
ടെക്‌നോളജിയുടെ ലൂപ്‌ഹോൾ ഉപയോഗിച്ച് കാര്യം സാധിക്കാന്‍ മല്ലൂസിനെക്കാള്‍ മിടുക്കന്മാര്‍ വേറയില്ല. പണ്ട് കോയിന്‍ ടെലഫോണ്‍ ബൂത്ത് എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. മണിച്ചിത്രത്താഴ് സിനിമയൊക്കെ റീലീസാകുന്ന സമയത്ത് ഈ ഫോണൊക്കെ സര്‍വ്വ സാധാരണമായിരുന്നു. ഒരു രൂപ നാണയമിട്ടാലാണ് ഫോണ്‍ വിളി സാധ്യമാകുക. വിശന്ന വയറും പ്രണയ മൂഡുമായി നടക്കുന്ന ഓട്ടക്കീശക്കാരായ മല്ലൂ യൂത്തിന്റെ കയ്യിലെവിടെയാണ് കാശ്. കോയിന്‍ ഇട്ടില്ലേലും നമ്പര്‍ ഡയല്‍ ചെയ്യാം. കണക്ടാകും. പക്ഷേ മറുതലയ്ക്കല്‍ നിന്ന് സംസാരിക്കുന്നത് കേള്‍ക്കാന്‍ കഴിയില്ല. നമ്മള്‍ ലൂപ് ഹോള്‍ കണ്ടുപടിച്ചു. റീസീവര്‍ തലതിരിച്ചുപിടിച്ചാല്‍ മതി.
പണ്ട് എറ്റിഎമ്മില്‍ നിന്ന് പണം ഡിസ്‌പേന്‍സ് ആയിട്ട് നമ്മള്‍ നിശ്ചിത സമയത്തിനകം എടുത്തില്ലേല്‍ അത് തിരികെ മെഷിനില്‍ പോകുമായിരുന്നു. പണം പുറത്തേക്ക് വരുമ്പോള്‍ മാത്രമേ മെഷിന്‍ അത് റീഡ് ചെയ്ത് അത്രയും തുക അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യുകയുള്ളൂ. തിരികെ പോകുമ്പോള്‍ മെഷിന്‍ റീഡ് ചെയ്യില്ല. പകരം പുറത്തേക്ക് പോയ അത്രയും പണം തിരികെ വന്നതായി കണക്കാക്കി അത്രയും തുക അക്കൌണ്ടില്‍ ക്രഡിറ്റ് ചെയ്യും. ഇത് മനസിലാക്കിയ മല്ലൂസ് 5000 രൂപ പിന്‍വലിച്ചിട്ട് ട്രേയില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം 4000 രൂപമാത്രം എടുക്കും. ആയിരം രൂപ ട്രേയില്‍ തന്നെ ഉണ്ടാകും. കുറച്ചുകഴിയുമ്പോള്‍ ട്രേയില്‍ നിന്ന് ആ പണം തിരികെ പോകും. അക്കൗണ്ടില്‍ അയ്യായിരം രൂപയും തിരികെ കേറും. നാലായിരം രൂപ നമുക്ക് കിട്ടി. എങ്ങനെയുണ്ട്. ഇത് വളരെ വൈകിയാണത്രേ ബാങ്കുകള്‍ക്ക് മനസിലായത്. അതേത്തുടര്‍ന്നാണ് നോട്ട് തിരികെ പോകുന്ന ഏര്‍പ്പാട് നിര്‍ത്തിയത് എന്ന് പറയപ്പെടുന്നു.
ട്രെയിനില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യുന്ന മല്ലൂസ് റ്റിറ്റിആര്‍ പരിശോധനയ്ക്ക വന്നില്ലേല്‍ അവസാന സ്റ്റേഷന്‍ എത്തും മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പൈസ വസൂലാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അതറിഞ്ഞതോടെയാണത്രേ റെയില്‍വേ ട്രയിന്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യം നിര്‍ത്തലാക്കിയത്. ഇനി സുരക്ഷയുടെ കാര്യം വന്നാലോ. അതും അനുസരിക്കാന്‍ നമ്മള്‍ മല്ലൂസിന് വലയി മടിയാണ്.
ബൈക്കോടിക്കുമ്പോള്‍ അപകടത്തില്‍പെട്ട് തലതെറിക്കാതിരിക്കാന്‍ ഹെല്‍മെറ്റ് വെക്കണം എന്ന് പറയുമ്പോള്‍ നമുക്കൊക്കെ എന്നാ ഒരു ഇതാ. ഹെല്‍മെറ്റ് വെക്കാതെ പോലീസിനെ വെട്ടിച്ച് പൊട്ടക്കിണറ്റിലും ആറ്റിലുമൊക്കെ വീഴുന്നവര്‍ എത്രയാണെന്നോ. അതുംപോരാഞ്ഞ് ഹെല്‍മെറ്റ് പോലെ തോന്നിക്കുന്ന പ്ലാസ്റ്റിക്ക് തൊപ്പി വെക്കുന്നവരും ഉണ്ട്. പോലീസിനെ പറ്റിക്കാന്‍. സീറ്റ്ബല്‍റ്റ് ധരിക്കുന്നത് കര്‍ശനമാക്കിയപ്പോള്‍ സീറ്റ് ബല്‍റ്റ് ധരിച്ചതുപോലുള്ള പടമുള്ള ടീ ഷര്‍ട്ടിടുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ എവിടെയാണാവോ.
ഹതൊക്കെ റോഡ് സുരക്ഷയുടെ കാര്യം. എന്നാല്‍ മല്ലൂസിന്റെ ഇത്തരം തരികിടപ്പരിപാടികളൊന്നും സൈബര്‍ സുരക്ഷക്കാരുടെ അടുത്ത് ഏശില്ല. സൈബര്‍ സെക്യൂരിറ്റിക്കാര്‍ നമ്മെക്കൊണ്ട് സര്‍ക്കസ് കളിപ്പിക്കുും. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇന്ന് വളരെ വ്യാപകമണെന്നത് ശരി. ബാങ്കുകള്‍, വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ തുടങ്ങിയവയൊക്കെ നമ്മെ രക്ഷിക്കാന്‍ നിരവധി സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ സുരക്ഷയുടെ പേരില്‍ ശ്വാസം മുട്ടികുന്നു എന്നാണ് നമ്മള്‍ മല്ലൂസ് വിശ്വസിക്കുന്നത്. ആ വിശ്വാസം കുറെയൊക്കെ ശരിയുമാണ് താനും.
പാസ്‌വേഡിന്റെ കാര്യം തന്നെ എടുക്കാം. ഒരു ശരാശരി മല്ലൂുസ് ഇന്ന് തലയില്‍ കുറഞ്ഞത് പത്ത് പതിനഞ്ച് പാസ്‌വേഡുമായാണ് നടക്കുന്നത്. മൂന്ന് നാല് ഓണ്‍ലൈന്‍ ബാങ്ക് അക്കൌണ്ടുകളുണ്ടാകും. നാലഞ്ച് ഈ മെയിലുമുണ്ടാകും. പിന്നെ മൂന്നുനാല് സോഷ്യല്‍ മീഡിയ മീഡിയ ഹാന്‍ഡിലുകള്‍. ഇ കൊമേഴ്‌സ് സൈറ്റുകള്‍, കറന്റ് ബില്ല്, ടെലഫോണ്‍ ബില്ല്, ഡിജി ലോക്കര്‍, ട്രേഡിംഗ് അക്കൌണ്ട്.... എല്ലാത്തിനും പാസ്‌വേര്‍ഡ് വേണം. പണ്ടൊക്കെ 1234 ഒക്കെ മതിയായിരുന്നു പാസ്‌വേര്‍ഡ്. അല്ലെങ്കില്‍ നിങ്ങളുടെ പെറ്റിന്റെ പേര്, വീട്ടുപേര് തുടങ്ങിയവയൊക്കെ ധാരാളം. ഇന്ന് ഒരു പാസ്‌വേര്‍ഡ് അപ്രൂവ് ചെയ്ത് കിട്ടണമെങ്കില്‍ ചില്ലറ പണിയൊന്നുമല്ല എടുക്കേണ്ടത്. ഒരു മാസ്റ്റര്‍പീസ് തന്നെ ഉണ്ടാക്കണം. ഒരു അപ്പര്‍കേസ് ലെറ്റര്‍, ഒരു ലോവര്‍ കേസ്, ഒരു നമ്പര്‍, ഒരു ആല്‍ഫ ന്യൂമറിക്, ഒരു ഇമോജി... എന്തൊക്കെ ഉണ്ടേലാ ഇന്ന് ഒരു പാസ്‌വേര്‍ഡ് ഉണ്ടാക്കാന്‍ പറ്റുക.
ഇനി ഉണ്ടാക്കിയാലോ കഴിഞ്ഞ 15 പാസ്വേഡുകളുമായി സാമ്യം ഉണ്ടാകുകയും ചെയ്യരുത്. നിങ്ങള്‍ക്കെങ്കിലും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരു പാസ്‌വേഡ് ഉണ്ടാക്കിയാല്‍ സിസ്റ്റം നിങ്ങളെ നോക്കി കളിയാക്കും. വീക്ക് പാസ്‌വേഡ്. ഇനി ഇതൊക്കെ എങ്ങനേലും ഉണ്ടാക്കിയാലും അതൊക്കെ എങ്ങനെ ഓര്‍ത്തിരിക്കും. എവിടേലും എഴുതിവയ്കാമെന്ന് കരുതിയാല്‍ പേപ്പറും പേനയുമൊന്നും ആരുടേം കയ്യിലില്ലല്ലോ. പിന്നെ ഡിജിറ്റലായി സൂക്ഷിക്കുകയാണ് വഴി. എന്നാല്‍ അങ്ങനെ ചെയ്യരുത് എന്നാണ് മുന്നറിയിപ്പ്. ഫോണിലോ കംപ്യൂട്ടറിലോ പാസ്വേഡുകള് സൂക്ഷിച്ചാല്‍ അത് മോഷ്ടിക്കപ്പെടുമത്രേ. അത്യാവശ്യസമയത്ത് ഏതെങ്കിലും അക്കൗണ്ടില്‍ കയറാന്‍ നോക്കുമ്പോള്‍ പാസ്‌വേഡ് മറന്നാലോ. മൂന്നുതവണ തെറ്റായി അടിച്ചാല്‍ കഥ അതോടെ കഴിയും. പിന്നെ പാസ്‌വേഡ് റീ സെറ്റ് ചെയ്താലേ രക്ഷയുള്ളൂ. പാസ്‌വേഡ് റീസെറ്റ് എവറസറ്റ് ആരോഹണത്തേക്കാള്‍ കഠിനമെന്റയ്യപ്പ.
റീ സെറ്റ് ചെയ്യാന്‍ അമ്മയുടെ പേര് ചോദിക്കുന്നത് മനസിലാക്കാം. നിങ്ങളുടെ ഫസ്റ്റ് ക്രഷിന്റെ പേര്, നിങ്ങളുടെ ആദ്യ വാഹനത്തിന്റ നമ്പര്‍, ഏഴാം ക്ലാസിലെ പത്താം അധ്യായത്തിലെ ഹിന്ദി പദ്യത്തിലെ ആറാമത്തെ വരിയിലെ ആദ്യ വാക്ക് തുടങ്ങിയവയൊക്കെ ചോദിക്കും. ബാങ്കുകളുടെ കാര്യത്തില്‍ ഇത്തരം കോമഡികള്‍ വേറെ ലെവലാണ്. ഒരു ബാങ്ക് 50 സെക്യൂരിറ്റി ക്വസ്റ്റ്യന്‍സാണ് ചോദിക്കുക. അബദ്ധങ്ങളുടെ മാസ്റ്റര്‍പീസാണ് ഈ ചോദ്യങ്ങള്‍. കുട്ടിക്കാലത്തെ നിങ്ങളുടെ സൈക്കിളിലെ ബാസ്‌കറ്റിന്റെ കളര്‍ എന്താണ്, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പഴം തുടങ്ങിയവയൊക്കെ ചോദിച്ചുകളയും. നിങ്ങള്‍ ആദ്യ പാസ്‌വേഡ് ഉണ്ടാക്കിയ സമയത്ത് എന്തൊക്കെയോ ഉത്തരമായി കൊടുത്തിട്ടുണ്ടാകും. പാസ്‌വേഡ് മറന്ന നിങ്ങളുണ്ടോ അതൊക്കെ ഓര്‍ത്തിരിക്കാന്‍ പോകുന്നു.
ഇതെല്ലം കഴിഞ്ഞാല്‍ അടുത്ത ഏറ്റവും വലിയ തമാശ ക്യാപ്ചയുടെ കാര്യത്തിലാണ്. 2003 ലാണ് ഈ കുന്തം കണ്ടുപിടിക്കുന്നത്. എന്തായാലും ഇത് ഒരു ഒന്നൊന്നര കണ്ടുപിടിത്തമായിപ്പോയി. നമ്മളൊക്കെ അങ്ങനെ ഒന്നുമല്ലാതെ ഇല്ലാതായിപ്പോകുന്നത് ഇതിന്റെ മുമ്പില്‍ മാത്രമണ്. Completely Automated Public Turing Test to Tell Computers and Humans Apart എന്നതിന്റെ ചുരുക്കപ്പേരാണ് സംഭവം. കംപ്യൂട്ടറിന് മനുഷ്യനെയും മെഷിനെയും തിരിച്ചറിയാന്‍ വേണ്ടി ഉണ്ടാക്കിയതാണ് ഇവനെ. സ്പാം ബോട്ടുകളില്‍ നിന്ന് രക്ഷിക്കാന്‍ യാഹൂവിലാണത്രേ ഇത് ആദ്യം പരീക്ഷിച്ചത്.
ലോകത്ത് പതിനായിരക്കണക്കിന് കണ്ടുപിടിത്തങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഇതേപോലെ മനുഷ്യരെ വട്ടം കറക്കിയ കണ്ടുപടിത്തം വേറെയുണ്ടാകില്ല. തിയറിറ്റിക്കലി പറഞ്ഞാല്‍ സംഭവം സിമ്പിളാണ്. പക്ഷേ ഫലത്തില്‍ ലോകത്തെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ ഒരു വിഷ്വല്‍ ടോര്‍ച്ചറാണ് ഇത്. പല ക്യാപ്ചകളും പിക്കാസോ രണ്ടെണ്ണം അടിച്ചിട്ട് വരച്ചപോലുണ്ട്. അക്കങ്ങളെയൊക്കെ വളച്ചൊടിച്ച് വച്ചിരിക്കും. ഇതൊക്കെ കണ്ടാല്‍ സാക്ഷാല്‍ പ്രപഞ്ച സൃഷ്ടാവ് വരെ തലകറങ്ങി വീഴും. അക്കങ്ങളുടെ കാര്യം പിന്നെ പോകട്ടെ എന്ന് വിചാരിക്കാം. പക്ഷേ ചിത്രങ്ങളുടെ കാര്യമാണ് ബഹുരസം.
ഭൂതക്കണ്ണാടിവെച്ച് നോക്കിയാല്‍ പോലും മനസിലാകാത്ത വിധത്തില്‍ 10 ചിത്രങ്ങള്‍ നല്‍കിയിട്ട് അതിലെ ട്രാഫിക് ലൈറ്റുകളില്‍ ക്ലിക്ക് ചെയ്യാന്‍ പറയും. നമ്മള്‍ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യും. എബടെ. വീണ്ടും ക്ലിക്ക് ചെയ്യും എബ്‌ടെ. എല്ലാം തെറ്റ്. നമ്മള്‍ യന്ത്രങ്ങളല്ലെന്ന് യന്ത്രത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ യന്ത്രങ്ങള്‍ നമ്മെ നോക്കി പരിഹസിക്കും. നീയൊക്കെ എന്തൊരു മനുഷ്യനാടേ. എന്നാല്‍ ഇത്തരം മെഷിനുകളെയും മല്ലൂസ് പറ്റിക്കും. പാസ്‌വേഡ് മറന്നുപോയാല്‍ ഓര്‍ക്കാനായി incorrect 123 എന്ന വാക്ക് പാസ്‌വേഡ് ആക്കിയ ഒരു സൃഹൃത്ത് ഉണ്ട്. പാസ്‌വേഡ് തെറ്റിയാല്‍ മെഷിന്‍ തന്നെ your password is incorrect എന്ന് ഓര്‍മിപ്പിക്കുമല്ലോ. എങ്ങനുണ്ട് മല്ലൂസ് ബുദ്ധി.
പല പാസ്വേഡും പരീക്ഷിച്ചിട്ടും മെഷിന്‍ സമ്മതിക്കുന്നില്ല. മെഷിന്‍ പറയുവാണ്- your pass word should have minimum 8 characters എന്ന്. അപ്പോള്‍ Minimum 8 characters എന്നത് തന്നെ പാസ്‌വേഡ് ആക്കി. മല്ലൂസിനാടാണോ കളി. സൈബര്‍ സുരക്ഷയ്ക്കായി ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഒട്ടുമിക്ക നടപടികളും നിങ്ങള്‍ക്ക് സുരക്ഷയാണോ ഫീല്‍ ചെയ്യിക്കുന്നത്. അതോ നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ തന്നെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ വന്നിരിക്കുന്ന ആരോ ആണ് എന്ന ഫീലാണോ നല്‍കുന്നത്. സൈബര്‍ സുരക്ഷാ സംവിധാനങ്ങളലൊന്നും ഒരു ഹ്യൂമൻടച്ചുമില്ല. പകരം മെഷിന്‍ മണമാണ്. ഈ മെഷിന്‍ ഡ്രിവണ്‍ നടപടികള്‍ ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടോ. ഹാക്കര്‍മാര്‍ക്ക് വളരെ ബുദ്ധിമുട്ടാണോ ഇവയെ ബ്രേക്ക് ചെയ്ത് നമ്മുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍. ഇതിന് മറുപടി എഴുതാന്‍ എനിക്ക് ശേഷിയില്ല. അറിവുള്ളവര്‍ കമന്റ് ചെയ്താലും.
Content Highlights: password, cyber security circus
Published: 22 Aug 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented