ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും തമ്മിൽ ന്യൂഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം പ്രധാന ചർച്ചാവിഷയമാകും. സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിയുടെ ഭാഗമായാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ സൈനിക-സാങ്കേതിക സഹകരണത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
2018-ൽ ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ കരാർ പ്രകാരം അഞ്ച് എസ്-400 ട്രയംഫ് സംവിധാനങ്ങളിൽ മൂന്നെണ്ണം ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സംവിധാനങ്ങൾ ഈ വർഷംതന്നെ നൽകുമെന്നും ഇക്കാര്യം പൂർണ്ണമായും നിറവേറ്റാൻ റഷ്യ സജ്ജമാണെന്നും പെസ്‌കോവ് അറിയിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ നിരയിലെ പ്രധാന ഘടകമായ എസ്-400 കൂടുതൽ വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ നേരത്തെ അംഗീകാരം നൽകിയിരുന്നു.
റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ എസ്.യു-57 ഇന്ത്യയ്ക്ക് വിൽക്കുന്ന കാര്യം അജണ്ടയിലുണ്ടെന്ന് റഷ്യ സ്ഥിരീകരിച്ചു. കേവലം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിലുപരി, സാങ്കേതികവിദ്യ സ്വന്തമാക്കാനാണ് ഇന്ത്യൻ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും താല്പര്യപ്പെടുന്നത്. തദ്ദേശീയ നിർമ്മാണത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് ഇതിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും സുപ്രധാന സൈനിക സാങ്കേതികവിദ്യകൾ പരസ്യമായി ചർച്ച ചെയ്യാനാകില്ലെന്നും റഷ്യ വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനം കൂടുതൽ ശേഷിയുള്ളതും കാര്യക്ഷമവുമാക്കാൻ നവീകരിക്കും. ഇത് ഇന്ത്യയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം പ്രതിരോധ ഉൽപ്പന്നങ്ങളുടെ പ്രധാന കയറ്റുമതിക്കാരായി മാറാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് കരുത്തേകും. ഇന്ത്യയിൽനിന്ന് ബ്രഹ്‌മോസ് വാങ്ങാൻ ഒട്ടേറെ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. കിഴക്കനേഷ്യൻ രാജ്യങ്ങളിലും ലാറ്റിനമേരിക്ക, ഗൾഫ്,ആഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് മിസൈലിൽ താത്പര്യം വർധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചർച്ച നിർണായകമാകുന്നത്.
പരമ്പരാഗതമായി റഷ്യയിൽനിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന ബന്ധത്തിൽനിന്ന് മാറി, അമേരിക്ക, ഫ്രാൻസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യ ആയുധ ശേഖരം വൈവിധ്യവത്കരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. സാങ്കേതികവിദ്യ കൈമാറ്റത്തിനും സംയുക്ത ഉൽപ്പാദനത്തിനും പ്രാധാന്യം നൽകുന്ന ഇന്ത്യ-റഷ്യ സൈനിക സഹകരണത്തിന്റെ പുതിയ അധ്യായത്തിന് സെപ്റ്റംബർ 11-ലെ കൂടിക്കാഴ്ച തുടക്കമിടുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Modi and Putin will meet at the BRICS summit in New Delhi to discuss defense cooperation, focusing on military-technical collaboration between India and Russia.
Published: 09 Sept 2026, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented