യുഎസിലെ മുൻനിര ബാങ്കിങ് സ്ഥാപനമായ ജെപി- മോർഗൻ ചേസിന്റെ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തെ വിവിധ ബാങ്കുകളുടെ ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെട്ടു. ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ കാണാനും ഇടപാടുകൾ നടത്താനും ബുദ്ധിമുട്ടുണ്ടായി. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലെ സിസ്റ്റം തകരാറിലായതിനെ തുടർന്ന് യുഎസിൽ പതിനായിരത്തോളം വിമാന സർവീസുകൾ പിൻവലിക്കേണ്ടിവന്നതിന് ദിവസങ്ങൾക്കുശേഷമാണ് സമാനമായ സംഭവം ബാങ്കിങ് രംഗത്തും നേരിടുന്നത്.

To advertise here,

എന്നാൽ തങ്ങളുടെ സ്വന്തം സിസ്റ്റങ്ങളിലെ സോഫ്റ്റ്‌വേർ പിഴവാണ് തകരാറിന് കാരണമെന്ന് ബാങ്ക് അറിയിച്ചു; സൈബർ ആക്രമണത്തിന്റെ തെളിവില്ലെന്നും സ്ഥാപനം വ്യക്തമാക്കി. ഈ തകരാർ വെൽസ് ഫാർഗോ, ബാങ്ക് ഓഫ് അമേരിക്ക, യുഎസ് ബാങ്ക്, ട്രൂയിസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉപയോക്താക്കളെയും ബാധിച്ചു. ഇവിടങ്ങളിലെ ഉപയോക്താക്കൾക്ക് ചേസിന്റെ ഉപയോക്താക്കൾക്ക് പണം അയക്കാനാവാതെ വന്നു. അക്കൗണ്ടുകൾ, എടിഎം കാർഡുകൾ, ബാലൻസ് പരിശോധിക്കൽ, ബാങ്ക്-വയർ കൈമാറ്റങ്ങൾ, സെല്ലെ (Zelle) പേയ്മെന്റുകൾ എന്നിവയിൽ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. 

ഇന്ത്യൻ സമയം പുലർച്ചെ 4.30-ഓടെ സേവനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയതായാണ് വിവരം. ഈ സമയം ചേസ്, ബാങ്ക് ഓഫ് അമേരിക്ക, യുഎസ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം കുറഞ്ഞു. തകരാറിന് കാരണമായ പ്രശ്നം പരിഹരിച്ചതായും ഇടപാടുകൾ ഇപ്പോൾ സാധാരണ നിലയിൽ പ്രോസസ് ചെയ്യുന്നുണ്ടെന്നും ചേസ് അറിയിച്ചു.

അമേരിക്കയിൽ അടുത്തിടെ ഉണ്ടായ മറ്റുചില സാങ്കേതിക തകരാറുകൾക്കുപിന്നാലെയാണ് ബാങ്കിങ് സേവനങ്ങളിലുണ്ടായ ഈ തടസ്സവും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫെഡറൽ ഏവിയേഷൻ അതോറിറ്റി നേരിട്ട പ്രശ്നത്തിനുപുറമെ, കഴിഞ്ഞ ആഴ്ച മൈക്രോസോഫ്റ്റിന്റെ സേവനങ്ങളിലുണ്ടായ തടസ്സം ഔട്ട്‌ലുക്ക്, ടീംസ്, കോപൈലറ്റ് എന്നിവയെ ബാധിച്ചിരുന്നു. ഏകദേശം 36 മണിക്കൂറോളം നീണ്ടുനിന്ന ഈ തകരാർ ലോകമെമ്പാടുമുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങളെയും ബാധിച്ചു.