
സൈബർ ആക്രമണങ്ങളിലും കാംപെയ്നുകളിലും നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചതായി ഗൂഗിൾ ത്രെറ്റ് ഇന്റലിജൻസ് ഗ്രൂപ്പിന്റെ റിപ്പോർട്ട്. സോഫ്റ്റ്‌വേറുകളിലെ സുരക്ഷാ പഴുതുകൾ പരിഹരിക്കാൻ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ (Security Patches) എന്തെല്ലാമെന്ന് പരിശോധിക്കാനും സുരക്ഷാ വീഴ്ചകൾ തിരിച്ചറിയാനും സൈബർ കുറ്റവാളികൾ എഐ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തി ആക്രമിക്കാൻ എഐ
മനുഷ്യരുടെ ഇടപെടൽ പരമാവധി കുറച്ച് ആക്രമണങ്ങൾ വേഗത്തിലാക്കാൻ സ്വയം പ്രവർത്തിക്കുന്ന ARTEX, CAIRN, CyberStrikeAI, PentAGI തുടങ്ങിയ മൾട്ടി ഏജന്റ് ഫ്രെയിംവർക്കുകൾ ഹാക്കർമാർ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി.
ഇതിനുപുറമെ വെബ്സൈറ്റുകളിലെയും സോഫ്റ്റ്‌വേറുകളിലെയും സുരക്ഷാ വീഴ്ചകൾ കണ്ടെത്താൻ ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ സോഫ്റ്റ്‌വേർ കോഡുകൾ പരിശോധിക്കുന്നത്. പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾക്കുമുമ്പും ശേഷവുമുള്ള കോഡുകൾ താരതമ്യം ചെയ്ത് പരിഹരിച്ച സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നു. ആ പിഴവുകൾക്കനുസരിച്ച് എഐ ഉപയോഗിച്ചുതന്നെ ആക്രമണത്തിനുള്ള വഴികൾ കണ്ടെത്തുകയും പ്രയോഗിക്കുകയും ചെയ്യുന്നു. സ്ഥാപനങ്ങളുടെ സാങ്കേതിക വിദഗ്ധർ കണ്ടെത്തി പരിഹരിച്ച പ്രശ്നങ്ങൾ അതിവേഗം തിരിച്ചറിയാനും അവ മറികടക്കാനും ഇത് ഹാക്കർമാരെ സഹായിക്കുന്നു.
ഹാക്കിങ്ങിലൂടെ മോഷ്ടിച്ച വിവരങ്ങൾ വിശകലനം ചെയ്യാനും എഐ തന്നെയാണ് ഉപയോഗിക്കുന്നത്. വിവരങ്ങൾ വിവർത്തനം ചെയ്യാനും അർഥം മനസ്സിലാക്കാനും എഐ സഹായിക്കുന്നു.
ഫിഷിങ് ആക്രമണങ്ങൾ കൂടുതൽ വിശ്വസനീയമാക്കാൻ
ലക്ഷ്യമിടുന്ന വ്യക്തിയുടെയോ പ്രദേശത്തിന്റെയോ ഭാഷയും സംസാരശൈലിയും അനുകരിച്ച് വ്യാജ ഇമെയിലുകളും സന്ദേശങ്ങളും തയ്യാറാക്കാൻ ഹാക്കർമാർ എഐ ഉപയോഗിക്കുന്നുണ്ട്. വ്യാജ വെബ്സൈറ്റുകളും ലോഗിൻ പേജുകളും സൃഷ്ടിക്കാനും എഐ സഹായിക്കുന്നു. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഹാക്കർമാർക്കും ഫിഷിങ് ആക്രമണം നടത്തുന്നത് ഇത് എളുപ്പമാക്കുന്നു.
ഇതുകൂടാതെ പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികളിൽ ഐടി ജീവനക്കാരായി ജോലി നേടാൻ വ്യാജ റെസ്യൂമേകൾ നിർമിക്കുക, വ്യാജ റിക്രൂട്ടർ പ്രൊഫൈലുകൾ നിർമിക്കുക, വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നിർമിക്കുക, വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമിക്കുക, രാഷ്ട്രീയപ്രചാരണങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കുമുള്ള ഉള്ളടക്കങ്ങൾ വ്യാപകമായി സൃഷ്ടിക്കുക തുടങ്ങിയ പലവിധ കുറ്റകൃത്യങ്ങൾക്ക് എഐ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Content Highlights: A new report by the Google Threat Intelligence Group reveals a sharp rise in cybercriminals using Artificial Intelligence (AI) and multi-agent frameworks like ARTEX, CAIRN, CyberStrikeAI, and PentAGI to automate cyber attacks.
Published: 17 Nov 2026, 10:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented