വാഷിങ്ടൻ: ചൊവ്വയിൽ ജീവൻ നിലനിൽക്കാൻ അനുകൂലമായ സാഹചര്യങ്ങളുണ്ടായിരുന്നുവെന്നതിന് പുതിയ തെളിവ്. സഹാറ മരുഭൂമിയിൽ കണ്ടെത്തിയ 410 കോടി വർഷം പഴക്കമുള്ള ഉൽക്കാശിലയാണ് ഇതിന് സാക്ഷ്യംപറയുന്നത്.

To advertise here,

2022-ൽ ആഫ്രിക്കൻ രാജ്യമായ മലിയിലെ സഹാറ മരുഭൂമിയിൽ കണ്ടെത്തിയ ‘ടെഗാസ 001’ എന്ന ചുവപ്പുകലർന്ന ശിലയാണ് നിർണായകമാകുന്നത്. ഇതിന് കുറഞ്ഞത് 410 കോടി വർഷം പഴക്കമുണ്ടെന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷകസംഘത്തിന്റെ കണ്ടെത്തൽ. ഭൂമിയിൽ ഇതുവരെ തിരിച്ചറിഞ്ഞ ചൊവ്വയിൽനിന്നുള്ള 435 ഉൽക്കാശിലകളിൽ ഏറ്റവും പഴക്കമുള്ളതാണിത്.

എട്ടു കഷണങ്ങളായി കണ്ടെത്തിയ ശിലയുടെ ഏറ്റവും വലിയ ഭാഗത്തിന് മുഷ്ടിയോളം വലുപ്പമുണ്ട്. യുറേനിയം ക്രമേണ ലെഡായിമാറുന്ന പ്രക്രിയ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലൂടെയാണ് പ്രായം നിർണയിച്ചത്. ശിലയിലെ ധാതുക്കളുടെയും ഹൈഡ്രജൻ, ഓക്സിജൻ ഐസോടോപ്പുകളുടെയും വിശകലനത്തിൽ ചൊവ്വയുടെ ഉപരിതലത്തിൽ 410 കോടി വർഷത്തിനുമുൻപ് ദ്രവരൂപത്തിലുള്ള ജലമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ ലഭിച്ചു.

ശില രൂപപ്പെടുന്നകാലത്ത് പാറകളിലൂടെ ജലം ഊർന്നിറങ്ങി ഉരുകിയ ശിലാദ്രവ്യവുമായി കലർന്നിരുന്നതായും ഗവേഷകർ കണ്ടെത്തി. പഠനം ‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചു.