ശൂന്യാകാശത്തുകൂടി അതിവേഗം സഞ്ചരിക്കുന്ന ഒരു ചെറിയ വസ്തു. എന്നാൽ യഥാർഥത്തിൽ അതെന്താണെന്ന് ശാസ്ത്രലോകത്തിന് ഇപ്പോഴും പൂർണമായും ഉറപ്പില്ല.

To advertise here,

സൂര്യനെ ചുറ്റുന്ന ഒരു വലിയ പാറക്കഷണമാണ് 1998 KY26. ഏകദേശം 36 അടി (11 മീറ്റർ) മാത്രമാണ് ഇതിന്റെ വ്യാസം. ബഹിരാകാശത്തെ മറ്റു വസ്തുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കുഞ്ഞൻ പാറക്കഷണം. എന്നാൽ ഗുരുത്വാകർഷണ ബലം കൊണ്ടുമാത്രം വിശദീകരിക്കാനാകാത്ത രീതിയിലാണ് ഇതിന്റെ സഞ്ചാരം. അതുകൊണ്ടുതന്നെയാണ് ഇത് ഒരു ധൂമകേതുവാണോ, ഛിന്നഗ്രഹമാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്ന ചർച്ച ശാസ്ത്രലോകത്ത് സജീവമായത്.

എന്തായാലും ഇതൊരു അന്യഗ്രഹ പേടകമൊന്നുമല്ല. 1998-ൽ അരിസോണ സർവകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ ടോം ഗെഹ്രൽസാണ് 1998 KY26 കണ്ടെത്തിയത്. ആദ്യം ഇതൊരു ഛിന്നഗ്രഹമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇതിന്റെ അസാധാരണ സഞ്ചാരപാത നോക്കുമ്പോൾ ജോഹന്നസ് കെപ്ലറുടെ ഗ്രഹചലന നിയമങ്ങൾ ഇതിന് ബാധകമാവില്ലെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി.

1998 KY26 ഒരു 'ഇരുണ്ട ധൂമകേതു' (Dark Comet) ആയിരിക്കാമെന്നതായിരുന്നു ഉയർന്നുവന്ന ഒരു സിദ്ധാന്തം. സൂര്യന്റെ ചൂടിൽ ഉള്ളിലെ മഞ്ഞ് ബാഷ്പീകരിക്കപ്പെടുമ്പോൾ പുറത്തേക്കുവരുന്ന പൊടിപടലങ്ങൾ ചേർന്ന വാൽ സാധാരണ ധൂമകേതുക്കളിൽ കാണാറുണ്ട്. എന്നാൽ അത്തരമൊരു വാൽ പ്രകടമായി കാണാത്ത ധൂമകേതുക്കളെയാണ് ഇരുണ്ട ധൂമകേതുക്കൾ എന്ന് വിശേഷിപ്പിക്കുന്നത്. മഞ്ഞ് നേരിട്ട് ഖരാവസ്ഥയിൽനിന്ന് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയയായ സബ്ലിമേഷൻ കാരണമാണ് ഇതിന്റെ വേഗത്തിൽ മാറ്റമുണ്ടാകുന്നതെന്ന് വിശദീകരിക്കാനും ശാസ്ത്രജ്ഞർ ശ്രമിച്ചു.

എന്നാൽ ശാസ്ത്രജേണലായ ഇക്കാറസിൽ (Icarus) പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം ഈ വിശദീകരണത്തിനും തടസ്സമായി. 1998 KY26-ന്റെ ശരാശരി താപനില ഏകദേശം മൈനസ് 47 ഡിഗ്രി സെൽഷ്യസ് ആണെന്നും ഇത് മഞ്ഞ് നിലനിൽക്കാൻ ആവശ്യമായ പരിധിയേക്കാൾ വളരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

"ഒരു വസ്തുവിൽ മഞ്ഞുണ്ടെങ്കിൽ അതൊരു ധൂമകേതുവാണ്, എന്നാൽ മഞ്ഞിന്റെ സാന്നിധ്യമില്ലെങ്കിൽ അതിനെ ധൂമകേതുവെന്ന് വിളിക്കാനാകില്ലെന്നും KY26-ന്റെ ഉപരിതലം വളരെ ചൂടാണെന്നും" ഇക്കാറസിൽ (Icarus) പ്രസിദ്ധീകരിച്ച പഠനത്തെ പിന്തുണച്ച് മിഷിഗൻ സ്റ്റേറ്റ് സർവകലാശാലയിലെ ഫിസിക്സ് ആൻഡ് അസ്ട്രോണമി അസിസ്റ്റന്റ് പ്രൊഫസർ ഡാരിൽ സെലിഗ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഇത് സോവിയറ്റ് പേടകമാണെന്ന വാദം

1998 KY26-നെപ്പറ്റി മറ്റു ശ്രദ്ധേയമായ വാദങ്ങളുമുണ്ട്. ഇതൊരു ധൂമകേതുവോ ഛിന്നഗ്രഹമോ അല്ലെന്നും 1988-ൽ സോവിയറ്റ് യൂണിയൻ ചൊവ്വയെ സന്ദർശിക്കാൻ വിക്ഷേപിച്ച ഫോബോസ് 1 (Phobos 1) എന്ന ആളില്ലാ ബഹിരാകാശ പേടകമാണെന്നുമാണ് ഹാർവാഡ് സർവകലാശാലയിലെ വിവാദ ജ്യോതിശ്ശാസ്ത്രജ്ഞനും അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനുമായ അവി ലോയിബ് നൽകുന്ന വിശദീകരണം.

വിക്ഷേപിച്ച് ഏകദേശം രണ്ടുമാസത്തിനുശേഷം ഈ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ മേയിൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിലാണ് 1998 KY26 ഒരു സോവിയറ്റ് ഉപഗ്രഹമായിരിക്കാമെന്ന ആശയം അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഈ വാദം തള്ളിക്കളഞ്ഞു. 1998 KY26 ഒരു ഛിന്നഗ്രഹമല്ലാതെ മറ്റെന്തെങ്കിലുമാണെന്നതിന് തെളിവുകളില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അസാധാരണ സഞ്ചാരത്തിന്റെ കാരണം

എന്നാൽ 2025-ൽ പുറത്തുവന്ന ഈ വസ്തുവിന്റെ യഥാർഥ വലുപ്പം സംബന്ധിച്ച കണക്കുകൾ അതിന്റെ അസാധാരണ സഞ്ചാരത്തിനുപിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിൽ നിർണായകമായി. നേരത്തേ കണക്കാക്കിയിരുന്നതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഈ ആകാശവസ്തുവിന്റെ വ്യാസമെന്ന് പഠനം കണ്ടെത്തി. ഇതോടെ ഇത്രയും ചെറിയൊരു വസ്തുവിന്റെ സഞ്ചാരത്തെ സ്വാധീനിക്കാൻ സൂര്യനിൽനിന്നുള്ള വികിരണത്തിനും കഴിയുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തി.

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ നാവിഗേഷൻ എൻജിനിയറായ ഡാവിഡെ ഫാർനോച്ചിയയും സഹപ്രവർത്തകരുമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വിശദീകരണം മുന്നോട്ടുവെച്ചത്. സൂര്യപ്രകാശത്തിലെ ഫോട്ടോണുകൾക്ക് ആക്കം (Momentum) ഉണ്ടെന്നും അവ ഒരു വസ്തുവിൽ ചെലുത്തുന്ന സമ്മർദം അതിന്റെ സഞ്ചാരത്തെ സ്വാധീനിക്കുമെന്നുമാണ് ഇവരുടെ കണ്ടെത്തൽ.

ഇതിനുപുറമെ സൂര്യപ്രകാശം ആഗിരണം ചെയ്ത് ചൂടാകുന്ന വസ്തു പിന്നീട് താപം പുറത്തുവിടുമ്പോൾ അതിന്റെ സഞ്ചാരത്തിൽ മാറ്റങ്ങളുണ്ടാകുന്ന യാർക്കോവ്സ്കി പ്രഭാവം (Yarkovsky Effect) എന്ന പ്രതിഭാസവും 1998 KY26-ന്റെ സഞ്ചാരത്തെ സ്വാധീനിക്കുന്നുണ്ടാകാം എന്ന അനുമാനവുമുണ്ട്. ഈ പ്രതിഭാസം മൂലമുണ്ടാകുന്ന ബലവും സൗരവികിരണ മർദവും ചേർന്നാണ് 1998 KY26-ന്റെ അസാധാരണ ത്വരണത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇക്കാര്യം ഞായറാഴ്ച നാസയും വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇത് ഒരു സ്വാഭാവിക ഛിന്നഗ്രഹമാണെന്ന നിഗമനത്തിനാണ് ഇപ്പോൾ ശാസ്ത്രീയ പിന്തുണ കൂടുതൽ.