ജലം ഉപയോഗിക്കുന്നതില്‍ ഇനി ഒന്നാംസ്ഥാനത്തുണ്ടാകുക ശീതളപാനീയ കമ്പനികള്‍ അടക്കമുള്ളവ ആയിരിക്കില്ല. നിര്‍മിതബുദ്ധി (എഐ) ഡാറ്റാ സെന്ററുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോള ജലസ്രോതസുകളുടെ പ്രധാന ഉപഭോക്താക്കളായി ഉയര്‍ന്നുവരാമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എഐ കമ്പനികളുടെ ഡേറ്റാ സെന്ററുകള്‍ ശീതീകരിക്കുന്നതിനും വൈദ്യുതി ഉത്പാദനത്തിനുമായുള്ള വാര്‍ഷിക ജല ഉപയോഗം 2028-ഓടെ ഏകദേശം 1,068 ബില്യണ്‍ (106.8 കോടി) ലിറ്ററായി ഉയര്‍ന്നേക്കാം. ഇത് 2024-ലെ നിലവാരത്തില്‍ നിന്ന് 11 മടങ്ങ് വര്‍ധനയാണെന്ന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

To advertise here,

ഡേറ്റാ സെന്ററുകള്‍ ശീതീകരിക്കുന്നതിനുള്ള ജല ഉപയോഗം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വൈദ്യുതി ഉത്പാദനത്തിനുള്ള പരോക്ഷമായ ഉപയോഗം പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പ്രതിദിനം അഞ്ച് ദശലക്ഷം ഗാലന്‍ വരെ അതിശുദ്ധമായ ജലം ഉപയോഗിക്കാന്‍ കഴിയുന്ന അര്‍ധചാലക (സെമികണ്ടക്ടര്‍) നിര്‍മ്മാണം എഐയുടെ ജല ഉപയോഗം വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഐ-യുമായി ബന്ധപ്പെട്ട ജല ഉപയോഗത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് വൈദ്യുതി ഉല്‍പാദനമാണ്. പിന്നാലെ നേരിട്ടുള്ള ഡാറ്റാ സെന്റര്‍ തണുപ്പിക്കലും, അര്‍ധചാലക ഉത്പാദനവും വരുന്നു.

ലോകത്തിലെ മുന്‍നിര ഡാറ്റാ സെന്റര്‍ ഹബ്ബുകളില്‍ പകുതിയിലധികവും ഇടത്തരം മുതല്‍ ഉയര്‍ന്ന നിലയില്‍വരെ ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണിത്.

ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ മൊത്തം ജല ഉപയോഗത്തിന്റെ 95 ശതമാനവും ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ അയോവയിലെ കേന്ദ്രം ഒരു വര്‍ഷം മാത്രം 3.8 ബില്യണ്‍ (380 കോടി) ലിറ്റര്‍ ജലമാണ് ഉപയോഗിച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ എഐയുടെ ഉപയോഗം വര്‍ധിക്കുന്നതിനനുസരിച്ച് കാര്യക്ഷമമായ ജലവിഭവ മാനേജ്‌മെന്റ് നിര്‍ണായകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.