നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ ചീത്തയും പുച്ഛവും ഇകഴ്ത്തലുമൊക്കെ നേരിടുന്നത് ആരിൽനിന്നാണ്? ചിലർ ഭാര്യയെന്നോ ഭർത്താവ് എന്നോ പറയും. മറ്റു ചിലർ ബോസ് എന്ന്. ജീവിതത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വിമർശനം ഇപ്പോൾ ഭാര്യയിൽനിന്നോ ഭർത്താവിൽനിന്നോ ബോസിൽനിന്നോ അല്ല; കമ്പ്യൂട്ടർ സ്ക്രീനിൽനിന്നോ മൊബൈൽ ഫോൺ സ്ക്രീനിൽനിന്നോ ആണ്. അത് ആവോളം കേൾക്കാൻ പാസ്‌വേഡ് ഒന്ന് തെറ്റിപ്പോയാൽ മാത്രം മതി. വിവാഹ വാർഷികദിനമോ ബർത്ത് ഡേയോ മറന്ന അവസ്ഥയേക്കാൾ ഭീകരം.

To advertise here,

ഒരുകാലത്ത് മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം പ്രണയലേഖനമായിരുന്നു. അത് ആരുടെയെങ്കിലും കയ്യിൽ കിട്ടിയാൽ ജീവിതം തന്നെ അപകടത്തിലാകുമായിരുന്നു. ഇന്ന് പ്രണയലേഖനങ്ങൾ പോയി. പകരം ജീവിതം നിയന്ത്രിക്കുന്നത് എട്ടക്ഷര പാസ്‌വേഡാണ്. സത്യം പറഞ്ഞാൽ, ഇന്നത്തെ മനുഷ്യനെ തട്ടിക്കൊണ്ടുപോകേണ്ട ആവശ്യമില്ല. ‘ജിമെയിലിന്റെ പാസ്‌വേഡ് എന്താണ്?’ എന്ന് ചോദിച്ചാൽ മതി. അഞ്ച് മിനിറ്റിനുള്ളിൽ അവൻ സ്വയം തകർന്നുപോകും.

മനുഷ്യൻ സ്വന്തം ജന്മദിനം മറക്കില്ല. വിവാഹവാർഷികം മറന്നാലും ഭാര്യ ഓർമപ്പെടുത്തും. കുട്ടികളുടെ ജന്മദിനം ഫേസ്ബുക്ക് ഓർമിപ്പിക്കും. പക്ഷേ ബാങ്ക് അക്കൗണ്ടിന്റെ പാസ്‌വേഡ്, ജിമെയിലിന്റെ പാസ്‌വേഡ്, യുപിഐ പിൻ, ഓഫീസിലെ പോർട്ടൽ, നെറ്റ്ഫ്ലിക്സ്, ആധാർ ലിങ്ക് ചെയ്ത അക്കൗണ്ട്... ഇവയൊന്നും ഓർമയിൽ നിൽക്കില്ല.

ഓരോന്നിനും പാസ്‌വേഡ് സംബന്ധിച്ച് വലിയ വലിയ നിബന്ധനകളാണ് ‘ഒരു വലിയ അക്ഷരം വേണം’, ‘ഒരു ചെറിയ അക്ഷരം വേണം’, ‘ഒരു നമ്പർ വേണം’, ‘ഒരു സ്പെഷ്യൽ ക്യാരക്ടർ വേണം’, ‘മുൻപ് ഉപയോഗിച്ച പാസ്‌വേഡ് പാടില്ല!’ അങ്ങനെ ഒടുവിൽ നമ്മൾ ഉണ്ടാക്കുന്ന പാസ്‌വേഡ് കണ്ടാൽ സ്വന്തം മകനുപോലും അത് വായിക്കാൻ പറ്റില്ല. ‘jayakumar@1978#Life$2026!’

ഇത് പാസ്‌വേഡാണോ അതോ ചൊവ്വയിലേക്ക് പോകുന്ന റോക്കറ്റിന്റെ രഹസ്യകോഡാണോ എന്ന് പോലും സംശയം തോന്നും. ഇതൊക്കെ ഓർത്തുവയ്ക്കാൻ ശ്രമിച്ചാൽ തലച്ചോറിന് വേറെ ജോലി ചെയ്യാൻ സമയമില്ല. അതുകൊണ്ടാണ് പലരും ഒരു പഴയ ഡയറിയിൽ പാസ്‌വേഡുകൾ എഴുതി വയ്ക്കുന്നത്. പിന്നെ ആ ഡയറി എവിടെ വെച്ചുവെന്ന് മറക്കും. അതോടെ പാസ്‌വേഡും പോയി, ഡയറിയും പോയി, സമാധാനവും പോയി.

‘Forgot Password’ എന്ന ബട്ടൺ കണ്ടുപിടിച്ച ആളിന് ഒരു സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം. എന്നാൽ, അതും അത്ര എളുപ്പമല്ല. ‘നിങ്ങളുടെ ആദ്യത്തെ സ്കൂളിന്റെ പേര്?’, ‘നിങ്ങളുടെ ആദ്യത്തെ വളർത്തുനായയുടെ പേര്?’, ‘അമ്മയുടെ വിവാഹത്തിന് മുമ്പുള്ള പേര്?’ ഇതൊക്കെ ചോദിക്കുമ്പോൾ സ്വന്തം ചരിത്രം തന്നെ മറന്നുപോകും. ചിലപ്പോൾ തോന്നും, പാസ്‌വേഡ് റീസെറ്റ് ചെയ്യുന്നതിലും എളുപ്പം പത്താം ക്ലാസ് പരീക്ഷ വീണ്ടും എഴുതുന്നതാണെന്ന്.

പാസ്‌വേഡ് മാറ്റണം എന്ന സന്ദേശം വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മൾ ഏറ്റവും തിരക്കിലുള്ള ദിവസമായിരിക്കും അത്. ശമ്പളം അക്കൗണ്ടിൽ വന്ന ദിവസം. യുപിഐ ഉപയോഗിച്ച് പണം അയക്കാൻ പോകുമ്പോൾ. അപ്പോൾ സ്ക്രീനിൽ തെളിയും. ‘Your password has expired!’ ഇതിന് മലയാളത്തിൽ അർത്ഥം ഒന്ന് മാത്രമേയുള്ളൂ. ‘ഇന്ന് നിന്റെ കാര്യം കഴിഞ്ഞു.’ ഓരോ മൂന്ന് മാസത്തിലും പാസ്‌വേഡ് മാറ്റണമെന്ന് പറയുന്ന ഓഫീസുകളുണ്ട്. അവർക്ക് ജീവനക്കാരെ വിശ്വാസമില്ല എന്നല്ല; ജീവനക്കാരുടെ ഓർമശക്തിയിലാണ് പരീക്ഷണം നടത്തുന്നത്.

പുതിയ പാസ്‌വേഡ് ഉണ്ടാക്കുമ്പോൾ കമ്പ്യൂട്ടർ പറയും: ‘Weak Password.’ അപ്പോൾ നമ്മൾ കുറച്ചുകൂടി ശക്തമാക്കും. വീണ്ടും പറയും: ‘Still Weak.’ അവസാനം ലോകത്ത് ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്ത രീതിയിൽ ഒരു പാസ്‌വേഡ് ഉണ്ടാക്കിയാലേ അത് അംഗീകരിക്കൂ. പക്ഷേ, അടുത്ത മാസം അത് നമ്മൾക്കുതന്നെ ഓർമയുണ്ടാകില്ല.

ഇപ്പോൾ വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു സ്വർണ്ണമല്ല. എല്ലാ പാസ്‌വേഡുകളും അറിയുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇന്നത്തെ പല വീടുകളിലും ഏറ്റവും കൂടുതൽ ബഹുമാനം കിട്ടുന്നത് എൻജിനീയറിങ് പഠിക്കുന്ന മകനല്ല, ‘അച്ഛാ... ഫോൺ ഒന്ന് തരൂ’ എന്ന് പറഞ്ഞ് അഞ്ചു സെക്കൻഡിനുള്ളിൽ എല്ലാ അക്കൗണ്ടുകളും തുറക്കുന്ന ആളിനാണ്.

അതുകൊണ്ടാണ് പല വീടുകളിലും പുതിയൊരു ബന്ധം രൂപപ്പെട്ടത്. ‘മോനെ... ആ ബാങ്കിന്റെ പാസ്‌വേഡ് ഒന്ന് നോക്കിക്കൊടുക്ക്.’ മകൻ രണ്ട് സെക്കൻഡിൽ തുറക്കും. അച്ഛൻ അഭിമാനത്തോടെ പറയും. ലോഗരിതം ടേബിൾ വരെ കാണാതെ പഠിച്ചിരുന്ന ടീംസായിരുന്നു ഞങ്ങൾ. ഇപ്പോൾ ഒരു പാസ്‌വേഡ് പോലും ഓർത്തിരിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് അച്ഛൻ നെടുവീർപ്പിടും. മകൻ ചിരിച്ചുകൊണ്ട് പറയും. ‘അത്രയൊന്നും വേണ്ട അച്ഛാ... Caps Lock ഓഫ് ചെയ്താൽ മതി.’

ഒരു കാലത്ത് പ്രണയിനിയുടെ മെസേജിനാണ് ആളുകൾ കാത്തിരുന്നത്. ഇന്ന് ഒ.ടി.പി. മെസേജിനാണ്. രണ്ടിനും ഒരു സാമ്യമുണ്ട്. എപ്പോൾ വരുമെന്ന് പറയാനാകില്ല. വന്നാലോ? വായിച്ചു തീരുന്നതിന് മുമ്പ് കാലാവധി കഴിഞ്ഞിരിക്കും! ഒ.ടി.പി. വന്നാൽ നെറ്റ്‌വർക്ക് കാണാനില്ല. നെറ്റ്‌വർക്ക് വന്നപ്പോഴേക്കും ഒ.ടി.പി.യുടെ ആയുസ്സ് തീർന്നിരിക്കും. പുതിയ ഒ.ടി.പി. ആവശ്യപ്പെട്ടാൽ പഴയതാണ് ആദ്യം എത്തുക. അത് എന്റർ ചെയ്താൽ എക്സ്പയേർഡ് എന്ന് കാണിക്കും. പുതിയത് ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ടാകും. അത് എടുത്ത് എന്റർ ചെയ്യുമ്പോൾ അതിന്റെ കാലാവധിയും കഴിഞ്ഞിട്ടുണ്ടാകും. അതിനിടെ മനുഷ്യന്റെ രക്തസമ്മർദ്ദം മാത്രം കൃത്യസമയത്ത് എത്തും. ക്ഷമ, ദേഷ്യം, പ്രതീക്ഷ, നിരാശ-ഈ നാലും ഒരുമിച്ച് അനുഭവിപ്പിക്കാൻ സാങ്കേതികവിദ്യ കണ്ടുപിടിച്ച ഏറ്റവും വിജയകരമായ പരീക്ഷണമാണ് ഒ.ടി.പി..

പാസ്‌വേഡുകൾ കൊണ്ട് മനുഷ്യൻ ഇത്രയും ബുദ്ധിമുട്ടുമ്പോഴും ഒരു വൈരുധ്യമുണ്ട്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങൾക്ക് പാസ്‌വേഡ് ഒന്നുമില്ല. അമ്മയുടെ സ്നേഹത്തിനോ അച്ഛന്റെ കരുതലിനോ സുഹൃത്തിന്റെ വിശ്വാസത്തിനോ അതില്ല. എന്നാൽ, മാസംതോറും ഒരിക്കൽ മാത്രം കാണുന്ന ഒ.ടി.ടി. അക്കൗണ്ടിന് അഞ്ചുതരം സുരക്ഷാ പരിശോധന!

സാങ്കേതികവിദ്യ ജീവിതം എളുപ്പമാക്കാനാണ് വന്നതെന്ന് നമ്മൾ വിശ്വസിക്കുന്നു. അതിന് മുമ്പ് നമ്മുടെ ഓർമശക്തിയെ പിരിച്ചുവിടാനാണ് അത് തീരുമാനിച്ചതെന്ന് തോന്നും. ഒരുകാലത്ത് അമ്പതും നൂറും ഫോൺ നമ്പറുകൾ മനഃപാഠമായി പറയുന്നവരായിരുന്നു നമ്മൾ. ഇന്ന് സ്വന്തം മൊബൈൽ നമ്പർ പറയാൻ പോലും ഫോൺ എടുത്ത് ‘My Number’ നോക്കണം. ഭാര്യയുടെ നമ്പർ പോലും ഓർമയില്ല; പക്ഷേ ‘Wi-Fi Connected’ എന്ന് കണ്ടാൽ മാത്രമേ മനസ്സിന് സമാധാനമുള്ളൂ. ഇനിയൊരു പത്ത് വർഷം കഴിഞ്ഞാൽ ‘എന്റെ പേര് എന്താണ്?’ എന്ന് ഫോണിനോട് ചോദിച്ചാൽ, ‘Face ID verified... നിങ്ങൾ ജയകുമാർ തന്നെയാണ്’ എന്ന് മറുപടി പറയുന്ന കാലം വന്നാലും അത്ഭുതപ്പെടാനില്ല.

ഇതിനിടയിൽ ഒരു പുതിയ പ്രതീക്ഷ വന്നിട്ടുണ്ട്- ഫിംഗർപ്രിന്റും മുഖം തിരിച്ചറിയുന്ന സംവിധാനവും. വിരലൊന്ന് വെച്ചാൽ അക്കൗണ്ട് തുറക്കും. മുഖം കാണിച്ചാൽ ബാങ്ക് തുറക്കും. എന്നാൽ, ഒരു ദിവസം ഫോൺ പറയും: ‘Face not recognized.’ അപ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വന്തം മുഖം തന്നെ സംശയത്തോടെ നോക്കും. ‘ഇത്ര വർഷം കൂടെ ജീവിച്ചിട്ടും എന്നെ തിരിച്ചറിയുന്നില്ലേ?’.

ഡിജിറ്റൽ യുഗം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ഇതാണ്. മനുഷ്യന്റെ സ്വാതന്ത്ര്യം ഇന്ന് ഒരു പാസ്‌വേഡിന്റെ നീളത്തിലും ഒരു ഒ.ടി.പി.യുടെ കാലാവധിയിലും ഒതുങ്ങിയിരിക്കുന്നു. നമ്മൾ മൊബൈൽ ഉപയോഗിക്കുകയാണെന്ന് കരുതുന്നു. യഥാർത്ഥത്തിൽ മൊബൈലാണ് നമ്മെ ഉപയോഗിക്കുന്നത്. അത് പറയുമ്പോൾ നമ്മൾ എഴുന്നേൽക്കും, അത് ശബ്ദിക്കുമ്പോൾ ഓടിച്ചെന്ന് എടുക്കും, അത് ചാർജ് തീർന്നാൽ നമ്മുടെ ഊർജവും തീരും. ഒരുകാലത്ത് മനുഷ്യൻ യന്ത്രങ്ങളെ കണ്ടുപിടിച്ചു. ഇന്ന് യന്ത്രങ്ങളാണ് മനുഷ്യനെ നടത്തുന്നത്.

അതിനിടയിലും ജീവിതത്തിന്റെ മധുരം മറക്കരുത്. പാസ്‌വേഡ് മറന്നാൽ ‘Forgot Password’ അമർത്തിയാൽ മതിയാകും. പക്ഷേ, മനുഷ്യബന്ധങ്ങൾ മറന്നുപോയാൽ അതിന് ഒരു ‘Reset’ ബട്ടണുമില്ല. അതുകൊണ്ട് പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കൂ; അതിലും കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് മനുഷ്യരെ മനസ്സിൽ സൂക്ഷിക്കുന്ന ഓർമകളാണ്. കാരണം ഒടുവിൽ, ബാങ്ക് അക്കൗണ്ട് തുറക്കാൻ ഒരു പാസ്‌വേഡ് മതി. എന്നാൽ ജീവിതം തുറക്കാൻ വേണ്ടത് ഒരു നല്ല മനസ്സാണ്.