ഓണ്‍ലൈന്‍ തട്ടിപ്പുകളടക്കം വ്യാപകമായ ഇന്നത്തെ കാലത്ത് ഊഹിക്കാന്‍ പ്രയാസമുള്ളതും തകര്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ പാസ്‌വേഡ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മടികാരണം പലരും അതിനൊന്നും മെനക്കെടാറില്ല. ലളിതവും ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്നതുമായ പാസ്‌വേഡുകളാണ് പലരും ഉപയോഗിക്കുന്നത്. 2025-ല്‍ സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കുംവിധം ഏറ്റവും സാധാരണയായി ഉപയോഗിക്കപ്പെട്ട വളരെ ലളിതമായ പാസ്‌വേഡുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് യു.കെ ആസ്ഥാനമായ കണ്‍സ്യൂമര്‍ ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റായ കംപാരിടെക്. 2025-ല്‍ ഡാറ്റാ ചോര്‍ച്ചയ്ക്ക് ഇരയാകുകയും പാസ്‌വേഡ് മോഷ്ടിക്കപ്പെടുകയും ചെയ്ത 200 കോടിയിലധികം അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്.

To advertise here,

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ പട്ടികയില്‍ 'Admin', 'Aa123456', '123', '1234567890', 'password' എന്നിവയാണ് മുന്നില്‍. '123456' എന്ന പാസ്‌വേഡ് 76 ലക്ഷത്തിലധികം ആളുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 'admin' 19 ലക്ഷത്തിലധികം ആളുകളുടെ പാസ്‌വേഡായിരുന്നു. ഏറ്റവും സാധാരണമായ 100 പാസ്‌വേഡുകളുടെ പട്ടികയില്‍ 'India@123' 53-ാം സ്ഥാനത്തുണ്ട്. ഉപയോക്താക്കളുടെ മടിയാണ് പാസ്‌വേഡ് 'ABC, 123' പോലെ നിസാരമാക്കി മാറ്റുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 10 പാസ്‌വേഡുകള്‍ ഇവയാണ്:

  • 123456
  • 12345678
  • 123456789
  • admin
  • 1234
  • Aa123456
  • 12345
  • password
  • 123
  • 1234567890

ശക്തമായ ഒരു പാസ്‌വേഡ് എങ്ങനെ കണ്ടെത്താം

ഓണ്‍ലൈന്‍ അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ കുറച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മൈക്രോസോഫ്റ്റ് നിര്‍ദേശിക്കുന്നത് അനുസരിച്ച് പാസ്വേഡിന് കുറഞ്ഞത് 12 അക്ഷരങ്ങളെങ്കിലും ഉണ്ടായിരിക്കണം. അതില്‍ uppercase letters, lowercase letters അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ സംയോജിച്ചിരിക്കണം. നിങ്ങളുടെ കുടുംബാംഗത്തിന്റെയോ, വ്യക്തിയുടെയോ, ഉല്‍പ്പന്നത്തിന്റെയോ പേര് പാസ്‌വേഡായി ഉപയോഗിക്കരുത് എന്നകാര്യം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതാണ്.

ലൂവ്ര് മ്യൂസിയത്തിലെ ലളിതമായ പാസ്‌വേഡ്

ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിന്റെ പ്രധാന സുരക്ഷാ സംവിധാനം 'LOUVRE' എന്ന എളുപ്പത്തില്‍ ഊഹിക്കാവുന്ന പാസ്‌വേഡ് ഉപയോഗിച്ചാണ് സംരക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ഫ്രാന്‍സിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി (ANSSI) ഒക്ടോബര്‍ 19-ലെ കവര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. നിര്‍മ്മാണത്തൊഴിലാളികളുടെ വേഷവും മോട്ടോര്‍സൈക്കിള്‍ ഹെല്‍മെറ്റും ധരിച്ച നാലംഗ സംഘം ഒരു ചെറി പിക്കര്‍ ഉപയോഗിച്ച് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയില്‍ എത്തി പട്ടാപ്പകലാണ് 900 കോടി രൂപയുടെ ഈ കവര്‍ച്ച നടത്തിയത്.