ന്യൂഡൽഹി: ബ്ലൂടൂത്ത് വഴി ദൂരെനിന്ന് ഇ-റിക്ഷകളെ പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ ബാറ്റ്-ബിഎംഎസ് എന്ന ചൈനീസ് ആപ്ലിക്കേഷനെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി ഭരണകൂടം ഗതാഗതവകുപ്പിന് നിർദേശം നൽകി. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച വീഡിയോകൾ വൈറലായതിനെ തുടർന്നാണ് ഗതാഗതവകുപ്പിനോട് ആപ്പിന്റെ ആധികാരികത പരിശോധിക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നത്.

To advertise here,

ഇൻസ്റ്റാഗ്രാം, എക്സ്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഈ ആപ്പ് ഉപയോഗിച്ച് ഇ-റിക്ഷകളുടെ ബാറ്ററി ഡിസ്ചാർജ് ഫങ്ഷൻ ഓഫാക്കുന്നതിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബ്ലൂടൂത്ത് ഉപയോഗിച്ച് ഒരു നിശ്ചിത ദൂരത്തിനുള്ളിൽ നിന്നുകൊണ്ട് ലിഥിയം ബാറ്ററികളിലേക്ക് വയർലെസ് ആയി കണക്റ്റ് ചെയ്യാൻ ഈ ആപ്പ് വഴി സാധിക്കും. ഇത്തരത്തിൽ വാഹനം പെട്ടെന്ന് നിൽക്കുന്നത് ഡ്രൈവർമാരെ ദുരിതത്തിലാക്കുകയാണ്.

Read More- ആശങ്ക ഉയർത്തി ചൈനീസ് ആപ്പ്; ഇ-റിക്ഷകൾ പ്രവർത്തനരഹിതമാക്കുന്നത് എങ്ങനെ?

യഥാർഥത്തിൽ ബാറ്ററിയുടെ വോൾട്ടേജ്, താപനില തുടങ്ങിയവ തത്സമയം നിരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നതെങ്കിലും, ഇപ്പോൾ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ഗതാഗതവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ചൈനീസ് നിർമിതമായ ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങളാണ് ഭൂരിഭാഗം ഇ-റിക്ഷകളിലും ഉപയോഗിക്കുന്നത് എന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കണക്റ്റ് ചെയ്യുന്നതിന് പാസ്‌വേഡുകളോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ ആവശ്യമില്ലാത്ത ഓപ്പൺ ബ്ലൂടൂത്ത് സംവിധാനമായതിനാൽ, ആർക്കും വളരെ എളുപ്പത്തിൽ മൊബൈൽ ആപ്പ് വഴി ബാറ്ററിയിലേക്ക് കണക്റ്റ് ചെയ്യാനും വാഹനത്തിന്റെ പവർ വിച്ഛേദിക്കാനും സാധിക്കും.

വിഷയത്തിൽ രേഖാമൂലമുള്ള പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, നിരവധി പേർ ഈ പ്രശ്നം തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി പങ്കജ് സിങ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആപ്പിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും പരിശോധന നടത്താനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.