സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്‌ഫോണായ വിവോ എക്‌സ്100 സീരീസിന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. നോയിഡയിലെ നിര്‍മാണ ശാലയിലാണ് ഉത്പാദനം നടക്കുന്നത്. മലേഷ്യ, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്‌ഫോണുകള്‍ കയറ്റുമതി ചെയ്യാനും വിവോ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ തന്നെ  സൗദി അറേബ്യ, തായ് ലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും വിവോ ആരംഭിച്ചിരുന്നു.

To advertise here,

നവംബര്‍ 14 നാണ് എക്‌സ് 100, എക്‌സ് 100 പ്രോ എന്നീ രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിവോ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 14 ന് ഇവ ആഗോള വിപണിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് കമ്പനി. 2024 ജനുവരിയില്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്നാണ് കരുതുന്നത്. 

ഗ്രേറ്റര്‍ നോയിഡയിലെ വിവോയുടെ പുതിയ ഫാക്ടറിയുടെ ജോലികള്‍ പുരോഗമിക്കുകയാണ്.  2024 ആദ്യ പകുതിയില്‍ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കും. പുതിയ നിര്‍മാണ ശാലയ്ക്കായി 169 ഏക്കര്‍ ഭൂമി വിവോ ഏറ്റെടുത്തിരുന്നു.

ആഗോള തലത്തില്‍ ഏഴ് നിര്‍മാണശാലകളാണ് വിവോയ്ക്കുള്ളത്. വാര്‍ഷിക പ്രാദേശിക ഉത്പാദന ശേഷി ഇരട്ടിയാക്കാനും ഇന്ത്യയെ ആഗോള കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കാനും 2023 ഓടെ 1600 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് വിവോ മുമ്പ് പറഞ്ഞിരുന്നു. 7500 കോടിയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയെന്ന് വിവോ മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതില്‍, നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 2021 വരെ ഇന്ത്യയില്‍ 1900 കോടി രൂപ വിവോ നിക്ഷേപിച്ചിട്ടുണ്ട്.