്യുന്നതിന് പാസ്‌വേഡുകളോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ ആവശ്യമില്ലാത്ത ഓപ്പൺ ബ്ലൂടൂത്ത് സംവിധാനമായതിനാൽ, ആർക്കും വളരെ എളുപ്പത്തിൽ മൊബൈൽ ആപ്പ് വഴി ബാറ്ററിയിലേക്ക് കണക്റ്റ് ചെയ്യാനും വാഹനത്തിന്റെ പവർ വിച്ഛേദിക്കാനും സാധിക്കും. അതേസമയം നിലവിൽ മറ്റ് ഇലക്ട്രിക് വാഹനങ്ങളെയൊന്നും ഈ പ്രശ്നം ബാധിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇ-റിക്ഷകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും ഡ്രൈവർമാരിൽനിന്ന് പണം തട്ടിയെന്നും ആരോപിച്ച് ഉജ്ജയ്ൻ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ട്.
എന്താണ് ബാറ്റ്-ബിഎംഎസ് (BAT-BMS) ആപ്പ്
ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇ-റിക്ഷകളിലെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റവുമായി (BMS) ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനാണിത്. ബാറ്ററിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കാനും, ചാർജിങ് നില പരിശോധിക്കാനും, തകരാറുകൾ കണ്ടുപിടിക്കാനും, ക്രമീകരണങ്ങൾ മാറ്റാനും നിർമാതാക്കളും ഡീലർമാരും സർവീസ് ടെക്നീഷ്യന്മാരുമാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.
എന്നാൽ, ഈ ആപ്പ് ഉപയോഗിച്ച് ഇ-റിക്ഷകൾ വിദൂരമായി നിയന്ത്രിക്കാനും ഓഫാക്കാനും സാധിക്കുമെന്ന് അവകാശപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇത് വിവാദത്തിൽപ്പെടുകയായിരുന്നു. ആപ്പ് വഴി ലോക്ക് ചെയ്തതിനെ തുടർന്ന് തങ്ങളുടെ വാഹനങ്ങൾ വഴിയിൽവെച്ച് പെട്ടെന്ന് നിന്നുപോയെന്നും, വാഹനം അൺലോക്ക് ചെയ്യാൻ ചിലർ പണം ആവശ്യപ്പെട്ടുവെന്നും ഇ-റിക്ഷാ ഡ്രൈവർമാർ ആരോപിക്കുന്നുണ്ട്.
Content Highlights: The government has ordered the removal of the Chinese app BAT-BMS from app stores after hackers exploited its unencrypted open Bluetooth system to remotely disable e-rickshaw batteries and extort money from drivers.
Published: 03 Jul 2026, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented