യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി, നാഷണല്‍ സൈബര്‍ ക്രൈം യൂണിറ്റ് ഉള്‍പ്പടെയുള്ള നിയമപാലന ഏജന്‍സികള്‍ ചേര്‍ന്ന് മോഷ്ടിക്കപ്പെട്ട പാസ് വേഡുകള്‍, ഇമെയില്‍ ഐഡികള്‍ എന്നിവയുടെ വന്‍ ശേഖരം കണ്ടെത്തി. ഹാക്ക് ചെയ്ത ക്ലൗഡ് സ്റ്റോറേജില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ആഗോള തലത്തിലുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ബാധിക്കുന്ന ചോര്‍ച്ചയാണിത്. 22.5 കോടി പാസ്‌വേഡുകള്‍ ഇക്കൂട്ടത്തിലുണ്ട്. കണ്ടെത്തിയവ ‘Have I Been Pwned’ (HIBP) എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആളുകള്‍ക്ക് അവരുടെ ഇമെയില്‍ ഐഡികളും പാസ് വേഡുകളും സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ സാധിക്കുന്ന സൗജന്യ ഓണ്‍ലൈന്‍ സേവനമാണ് ‘Have I Been Pwned’ (HIBP).  പോലീസ് കണ്ടെത്തിയ പാസ് വേഡുകളുടേയും ഇമെയില്‍ ഐഡികളുടേയും ശേഖരം ഇതിലുണ്ട്. 

എങ്ങനെയാണ് ഇതൊരു പ്രശ്‌നമാകുന്നത്  ?

ചോര്‍ന്നു പോയ ഇമെയില്‍ ഐഡികളുടേയും പാസ് വേഡുകളുടേയും ശേഖരം സൈബര്‍ കുറ്റവാളികളെ സംബന്ധിച്ച് ഒരു നിധിശേഖരമാണ്. അവരുടെ പാസ് വേഡ് ട്രാക്കിങ് അല്‍ഗൊരിതത്തെ പരിശീലിപ്പിക്കാന്‍ ഈ പാസ് വേഡ് ശേഖരം ഉപയോഗിക്കാം. മറ്റൊരാളുടെ ബാങ്കിങ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ് വേഡ് കണ്ടെത്താന്‍ ഈ അല്‍ഗൊരിതം ഉപയോഗിച്ച് സാധിക്കും. 

ഇങ്ങനെ ചോര്‍ന്നുപോയ ഇമെയില്‍ ഐഡികളും പാസ് വേഡുകളും ‘Have I Been Pwned’ (HIBP) വെബ്‌സൈറ്റില്‍ പോലീസ് പ്രസിദ്ധീകരിക്കുമ്പോള്‍ നമ്മള്‍ക്ക് നമ്മളുടെ പാസ് വേഡുകളും ഇമെയില്‍ ഐഡികളും ചോര്‍ന്നിട്ടുണ്ടോ എന്നും നിങ്ങളുടെ ഇമെയില്‍ ഐഡിയോ പാസ് വേഡുകളോ സൈബര്‍ കുറ്റവാളികളുടെ ഡാറ്റാശേഖരത്തില്‍ ഉണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കും. അങ്ങനെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ പ്രധാനപ്പെട്ട സേവനങ്ങളുടെ പാസ് വേഡുകള്‍ മാറ്റാനും സാധിക്കും.

നിങ്ങളുടെ പാസ്‌വേഡോ ഇമെയില്‍ ഐഡിയോ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം ?

https://haveibeenpwned.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

നിങ്ങളുടെ ഇമെയില്‍ ഐഡി നല്‍കി 'pwned?' എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. ആ ഡാറ്റാബേസില്‍ നിങ്ങളുടെ ഇമെയില്‍ ഐഡി ഉണ്ടെങ്കില്‍ വെബ്‌സൈറ്റ് നിങ്ങളെ അറിയിക്കും. നിങ്ങളുടെ മൊബൈല്‍ നമ്പറും ഇതേ രീതിയില്‍ പരിശോധിക്കാം. 

പാസ് വേഡുകള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വെബ്‌സൈറ്റിലെ മുകളിലുള്ള ഓപ്ഷനുകളില്‍ Passwords എന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ പാസ് വേഡുകള്‍ ടൈപ്പ് ചെയ്ത് 'pwned?' ബട്ടന്‍ ക്ലിക്ക് ചെയ്യുക. 

വെബ്‌സൈറ്റ് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയാല്‍

ഇമെയില്‍ ഐഡി, പാസ് വേഡ് എന്നിവ സംബന്ധിച്ച് Have I Been Pwned വെബ്‌സൈറ്റ് മുന്നറിയിപ്പ് നല്‍കിയാല്‍ ഉടന്‍ തന്നെ നിങ്ങളുടെ പാസ് വേഡ് മാറ്റുക. പകരം സങ്കീര്‍ണമായ മറ്റൊരു പാസ് വേഡ് ഉപയോഗിക്കാം. 

ശ്രദ്ധിക്കേണ്ടകാര്യം, ഈ വെബ്‌സൈറ്റ് നിങ്ങളുടെ ഇമെയില്‍ ഐഡിയോ പാസ് വേഡോ തിരിച്ചറിഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നല്ല. മറിച്ച് നിങ്ങളുടെ ഇമെയില്‍ ഐഡിയും പാസ് വേഡും സൈബര്‍ കുറ്റവാളികളുടെ റഡാറിനുള്ളിലുണ്ട് എന്നാണ്. 

പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുടെ പാസ് വേഡുകളും ഇമെയില്‍ ഐഡിയും മാറ്റുക. സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകള്‍, ഇമെയില്‍ ഐഡികള്‍, ബാങ്കിങ് അക്കൗണ്ടുകള്‍ എന്നിവയ്ക്ക് സമാനമായ പാസ് വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.

Content Highlights: 22 Crore Stolen Passwords Check Whether Your Password Is Hacked Or Not